Saturday 20 August 2011

ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്ന നാടന്‍വഴികളിലൂടെ..

പ്രിഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ്‌ ഒന്നാം ചാന്‍സില്‍ പാസ്സായി കിട്ടിയ മാര്‍ക്കിലെ അക്കം കണ്ട് കോളേജുകാര്‍ ആരും  ഒരു  സീറ്റ്‌ തരില്ല എന്നായപ്പോള്‍ നാട്ടിലെ പാരലല്‍ കോളേജ്‌ ആയ ക്ലാസിക്കിന്റെ പ്രൊപ്രൈറ്റര്‍ കം പ്രിന്‍സിപ്പല്‍ സോണിസാര്‍ സന്തോഷപൂര്‍വ്വം  നീട്ടിത്തന്ന ബെഞ്ചിലെ ഒരു സീറ്റില്‍ ഞാന്‍ ഡിഗ്രിക്ക് ഇരുന്നു. പാരലല്‍ കോളേജിലെ ഗ്ലാമര്‍ വിഭാഗമായ ഇംഗ്ലീഷ്‌ സാഹിത്യക്ലാസില്‍ ആകെ പതിനഞ്ച് വിദ്യാര്‍ഥികള്‍ മാത്രമുണ്ടായിരുന്നു. ഏഴാണ് എട്ടു പെണ്ണ്.

ജലീല്‍ സായിബ്‌ വാടകയ്ക്ക് കൊടുത്ത മൂപ്പരുടെ വലിയ തറവാടിന്റെ ഒരു ഭാഗവും പിന്നെ മുറ്റത്ത്‌ കെട്ടിപ്പൊക്കിയ ഷെഡിലും ആണ് ഈ സമാന്തരകോളേജ്‌ പ്രധാനകെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. കൂടുതല്‍ കുട്ടികളെ ഉള്‍കൊള്ളാന്‍ കഴിയാഞ്ഞപ്പോള്‍ അല്പം അകലെയുള്ള ഹരിജനഹോസ്റ്റല്‍ ഉണ്ടായിരുന്ന കാലികെട്ടിടവും സമീപമുള്ള സുന്നിമദ്രസകെട്ടിടവും കൂടെ വാടകയ്ക്ക് എടുത്ത് ക്ലാസിക്‌ വിപുലീകരിച്ചു. ഒന്നാം ഡിഗ്രി ക്ലാസ്സില്‍ പ്രവേശിച്ച എനിക്ക് എന്തെന്നില്ലാത്ത അനുഭൂതി ഉളവായി. പണ്ട് ഓത്ത് പഠിക്കാന്‍ ഇരുന്ന മദ്രസയിലെ അതേ ക്ലാസ്സില്‍ വീണ്ടും വിധിയാല്‍ ഞാന്‍ എത്തപ്പെട്ടിരിക്കുന്നു!

കറുത്ത പെയിന്‍റ് അടിച്ച പാര്‍ട്ടിഷന്‍ ബോര്‍ഡ്‌ കൊണ്ട് ക്ലാസുകള്‍ തരംതിരിച്ചിരിക്കുന്നു. അതില്‍ ഏതോ കുസൃതികള്‍ ഉണ്ടാക്കിയ തുളകളിലൂടെ തൊട്ടപ്പുറം ഇരിക്കുന്ന തരുണീമണികളെ കാണാം. എസ് എം എസ്, ഈമെയില്‍ , ഫെയിസ്ബുക്ക്, ഓര്‍ക്കൂട്ട് ഇല്ലാത്ത അക്കാലത്ത് സന്ദേശങ്ങള്‍ അയക്കാനുള്ള മാര്‍ഗങ്ങള്‍ ഇത്തരം തുളകള്‍ ആയിരുന്നല്ലോ..

