Wednesday, 22 August 2007

രാജീവ്‌ ഗാന്ധിയുടെ കൊലപാതകം: മിഷന്‍ അബൂട്ടി!

നിത്യവുമെന്ന പോലെയന്നും അബുട്ടി നേരെ എം.എല്‍.എ കുഞ്ഞാക്കയുടെ വീട്ടിലെത്തി. വീടിന്റെ കോലായിലെ അരപ്പടിയില്‍ തൂണും ചാരിയിരുന്ന്‌ മനോരമ-മംഗള-മാതൃഭൂമി-മാധ്യമ ദിനപത്രങ്ങള്‍ ഓരോന്നായി മടക്കിപിടിച്ച്‌ പാരായണമാരംഭിച്ചു.

"ദക്കൊറിയ സമനിലയില്‍." - എന്നുവായിച്ച്‌ അന്തം വിട്ട്‌ അബുട്ടി ചുറ്റും നോക്കി ചിരിച്ചിട്ട്‌ മുറ്റത്തൂടെ പോയ പിള്ളേരോട്‌:

"ഏതോ ദക്കറിയക്ക്‌ സമനില വന്നതുവരെ പത്രത്തില്‌ വന്ന്‌. ഞമ്മളിവിടെ പണ്ടെന്നോ പിരാന്തായതിന്‌ പിരാന്തനായി. സമനില ആയപ്പോളോ ഒരു #$%%-നുമില്ല പത്രത്തിലിടാന്‍."

പിള്ളേരോടി പോയി.

"രാജീവ്‌ ഗാന്ധിയുടെ കൊലപാതകം: പിന്നില്‍ കറുത്ത കൈകള്‍" - അബുട്ടി ഇരുകൈകളും തിരിച്ചും മറിച്ചും സൂക്ഷിച്ച്‌ നോക്കി. മുഖത്ത്‌ ഭീതി കൂടി.

"ഹേയില്ല. ഇതത്ര കറുപ്പില്ല. ഇനിയിപ്പോ പിന്നാമ്പുറത്ത്‌ കറുത്ത കൈ ഉള്ള പഹയന്മാര്‍ ഉണ്ടോ?"

അബുട്ടി തിരിഞ്ഞു നോക്കി. എം.എല്‍.എ കുഞ്ഞാക്കയുടെ അനുജന്‍ തടിമില്ല്‌ നടത്തുന്ന തടിയനായിട്ടുള്ള മമ്മുക്ക പൗഡര്‍ മുഖത്ത്‌ പൂശികൊണ്ട്‌ ഖദര്‍ കുപ്പായമിട്ട്‌ കോലായിലെത്തി.

"ആ അതുശരി. കറുത്ത കൈ പൗഡറിട്ട്‌ വെളുപ്പിച്ചാല്‍ ആരുമറിയില്ലാന്നാ വിചാരം!"

അബുട്ടി നാക്ക്‌ കടിച്ച്‌ മന്ത്രിച്ച്‌ പറഞ്ഞു.

മമ്മു വാച്ചില്‍ നോക്കി. നേരമുണ്ടിനിയും. പത്രം വായിച്ചുകളയാമെന്ന്‌ കരുതി. കോലായിലെ ചൂരല്‍ നിര്‍മ്മിത ചാരുകസേരയില്‍ ചാഞ്ഞിരുന്ന്‌ 'മ'പത്രക്കൂട്ടത്തിലെ ഒരു 'മ' എടുത്ത്‌ മടക്കിനിവര്‍ത്തി.

