Wednesday 22 November 2006

പൂച്ചയ്‌ക്കെന്താ കെട്ടിടമുണ്ടാക്കുന്നിടത്ത്‌ കാര്യം?

ഈ തണുപ്പുകാലം തുടങ്ങിയ അന്ന് തുടങ്ങിയതാ ഓഫീസിന്റെ തട്ടിന്‍മുകളില്‍ മാര്‍ജാരന്മാരുടെ ബഹളം! ബഹളംന്ന് പറയാന്‍ പറ്റൂല, കൊഞ്ചികുഴയലും കിന്നാരം പറച്ചിലും പിന്നെ മ്യാവൂ ഗീതങ്ങളും യുഗ്‌മ ഗാനങ്ങളും 'ടൈറ്റാനിക്‌' സിനിമയിലെ 'ടാപ്പ്‌' ഡാന്‍സ്‌ കളിക്കുന്ന ശബ്‌ദവും (നിര്‍മ്മാണ സ്ഥലത്തെ താത്‌കാലിക കാരവന്‍ ആയതിനാല്‍ ഉച്ചിയില്‍ പ്ലൈ കൊണ്ടുള്ള തട്ടിന്‍പുറമാണ്‌). ആകെ മൊത്തം ടോട്ടല്‍ പൂച്ചകളുടെ പൊടിപൂരം തന്നെ!

ഒരൊന്നൊന്നര മാസം മുന്‍പ്‌ രണ്ട്‌ 'മ്യാവു'കള്‍ പരിസരത്തൊക്കെ ചുറ്റിപറ്റി ഉലാത്തുന്നതും മുകളിലേക്ക്‌ നോക്കിനിക്കണതും കണ്ടതായിരുന്നു. ഇവരിവിടെ താവളമാക്കുമെന്ന് അന്ന് ലവലേശം വിചാരിച്ചതല്ല. ഇപ്പോള്‍ കണ്ടില്ലേ? രണ്ടല്ല, ഇവന്‍മാര്‌ ഇരട്ടിയിലിരട്ടിയായിരിക്കുന്നു!

സ്വൈരമായിട്ട്‌ ഇരുന്ന് ജോലിയും അതോടൊപ്പം ബ്ലോഗലും പിന്നെ ചില്ലറ ചാറ്റിംഗും നടത്താമെന്ന് ആഗ്രഹിച്ചെങ്കിലും സുഗമമായിട്ട്‌ നടത്താനീ മാര്‍ജാരന്മാര്‍ സമ്മതിക്കണ്ടേ? പൂച്ചയ്‌ക്ക്‌ അറീലല്ലോ ബൂലോഗമെന്താണെന്ന്! ചുമ്മാ സമീപത്തെ മുനിസിപ്പാലിറ്റിയുടെ കച്ചറ ഡ്രമ്മില്‍ കയറുക, കാണുന്നതൊക്കെ വലിച്ചുവാരി വെളിയിലിടുക, വല്ല എല്ലോ കോഴിക്കാലോ തപ്പിയെടുത്ത്‌ കറുമുറാ കടിച്ച്‌ അകത്താക്കുക, പിന്നെ തട്ടിന്‍പുറത്തേറി പ്രണയം തിമിര്‍ത്താടുക, മോങ്ങുക, പിന്നെ അതൊക്കെ തന്നെ മുഖ്യ ജ്വാലി... കാലാവസ്ഥയോ ആഹഹാ തികച്ചും അനുയോജ്യം.. ആനന്ദലബ്‌ധിക്കിനിയെന്ത്‌ വേണം? ഇനിയാരോ മുന്നത്തെ പോസ്‌റ്റിന്‌ കമന്റിയ പോലെ (സിമി ആണെന്ന് തോന്നുന്നു) സംശയിക്കേണ്ട "കഴുത കാമം കരഞ്ഞ്‌ തീര്‍ക്കുന്നുവെന്നൊക്കെ!" ആ ചൊല്ല് മാറ്റാന്‍ നേരമായി. കഴുത വെട്ടി പൂച്ച എന്നാക്കണം. ഇല്ലേല്‍ ഇവിടെ വരൂ സോദര-സോദരീമാരേ.. നേരില്‍ കാണുമ്പോള്‍ തിരിഞ്ഞോളും സംഭവം. ലജ്ജിക്കാന്‍ പൂച്ചകള്‍ക്ക്‌ അറിവില്ലാലോ. മിണ്ടാപ്രാണിയല്ലേ?

സഹികെട്ടിട്ടൊടുവില്‍ ഞാന്‍ എന്റെ ബോസ്സിനോട്‌ പരാതി പറഞ്ഞു. ബോസ്സും അസഹനീയമായിട്ട്‌ കാണപ്പെട്ടു. ഔദ്യോഗികമായി ഉടനെയൊരു എഴുത്ത്‌ മുഖ്യ കരാര്‍ കമ്പനിയിലോട്ട്‌ വിടാന്‍ ഉത്തരവിട്ടു. വെറുതെയിരുന്ന എനിക്കിട്ട്‌ തന്നെ പണി തന്നു. പൂച്ചകളേ ആനന്ദിക്കൂ, ഇന്നുകൂടി. നാളെ നിങ്ങള്‍ തുരത്തപ്പെടും.