തൊട്ടപ്പുറത്തെ വീടുകളില്‍ നിന്നും ഉച്ചയാവാന്‍ നേരം മൂക്കില്‍ തുളച്ചെത്തുന്ന പൊരിച്ച മീന്‍മണം വിശപ്പിന്റെ വിളികൂട്ടി. ക്ലാസ്‌ എടുക്കുന്ന ബാബുമാഷിന്റെ വായില്‍ നിന്നും ഉമിനീര്‍ ഇടയ്ക്ക് തെറിച്ച് വീണു മുന്നില്‍ ഇരിക്കുന്ന കുട്ടികളുടെ പുസ്തകതാളുകള്‍ നനവൂറി. സമീപ പ്രദേശങ്ങളില്‍ നിന്നും ഇടയ്ക്കിടെ ഉയര്‍ന്നു കേള്‍ക്കുന്ന ആട്, പശു, കോഴി, താറാവ് ശബ്ദങ്ങള്‍ ഞങ്ങള്‍ കാനനത്തിലെ ഒരു പര്‍ണശാലയില്‍ ആണോ ഇരിക്കുന്നത് എന്ന് തോന്നിപ്പിച്ചു. രാവിലെ ചാലിയാര്‍ പുഴയിലേക്ക്‌ അലക്കാനുള്ള വസ്ത്രങ്ങളുമായി കലപില സംസാരിച്ച് പോകുന്ന നാട്ടിലെ സ്ത്രീസംഘത്തെ നോക്കി ക്ലാസില്‍ ഇരുന്നു ഇംഗ്ലീഷ്‌ കവിതകളും കഥകളും പഠിക്കാന്‍ ഒരു രസമുണ്ട്.

അന്നൊക്കെ ഷിഫ്റ്റ്‌ ക്ലാസ്‌ ആയിരുന്നു. ഉച്ച കഴിഞ്ഞാല്‍ ഞാന്‍ ഉപ്പയെ ഉറങ്ങാന്‍ സഹായിക്കും. എങ്ങനെയെന്നോ? നിലമ്പൂരില്‍ ആദ്യമായി ആട്ടോമാറ്റിക് ഫോട്ടോസ്റ്റാറ്റ് കം ടൈപ്പിംഗ് സെന്‍റര്‍ തുറന്നത് ദേശത്ത് നിന്നും ആദ്യമായി ഗള്‍ഫില്‍ പോയി തിരികെവന്ന ഉപ്പയാണ്. ഗള്‍ഫില്‍ നിന്നും ശീലിച്ച ഉച്ചയുറക്കം ഉപ്പ മുടക്കാറില്ല. ഊണ് കഴിഞ്ഞാല്‍ ഉപ്പ ഉറങ്ങാന്‍ പോകും. ഞാന്‍ കടയില്‍ ഇരിക്കും. തറവാട്ടുവീടിന്റെ മുന്നിലുള്ള ചില്ല് വെച്ച കടയുടെ അപ്പുറത്തെ മുറി ഒരു ഫര്‍ണിച്ചര്‍ ഷോപ്പാണ്. നമ്മുടെ കടയില്‍ ഏതോ ഹോട്ടലുകാര്‍ വിറ്റ കണ്ണാടിഷെല്‍ഫുകള്‍ രണ്ടെണ്ണം ഉണ്ട്. അതില്‍ നിറയെ പല വലിപ്പത്തിലുള്ള എന്‍വലപ്പുകള്‍ , പി.എസ്.സി. അപേക്ഷകള്‍ എന്നിവയാണ്.  മൂന്ന് ചൂരല്‍കസേരകള്‍ ഇട്ടിട്ടുണ്ട്. (മുന്‍പ്‌ തറവാട്ട് കോലായില്‍ ആയിരുന്നു അവ). ഒരു പാര്‍ട്ടിഷന്‍ ചെയ്ത് അപ്പുറത്ത് വെച്ച മേശമേല്‍ ഒരു ഇലക്ട്രിക്‌ ടൈപ്പ്റൈറ്റര്‍ (ഒലിവെറ്റി), മറ്റൊരു മേശമേല്‍ വെച്ച ഫോട്ടോസ്റ്റാറ്റ് മെഷീന്‍ (റിക്കോ). പിന്നെ പേപ്പര്‍ കട്ടര്‍ , മറ്റ് സ്റ്റേഷനറി സാമഗ്രികള്‍ . എമര്‍ജന്‍സി വന്നാല്‍ വിളിക്കാന്‍ തറവാട്ടിലെ കാളിംഗ്ബെല്‍ സ്വിച്ച് സ്ഥാപിച്ചിട്ടുണ്ട്.

