Wednesday 21 March 2007

ഒരു ചിത്തഭ്രമപ്രണയകഥ - അദ്ധ്യായം (5)


(ചിത്രത്തിന്‌ കട:- www.nilambur.com)

ആല്‍ത്തറയിലെ കൂട്ടുകാരേയും മയങ്ങികിടക്കുന്ന ആളേയും മേയുന്ന പശുക്കളേയും വിട്ടകന്നുകൊണ്ട്‌ വീണ്ടും ഫ്ലാഷ്‌ബാക്കിലേയ്‌ക്ക്‌...

ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കോവിലകവീഥിയും അതിന്റെ അങ്ങേതലയ്‌ക്കല്‍ സ്ഥിതി ചെയ്യുന്ന പടുകൂറ്റന്‍ ആനവാതില്‍ എന്നറിയപ്പെടുന്ന കാവല്‍മാടവും. സായാഹ്നസൂര്യകിരണത്തില്‍ പൊന്നില്‍ കുളിച്ചു വെട്ടിതിളങ്ങിയൊഴുകുന്ന ചാലിയാര്‍. ആല്‍മരത്തിലെ വിശ്രമം മതിയാക്കി വേലയ്‌ക്കുപോവാനുള്ള ഉഷാറില്‍ തയ്യാറായികൊണ്ടിരിക്കുന്ന വവ്വാലുകള്‍ ശബ്‌ദമുണ്ടാക്കി തിരക്കുകൂട്ടിതുടങ്ങി.

മീന്‍പിടിക്കാന്‍ പോയതും തമ്പുരാട്ടിയെ രക്ഷിച്ചതും പിന്നീടുണ്ടായ വിചാരണയുമെല്ലാം ഓര്‍ത്തുകൊണ്ട്‌ അബു നടക്കുകയാണ്‌. തമ്പുരാട്ടി വീണ്ടും വീണ്ടും മനസ്സിന്‍ തിരശ്ശിലയില്‍ വന്നുകൊണ്ടേയിരിക്കുന്നു! പക്ഷെ..,

അതിനു ഭംഗം വരുത്തികൊണ്ട്‌ വലിയരാജ തമ്പ്രാക്കന്റെ സ്വരം അശരീരിയായി കാതില്‍ മുഴങ്ങിയത്‌ സഹിക്കാനാവാതെ അബു ആനവാതില്‍ കടന്ന്‌ പൊതുവഴിയിലൂടെ വേഗത്തില്‍ നടന്നു. തമ്പ്രാന്‍ തന്നെ രക്ഷിച്ചുവെന്നത്‌ നേരുതന്നെ. പക്ഷെ തന്റെ പെറ്റുമ്മയെ കുറിച്ച്‌ പറഞ്ഞത്‌ എങ്ങനെ സഹിക്കും.

"മാപ്പിളസ്ത്രീ എന്നാരും പറയില്ല. താഴ്‌ന്ന ജാതിയിലുള്ളതാന്നും കരുതി പണ്ട്‌ ഇവിടെ അടിച്ചുതളിക്കാരിയാക്കി നിറുത്തിയിരുന്നു. വേറെയെന്തോ പേരായിരുന്നു ഇവിടെ നിക്കുമ്പം. പാറുവെന്നോ മാലുവെന്നോ? ആ? ഉം. ഊം.. നല്ല രസായിരുന്നു അതിന്റെ രസങ്ങളേയ്‌, ഹ ഹാ ഹാ.."

കാതുകളില്‍ കടന്നല്‍ കയറിയതിലും വലിയ വേദനയുണ്ടാക്കികൊണ്ട്‌ തമ്പ്രാന്റെ ശബ്‌ദവും അട്ടഹാസവും മൂളികറങ്ങികൊണ്ടേയിരുന്നു. അബു ഇരുകാതുകളും പൊത്തിപിടിച്ച്‌ നടത്തം ഓട്ടമാക്കി.

"ഒന്നു നിറുത്തെടോ! മിണ്ട്യാല്‍ കൊല്ലും അന്നെയ്‌ ഞാന്‍! ങ്‌അ്ഹാ..!"

വഴിയേ പോവുകയായിരുന്ന സൈക്കിളുകാരന്‍ - മീശപൊടിഞ്ഞിട്ടുള്ളൊരുത്തന്‍ - അബുവിന്റെ അലര്‍ച്ചയില്‍ നിയന്ത്രണം വിട്ട്‌ നടന്നുപോവുകയായിരുന്ന ഒരു യുവതിയുടെ പിന്നില്‍ ചെന്നിടിച്ചു ഇരുവരും ദാ കിടക്കുന്നു ധരണിയില്‍!

"ഹയ്യോ..!"

"ഠേ."

"ഇയ്യോ! ഞാനല്ല, ആ പിരാന്തനാ എല്ലാം വരുത്തിവെച്ചത്‌."

മീശപൊടിഞ്ഞ പയ്യന്‍ കൈയ്യിലെ ചോരപൊടിഞ്ഞതും തുടച്ച്‌ മോന്തയില്‍ പതിഞ്ഞ യുവതീകരത്തിന്റെ പകര്‍പ്പില്‍ തടവികൊണ്ട്‌ സൈക്കിള്‍ നേരെയാക്കി അബുവിനെ രൂക്ഷമായി നോക്കി.