അബുട്ടി എഴുന്നേറ്റ്‌ തൂണിനു പിറകില്‍ പമ്മി നിന്നു. മമ്മുക്കയെ സംശയദൃഷ്‌ടിയോടെ നോക്കിയിട്ട്‌ പത്രത്തിലെ 'കറുത്ത കൈകള്‍' എന്ന ശീര്‍ഷകത്തിലും മമ്മുക്കയുടെ പൗഡര്‍ പുരണ്ട കൈകളിലും മാറിമാറി നോക്കി കഴുത്തുളുക്കി നിന്നു. മുറ്റത്തെ കുട്ടീടെ അപ്പകഷ്‌ണത്തില്‌ ചെരിഞ്ഞു നോക്കുന്ന കാക്കയെ പോലെയായി അബുട്ടിയുടെ കഴുത്തുളുക്കിയിട്ടുള്ള ചെരിഞ്ഞുനോട്ടവും.

'ഇപ്പം മമ്മൂവിനെ പോലീസില്‌ കൊടുത്താല്‌ നല്ലോം പണം കിട്ടും. ഉറപ്പാ. എന്നെപോലത്തെ സാദാ ഊക്കിലിയെ അല്ലാ ആ കറുത്ത കൈകള്‍ കൊന്നതേയ്‌. രാജീവ്‌ ഗാന്ധിയേണ്‌. ആഹാ..!'

റോഡിലിറങ്ങിയിട്ട്‌ അപ്പുറത്തെ അലവിക്കാന്റെ പീട്യേലും മലപ്പുറം ഹാജ്യാരുടെ അവിടെ പോയിട്ട്‌ എല്ലാ ചുമട്ടുതൊഴിലാളീസിനേം വിളീച്ചു വരാനുള്ള 'ബുദ്ധി' അബുട്ടിയുടെ തലയിലുദിച്ചു.

അബുട്ടീടെ ചിത്തഭ്രമചിന്തകള്‍ ധാരധാരയായൊഴുകാന്‍ തുടങ്ങി. പതുക്കെ മമ്മു കാണാണ്ട്‌ പിന്നാമ്പുറത്തൂടെ മുറ്റത്തിറങ്ങിയ അബുട്ടിയെ മുറ്റത്ത്‌ ചിക്കിചികയുന്ന പിടക്കോഴിയും കുഞ്ഞുങ്ങളും കണ്ടു. അവ ഒച്ചയുണ്ടാക്കി അപ്പുറത്തെ ജോയി ഡോക്‌ടറുടെ പറമ്പിലേക്ക്‌ പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെട്ടു.

വല്ല കുറുക്കനോ കീരിയോ വന്നോ എന്നറിയാന്‍ മമ്മുക്ക തിരിഞ്ഞുനോക്കി. അബുട്ടിയെ അന്നേരമാണ്‌ ശ്രദ്ധിച്ചതും. ഉടനെ..

"ആരിത്‌ അബുട്ടിയോ. നീ പോയിട്ടേയ്‌ ഞമ്മളെ അലവിക്കാന്റെ ചായപ്പീട്യേന്ന്‌ ഒരു ചായ കൊണ്ടുവാ. നീയും ഒരു ചായ അവിടന്നും വാങ്ങീട്ട്‌ കുടിച്ചോളൂ."

"ഉം കുടി കുടീ.. അന്റെ ഒടുക്കത്തെ ചായകുടിയല്ലേ. ഇനി ഗോതമ്പുണ്ട തിന്നാല്ലോ..'

അബുട്ടി മനസ്സില്‍ മന്ത്രിച്ചുകൊണ്ട്‌ വെളുക്കെ ചിരിച്ചോണ്ട്‌ മമ്മുക്കാന്റെ കൈയ്യീന്നും ചായപൈസ മേടിച്ചു. എന്നിട്ട്‌..

'ഞാന്‍ പോയിട്ട്‌ എന്റെ ചായ കുടിച്ച്‌ വരാം. മമ്മുക്കാന്റെ ചായ മമ്മുക്ക തന്നെ പോയി കുടിച്ചാമതി.'

ഇതുവരെ കാണാത്ത കേള്‍ക്കാത്ത അബുട്ടിയെ ശ്രദ്ധിച്ച്‌ അന്തം പോയ മമ്മുക്ക അങ്ങിനെ തന്നെ ഇരുന്ന്‌ അബുട്ടി ഓടിപോയ വഴിയില്‍ കണ്ണും നട്ടങ്ങനെ..