വല്ലപ്പോഴും കോപ്പി എടുക്കാന്‍ വരുന്നവരെ ഒഴിച്ചാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ കടയില്‍ ഇരുന്ന് പത്രമാസികകള്‍ യഥേഷ്‌ടം വായിച്ച് ഇരിക്കാം. ഫാനിന്റെ കാറ്റില്‍ വേണമെങ്കില്‍ ഉറങ്ങാം. മിക്കദിവസവും പി.എസ്.സി ബുള്ളറ്റിന്‍ നോക്കുവാന്‍ വരാറുള്ള കൂട്ടുകാര്‍ ഉണ്ടായിരുന്നു. അവരുമായി സിനിമാ-രാഷ്ട്രീയ ചര്‍ച്ചകള്‍ ചിലപ്പോള്‍ ചൂടേറും. റോഡിന്റെ അപ്പുറത്തുള്ള അബ്ദുറയുടെ തട്ടുകടയില്‍ നിന്നും നാലുമണി ചായ, കടി എന്നിവ വരുത്തി ഞങ്ങള്‍ കഴിക്കും. പൈസ കടയിലെ കളക്ഷനില്‍ നിന്നും അടിച്ചുമാറ്റും. Fast-N-First എന്ന പേരുപോലെതന്നെ ഈ കടയും വേഗം പൂട്ടേണ്ടിവന്നത് ഇതുകൊണ്ടല്ല. മിക്കദിവസവും മെഷീന്‍ പണിമുടക്കും. നന്നാക്കാനുള്ള ആള് കൊച്ചിയില്‍ നിന്നും വരണം. ഒടുക്കം അടക്കേണ്ടിവന്നു. കട ആരംഭിച്ച ദിവസം എനിക്കോര്‍മ്മ വന്നു...

കട തുടങ്ങാന്‍ പോകുന്ന വിവരം ഒരു ജീപ്പും മൈക്ക്‌സെറ്റും വാടകയ്ക്ക് എടുത്ത് നാട്ടിലെ മികച്ച ശബ്ദതാരം നാടകക്കാരന്‍ അസീസിനെ ഏര്‍പ്പാടാക്കി. അസീസിന് എന്റെ ഉപ്പ കുറെ നിര്‍ദേശങ്ങള്‍ നല്‍കി. കൂടുതല്‍ സാഹിത്യമൊന്നും വിളമ്പേണ്ട സംഗതി മാത്രം പറഞ്ഞാല്‍ മതി. തലകുലുക്കിയ അസീസിനെ വിശ്വാസം പോരാഞ്ഞ് എന്നെയും ഏട്ടനേയും കൂടെ വിട്ടു.

ജീപ്പ്‌ പോകുന്നതും നോക്കി ഉപ്പ നിന്നു. അസീസ്‌ അപ്പോഴൊന്നും തന്റെ പരിപാടി തുടങ്ങിയില്ല. ജീപ്പ്‌ ഏറെദൂരം പിന്നിട്ടപ്പോള്‍ അസീസ്‌ തന്റെ നാടകശൈലിയില്‍ വിളംബരം തുടങ്ങി. ജീപ്പില്‍ തൂങ്ങിപ്പിടിച്ചുനിന്ന ഞങ്ങള്‍ നോട്ടിസുകള്‍ വാരിവിതറി നാട്ടുപാതയിലൂടെ പാഞ്ഞു.

"മാന്യമഹാജനങ്ങളേ, നാരിമാരേ, അമ്മമാരേ, പെങ്ങമ്മാരേ പച്ചപ്പട്ടു വിരിച്ച കിഴക്കന്‍ ഏറനാടിന്റെ രോമാഞ്ചമായ നമ്മുടെ മാമലനാടായ നിലമ്പൂരില്‍ ആദ്യമായി ആരംഭിക്കുന്ന കട. ഏതു ഭാഷയിലുമുള്ള പ്രമാണങ്ങള്‍ , പ്രണയലേഖനങ്ങള്‍ , കടലാസുകള്‍ നിമിഷനേരം കൊണ്ട് കോപ്പി അടിക്കാനുള്ള അത്യാധുനിക ജപ്പാന്‍ സാങ്കേതികവിദ്യ നമ്മുടെ നാട്ടില്‍ ഇതാ ഇതാ.. കടന്നുവരൂ മടിച്ചു നില്‍ക്കാതെ നാളെ മുതല്‍ ആരംഭിക്കുന്ന പാഷ്റ്റ് എന്‍ പഷ്ട് പോട്ടോസ്റ്റാറ്റ്.."