അബു ഞെട്ടിനോക്കികൊണ്ട്‌ യുവതിയുടെ അടുത്തേക്ക്‌ നടന്നുചെന്നു.

ട്യൂഷന്‍ കഴിഞ്ഞുവരികയാണെന്ന്‌ തോന്നുന്നു. ചിതറികിടക്കുന്ന മംഗളമനോരമാദി വാരികകളും പാഠപുസ്‌തകങ്ങളും പെറുക്കിയെടുക്കാന്‍ യുവതിയെ അബുവും സഹായിച്ചു. പൊതുവെ നിരത്ത്‌ ഒഴിഞ്ഞുകിടന്നതായിരുന്നു. ഇപ്പോള്‍ ഏതാനും ആളുകള്‍ കൂടാന്‍ തുടങ്ങി.

പെണ്ണിന്റെ മുഖം സൈക്കിളില്‍ നിന്നും വീണവരെ പോലെ ആയി. സൈക്കിളില്‍ നിന്നും വീണവനോ.. കഥകളിയിലെ കത്തിവേഷം പോലെ ചുവന്നുതുടുത്തിരിക്കുന്നു. രോക്ഷഭാവം.

ഒത്തിരിയധികം വസ്‌ത്രധാരണത്തില്‍ ബോധവതിയാണെന്ന്‌ തോന്നും യുവതിയെ കണ്ടാല്‍. സാരിയെല്ലാം നേരെയാക്കാനും പിന്നില്‍ പറ്റിയ പൊടി തൂത്തുകളയാനും അവള്‍ മിനിറ്റുകളോളം അവിടെ ചിലവഴിച്ചു.

"എന്തേലും പറ്റിയോ? ആസ്‌പത്രീല്‌ പോണോ?" - അബു മനുഷ്യത്വം പ്രകടിപ്പിച്ചു.

പല്ലുകടിച്ച്‌ മുഖത്തെ പേശികള്‍ വിറപ്പിച്ച്‌ വന്ന പയ്യനെ അന്നേരമാണ്‌ അബു നോക്കിയത്‌.

ഇവന്‍.. അവന്റെ - ആ രവിവര്‍മ്മതമ്പ്രാന്റെ സംഘത്തിലുള്ളവന്‍ തന്നെ. അബു ഉറപ്പിച്ചു. (ഇല്ലാത്തത്‌ കാണുവാനും കേള്‍ക്കുവാനും തുടങ്ങികഴിഞ്ഞു പാവം അബു).

"എടാ സുവറേ..! രവിവര്‍മ്മതമ്പുരാന്‍ പറഞ്ഞയച്ചതാല്ലേ. അന്നെയ്‌ ഞാനിന്ന്‌.."

അബു രോക്ഷം കൊണ്ട്‌ വിറച്ചു. സമീപം റോഡുപണിയ്‌ക്ക്‌ കൂട്ടിയിട്ട കല്ലിന്‍കഷ്‌ണങ്ങളീന്നും ഒരുപിടി പെറുക്കി പയ്യനുനേരെ എറിഞ്ഞു. മുതുകത്തു തന്നെ പതിച്ചിരിക്കുന്നു.

പയ്യന്‍ സൈക്കിളെടുത്ത്‌ തിരിച്ച്‌ ചാടികയറി ശരം വിട്ടപോലെ പോയി.

വീണതിന്‍വേദനയും ഏറിന്‍എരിവും സഹിച്ചുകൊണ്ട്‌ ചെക്കന്‍ വഴിയിലൂടെ പോവുന്നവരോടെല്ലാം വിളിച്ചുകൂവി.

"അതീലെ പോവേണ്ടാ.. ഒരു പുത്യേ പിരാന്തന്‍ വന്നീരിക്ക്‌ണൂ..!"

യുവതിയും കേട്ടു. അബുവിനെ കടാക്ഷിച്ച കണ്ണുകളില്‍ ഭയം അരിച്ചെത്തിയതും കൊണ്ടവള്‍ പാഞ്ഞു. അതിലെ വരുകയായിരുന്നവരെല്ലാം പയ്യന്റെ ദീനരോദനത്തിന്‍ അകമ്പടിയുള്ള മുന്നറിയിപ്പിനാല്‍ വഴിമാറി നടന്നു.

അബുവിനൊന്നും പിടികിട്ടുന്നില്ല. അവന്‍ മാത്രം അചഞ്ചലനായിട്ട്‌ കോവിലകം വീഥിയില്‍.

"ശ്ശേടാ, ദെന്താപ്പോ ഇവര്‍ക്ക്‌? എല്ലാറ്റിനും വട്ടായോ പടച്ചോനേ!"

ജുറാസിക്‌ പാര്‍ക്കില്‍ എല്ലാം തകര്‍ത്തെറിഞ്ഞ്‌ അട്ടഹസിച്ചു ചിരിക്കുന്ന ദിനോസറായിമാറിയ അബു.

എങ്ങും ഇരുട്ട്‌ വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. ഭൂത-പ്രേത-പിശാചുക്കളും ചുടലയക്ഷികളും വിഹരിക്കും യാമം തുടങ്ങിയതിന്റെ സൂചന!

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com