ശേഷം ചിന്ത്യം..

17 comments:

 1. "രാജീവ്‌ ഗാന്ധിയുടെ കൊലപാതകം: പിന്നില്‍ കറുത്ത കൈകള്‍!" - നിങ്ങള്‍ക്കുവേണ്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!

  ReplyDelete
 2. "രാജീവ്‌ ഗാന്ധിയുടെ കൊലപാതകം: മിഷന്‍ അബൂട്ടി.... കറുത്ത കൈകള്‍..... ഇതല്ലേ നല്ല തല വാചകം...

  ReplyDelete
 3. ശേഷം ചിന്തിക്കാനൊന്നും നേരമില്ല.
  ബാക്കി എഴുത് ഏറനാടാ

  ReplyDelete
 4. ബാക്കി അചിന്ത്യ.

  ഇനിയുണ്ടോ ഏറനാടാ.
  ബാക്കി വായിക്കാനൊരു കൊതി.

  -സുല്‍

  ReplyDelete
 5. കൊള്ളാം ഇത് പണ്ടാരോ മതിലിനപ്പുറത്തുകൂടി വാഴക്കുലയും തലയില്‍ വച്ച് പോകുന്ന കണ്ടപ്പോള്‍ ‘കൊല നടക്കുന്നു’ എന്ന് പറഞ്ഞതുപോലെയായല്ലോ. അബൂട്ടി തന്നെയായിരിക്കുമോ അത് പറഞ്ഞത്? ;)

  ReplyDelete
 6. ഏറനാടാ....
  ഒന്നു ഞെട്ടി..
  ഏതായാലും അടുത്തത് പോരട്ടെ..

  ReplyDelete
 7. അബുട്ടിയുടെ ‘സമനില’ രസിച്ചു :)

  ReplyDelete
 8. നന്നായിട്ടുണ്ട്‌..
  അഭിനന്ദനങ്ങള്‍

  ReplyDelete
 9. ഹാഹാ..അതു രസിച്ചു.
  മഴ്ത്തുള്ളിയുടെ കമന്‍റും രസികന്‍‍.:)

  ReplyDelete
 10. സമനിലയാണ് കൂടുതല്‍ നന്നായത്..

  ReplyDelete
 11. കുറച്ചു കൂടെ നന്നാക്കണ്ടേ സാര്‍...
  ഇവിടെ അബൂട്ടിക്കായുടെ ഗ്ലാമര്‍ കുറച്ച് കുറഞ്ഞു.
  :)
  സുനില്‍

  ReplyDelete
 12. കലക്കി ഏറനാടാ. തുടരട്ടങ്ങനെ തുടരട്ടെ

  :ആരോ ഒരാള്‍

  ReplyDelete
 13. ഏറൂ..ഇത്‌ കലക്കി...
  ആ സമനില തന്നെ ബെസ്റ്റ്‌..
  അടുത്തത്‌ ഭാഗം കണ്ടു..വായിക്കട്ടെ...

  ReplyDelete
 14. ജീമനു,
  അറക്കല്‍ ഷാന്‍,
  ഇക്കാസ്‌ മെര്‍ച്ചന്റ്‌,
  ശ്രീ,
  സുല്‍,
  മഴത്തുള്ളി,
  കുട്ടന്‍സ്‌,
  അഗ്രജന്‍,
  ദ്രൗപതി,
  വേണു,
  കുതിരവട്ടന്‍,
  മൂര്‍ത്തി,
  എന്റെ ഉപാസന,
  ആരോ ഒരാള്‍,
  സാന്‍ഡൂസ്‌

  എല്ലാവര്‍ക്കും നന്ദി നമസ്തേ.. എല്ലാ സുഹൃത്തുക്കള്‍ക്കും നന്മയുടെ സമൃദ്ധിയുടെ ഓണാശംസകള്‍ നേരുന്നു..

  ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com