സാഹിത്യം കൂലംകുത്തിയൊഴുകുന്ന അസീസിന്റെ ശബ്ദം നാട്ടിലെങ്ങും അലയടിച്ചു. തിരികെ വന്ന് ജീപ്പ്‌ നിന്നപ്പോള്‍ ഉപ്പ കാത്ത്‌ നില്പുണ്ടായിരുന്നു. ചെക്കിങ്ങിനു അയച്ച എന്നോടും എട്ടനോടും ഉപ്പ ചോദിച്ചു. അസീസ്‌ കുളം ആക്കിയോ? ഞങ്ങള്‍ പറഞ്ഞു. ഇല്ല ഞങ്ങള്‍ക്ക്‌ ഒന്നും മനസ്സിലായില്ലാന്നു..

കട തുടങ്ങിയ ആദ്യനാളില്‍ അടുത്തുള്ള മിഠായിഅലവിക്കയുടെ കടയില്‍ നിന്നും ഫ്രൂട്ടി ജ്യൂസ് നാല് ഡസന്‍ മേടിച്ച് വന്നവര്‍ക്ക് ഒക്കെ കൊടുത്തു. ബാക്കിയുള്ളത് ഉപ്പ എന്റെ കൈയ്യില്‍ തന്നിട്ട് അടുത്തുള്ള തപാലാപീസിലും പഞ്ചായത്ത് ആപീസിലും കൊണ്ട്കൊടുക്കാന്‍ ഏല്പിച്ചു. അതുമായി ഞാന്‍ അവിടെ കയറിചെന്നപ്പോള്‍ പല സ്റ്റാഫുകളും എന്നെ ആട്ടിവിടാന്‍ ആണ് ശ്രമിച്ചത്.

"ഹേ. ഇതൊന്നും ഇവിടെ വില്‍ക്കാന്‍ പാടില്ല. കൊണ്ടുപോ.."

"വില്‍ക്കാനല്ല. ഇത് ഫ്രീയാ. ഞങ്ങള്‍ തുടങ്ങിയ കടയുടെ ഉദ്ഘാടനം."

ഇത്കേട്ടതും സ്റ്റാഫുകള്‍ പലരും ചാടിവന്ന് ഫ്രൂട്ടി ജ്യൂസ് കൈക്കലാക്കി ചിരിച്ചു നിന്നു.

ആദ്യം ഉപ്പ തുടങ്ങിയത് ഒരു മലഞ്ചരക്ക് വ്യാപാരം ആയിരുന്നു. ഏറനാട്ടിലെ പല കൃഷിക്കാരും കുരുമുളക്, ചുക്ക്, അടക്ക, റബ്ബര്‍ എല്ലാം താങ്ങിപ്പിടിച്ച് കടയില്‍ കൊണ്ടുവരും. അവരുടെ വിയര്‍പ്പും ക്ഷീണവും കാണുമ്പോള്‍ അലിവ് തോന്നിയ ഉപ്പ അവര്‍ക്ക്‌ അങ്ങാടിനിലവാരം നോക്കാതെ നല്ല വില നല്‍കും. എന്നിട്ട് തൂക്കിവാങ്ങുന്ന കുരുമുളക്, അടയ്ക്ക, ചുക്ക് എന്നിവ ടെറസ്സില്‍ നിരത്തിയിട്ട് കുടുബക്കാരായ സൈനാത്തയേയും ഭര്‍ത്താവ്‌ കാദര്‍ക്കയെയും ദിവസക്കൂലിക്ക് നിറുത്തി ഉണക്കിയെടുക്കും. മേടിച്ച സമയത്തുള്ള തൂക്കം പകുതിയെങ്കിലും കുറഞ്ഞിട്ടുണ്ടാവും. പിന്നെ അതെല്ലാം ചാക്കിലാക്കി വാടകയ്ക്ക് പിടിച്ച ജീപ്പില്‍ പെരിന്തല്‍മണ്ണയില്‍ കൊണ്ടുപോയി വില്‍ക്കുമ്പോള്‍ മിച്ചം തുച്ഛം ആയിരിക്കും. അങ്ങനെ ആ കട വേഗം പൂട്ടേണ്ടിവന്നു.

ആയിടയ്ക്ക്, ഉപ്പ നിസ്കരിക്കാന്‍ പോയനേരം എന്റെ കൂട്ടുകാര്‍ എന്റെ അടുത്ത് വന്നു. ഒരു ഐഡിയ തന്നു. ഞാന്‍ അവര്‍ക്ക്‌ കുറച്ചു കുരുമുളക്  വാരി കവറില്‍ ആക്കികൊടുത്തു. അവര്‍ അതുംകൊണ്ട് പോയി. പള്ളിയില്‍ നിന്നും വന്ന ഉപ്പ കടയില്‍ ഇരിക്കുമ്പോള്‍ കൂട്ടുകാര്‍ ആ കവറുമായി വന്നു. ഉപ്പയ്ക്ക് കൊടുത്തു. ഉപ്പ അത് മേടിച്ചു തൂക്കിനോക്കി. ഒരു കിലോ ഉണ്ടാവും. കാശ് കൊടുത്തതും അതുമായി അവര്‍ സ്ഥലം കാലിയാക്കി. അതിന്റെ ഒരു ഷെയര്‍ വൈകിട്ട് കൂട്ടുകാര്‍ എനിക്കും തന്നിരുന്നു.

ഇങ്ങനെ കഴിയവേ കൂട്ടുകാരന്‍ ചുണ്ടിയന്‍ എന്ന ചെങ്ങായി (ശരിക്കുള്ള പേര്‍ പറയുന്നില്ല. അവന്‍ കേസ്‌ കൊടുത്താലോ?) ഉച്ചനേരം മിക്കവാറും കടയില്‍ വന്നു 'ഒലിവെട്ടി' ടൈപ്പ്റൈറ്ററില്‍ പേപ്പര്‍ വെച്ച് ചടപടാ ടൈപ്പ്‌ ചെയ്യും. ഫിംഗറിംഗ് സ്പീഡ്‌ ആക്കാന്‍ ആണത്രേ.. കൂട്ടത്തില്‍ അവന്റെ വീരഗാഥകള്‍ പറഞ്ഞ് എന്നെ അസൂയപ്പെടുത്തി.

വീട്ടികുത്ത്‌ റോഡില്‍ രാജേശ്വരി ടാക്കീസിനടുത്ത്  അതിന്റെ മാനേജര്‍ നടത്തുന്ന പഴയൊരു ടൈപ്പ്റൈറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ട്. അവന്‍ രാവിലെ അവിടെ ടൈപ്പ് പഠിക്കാന്‍ പോകുന്നുണ്ട്. ലോവര്‍  തീരാറായി. ആ ബാച്ചില്‍ ധാരാളം പെണ്‍കുട്ടികള്‍ മെഷീന്‍ മേടാന്‍ ഉണ്ട്. അതിലെ സിന്ധു എന്നൊരു സുന്ദരിയും ചുണ്ടിയനും അടുത്തടുത്ത മെഷീനിലാണ് മേടുന്നത്. തുടക്കക്കാരിയായ സിന്ധുവിന്റെ വിരലുകള്‍ പഴയ ടൈപ്പ്‌റൈറ്ററില്‍ ചലിക്കുമ്പോള്‍ ഇടയ്ക്കിടെ ടൈപ്പ്‌കട്ടകളുടെ ഇടയില്‍ കുടുങ്ങിപ്പോവുമ്പോള്‍ അവനാണ് ആ മെലിഞ്ഞ വിരലുകളെ ഇളക്കി എടുത്ത്‌ രക്ഷപ്പെടുത്തുന്നത് എന്നൊക്കെ കേട്ടപ്പോള്‍ എനിക്കും ടൈപ്പ് പഠിക്കാന്‍ മോഹമുദിച്ചു.

മാത്രമല്ല മറ്റൊരു സുഹൃത്തായ ഫിര്‍സുവും അവിടെ ടൈപ്പ്‌ മേടാന്‍ പോവുന്ന വിശേഷം വന്നു പറയാന്‍ തുടങ്ങിയിരുന്നു. മുതലാളിയുടെ മകളെയാണ് അവന്‍ നോട്ടമിട്ടിരിക്കുന്നത്. ടൈപ്പ്‌ ചെയ്ത കടലാസ് പരിശോധിക്കാന്‍ കൊണ്ട്ചെല്ലുമ്പോള്‍ ഒരിക്കല്‍ മുതലാളി ഇല്ലായിരുന്നു. മകള്‍ ആ കടലാസ് മേടിക്കാന്‍ കൈനീട്ടി. അവന്റെ കൈയ്യില്‍ നിന്നും കടലാസ് നിലത്ത് വീണതും അവള്‍ കുനിഞ്ഞതും കാണാന്‍ പാടില്ലാത്ത വിധം അവളുടെ മാറിടം തെളിഞ്ഞുകണ്ടതും ഫാന്‍കാറ്റില്‍ മുറിയിലൂടെ കടലാസ് തെന്നിനടന്നതും അതെടുക്കാന്‍ അവളും അവനും കൂടെ നിലത്ത്‌ ഒരുമിച്ച്  കുനിഞ്ഞു പരതി മേശയ്ക്കടിയില്‍ കയറിയതും മുതലാളി വന്നതിനാല്‍ പ്രോഗ്രാമിനിടയില്‍ കൊമേഴ്സ്യല്‍ ബ്രേക്ക്‌ ആയതും ഒക്കെ കേട്ടപ്പോള്‍  ഞാനും അവിടെ ചേരാന്‍ തീരുമാനിച്ചു. എന്നാല്‍ ആ മോഹം കൂട്ടുകാരെ ഞാന്‍ അറിയിച്ചില്ല.

അവരെ സ്തബ്ധരാക്കിക്കൊണ്ട് ഞാന്‍ ഒരു സുപ്രഭാതത്തില്‍ അവിടെ പോകാന്‍ തുടങ്ങി. അവരുടെ അതേ ബാച്ചില്‍തന്നെ ഏതാനും പെണ്‍കുട്ടികളുടെ ഇടയില്‍ A-S-D-F ടൈപ്പ് കട്ടകള്‍ മേടി ഇരിക്കുന്ന എന്നെ കണ്ട ചുണ്ടിയനും ഫിര്‍സുവും അന്തംവിട്ടു പരസ്പരം നോക്കി നിന്നു. "എടാ കാലമാടാ നീ കഞ്ഞിയില്‍ പാറ്റയിടാനോ ഉപ്പ് വാരിയിടാനോ വന്നത്?" എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം. ഞാന്‍ ഒരു ഹായ്‌ പറഞ്ഞ് ടൈപ്പ്കട്ടകള്‍ക്കിടയില്‍ കുരുങ്ങിയ എന്റെ വിരലുകള്‍ ഊരിയെടുക്കാന്‍ പാടുപെട്ടു.

തോട്ടപ്പുറം ഇരിക്കുന്ന സുന്ദരി സിന്ധു പറഞ്ഞു: "സൂക്ഷിച്ച്. മെല്ലെ മേടിയാല്‍ കട്ടകള്‍ക്കിടയില്‍ വിരല്‍ കുടുങ്ങില്ല. എന്റെ വിരലുകള്‍ ആദ്യമൊക്കെ കുടുങ്ങിയിരുന്നു."

"ആ അത് ഞാന്‍ കേട്ടിട്ടുണ്ട്." - ഞാന്‍ അറിയാതെ പറഞ്ഞത്‌ കേട്ട് സിന്ധു അന്ധാളിച്ച് എന്നെ നോക്കി. എങ്ങനെ കേട്ടു?? എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം. അന്നേരം ചുണ്ടിയന്‍ അരികില്‍ വന്നു അപ്പുറത്തെ സീറ്റില്‍ ഇരുന്നു എന്നെ രൂക്ഷമായി നോക്കി ടൈപ്പ്റൈറ്ററില്‍ പേപ്പര്‍ തിരുകികയറ്റി ആരോടോ ഉള്ള ദേഷ്യം തീര്‍ക്കുമ്പോലെ പടപടാന്ന്‍ കീകള്‍ മേടാന്‍ തുടങ്ങി. ചെകുത്താനും കടലിനും ഇടയില്‍പെട്ടുപോയ പാവം സിന്ധു ഇടംവലം ഇരിക്കുന്ന ഞങ്ങളെ നോക്കി ടൈപ്പ്റൈറ്റര്‍ ക്രാഡില്‍ പാടുപെട്ട് കരകരാ ഒച്ചയോടെ നീക്കി മേടല്‍ തുടര്‍ന്നു.

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com