എഴുത്ത്‌ ഞാന്‍ ടൈപ്പിയുണ്ടാക്കി. സേഫ്‌റ്റി ഓഫീസറുടെ അനാസ്ഥയില്‍ പണിസ്ഥലം ചിലര്‍ കൈയ്യേറിയതാണ്‌ വിഷയം. ആര്‍ക്കും സുരക്ഷിതമില്ലാത്ത അന്തരീക്ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും തലയിലേക്ക്‌ മച്ചില്‍ വിലസുന്ന മാര്‍ജാരസംഘം മൊത്തമായോ ചില്ലറയായോ വന്ന് പതിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ഇവയെ കുടിയൊഴിപ്പിക്കണമെന്നും ഞാന്‍ ഒരുത്തമ സെക്രട്ടറിയെന്ന നിലയ്‌ക്ക്‌ കത്തിലെഴുതി ചേര്‍ത്തു.

പക്ഷെ കത്ത്‌ പോയില്ല. അതിന്‌ മുന്‍പെ പണിക്കാരില്‍ ചിലരെത്തി പൂച്ചകളെ (പുകച്ചില്ലെങ്കിലും) പുറത്ത്‌ ചാടിച്ചു. ശരിക്കും പാവങ്ങള്‍! മനുഷ്യരുടെ സൗകര്യത്തിനിവരൊക്കെ എന്തുമാത്രം ത്യാഗം ചെയ്യുന്നു, അല്ലേ?

ഈ തണുത്ത നവംബറിന്റെ ഒടുവില്‍ ഇവര്‍ എങ്ങോട്ട്‌ പോകും. അവരും എങ്ങോട്ടെന്നറിയാതെ നെട്ടോട്ടമോടുന്നു. കൂട്ടത്തില്‍ പിഞ്ചുപൈതങ്ങളുമുണ്ട്‌. ലോകമേ തറവാട്‌!

തൊട്ടപ്പുറത്തെ പണിതുകൊണ്ടിരിക്കുന്ന വേറെയാരുടേയോ കെട്ടിട സ്ഥലം കണ്ടില്ലേ പൂച്ചകളേ? ആരോടും 'പൂച്ചാതെ' ചെന്ന് കുടിയേറുക. ബാക്കി കാര്യം 'കല്ലിവല്ലി'!

Tuesday 21 November 2006

മാഷുമാമയും ഉത്തരക്കടലാസ്സും...

എന്റെ മാമ മാഷാണ്‌. മാഷെന്ന് പറഞ്ഞാല്‍ രസികന്‍ വാധ്യാര്‌ തന്നെ. പേര്‌ മയ്‌മ്മൂട്ടി. എല്ലാ കൊല്ലവും മൂപ്പര്‌ പത്താം ക്ലാസ്സിലെ ഉത്തരക്കടലാസ്‌ ചികയാന്‍ പോകാറുണ്ട്‌. മലപ്പുറത്തെ കേന്ദ്രത്തീന്നും വരുന്ന വഴി നിലമ്പൂരുള്ള ഞങ്ങളുടെ പൊരേലും കയറിയിട്ടേ മാമ പോകാറുള്ളൂ. വരുമ്പോ തന്നെ എന്തേലും തമാശഗുണ്ട്‌ പൊട്ടിക്കാനുള്ള തയ്യാറെടുപ്പ്‌ മൂപ്പരുടെ മുഖത്ത്‌ തെളിഞ്ഞിട്ടുണ്ടാവും.

വരുമ്പോള്‍ ഞങ്ങള്‍ പിള്ളേര്‍ക്ക്‌ തിന്നാന്‍ 'പോപ്പിന്‍സ്‌' മിഠായി കരുതീട്ടുണ്ടാവും. പക്ഷെ ഒട്ടുമുക്കാലും വഴീല്‌ വെച്ചുതന്നെ കാലിയാക്കി പാതി പൊളിഞ്ഞ പാക്കറ്റായിട്ടുണ്ടാവും.

ഒരീസം ഒറ്റയ്‌ക്ക്‌ ചിരിച്ചോണ്ട്‌ മാമ വന്നു. തായ്യര (താഴ്‌വാരം) എന്ന് പണ്ടുമുതലേ അറിയപ്പെടുന്ന വടക്കേപുറത്തെ വിസ്‌താരമുള്ള മുറിയിലെ വിടവുള്ള മരപ്പടിയിലിരുന്ന് മാഷുമാമ ഉത്തരക്കടലാസിലെ രസങ്ങള്‍ പുറത്തിറക്കി.

വേലിയേറ്റവും വേലിയിറക്കവും ഉണ്ടാവുന്നത്‌ വിവരിക്കുക എന്ന ചോദ്യത്തിന്‌ വിരുതന്‍ ഒരുത്തന്‍ കൊടുത്ത വിവരണം:

അന്ന്യം നിന്ന് പോരുന്ന പഴയ മുള്ളുവേലിയുള്ള പറമ്പുകള്‍ കാളികാവിലും ചോക്കാട്ടും മറ്റ്‌ മലയോര പ്രദേശത്തും കാണപ്പെടുന്നു. അയല്‍പക്കത്തുള്ളവന്‍ കറുത്തവാവ്‌ ദിനത്തില്‍ ആരുമറിയാതെ ഈ വേലി നീക്കി മറ്റോന്റെ പറമ്പിലേക്ക്‌ കയറ്റുന്നു. ഇതിനെ വേലിയേറ്റം എന്ന് പറയുന്നു!

അപ്പോള്‍ അപ്പുറത്തുള്ളോന്‍ വെളുത്തവാവിന്റെ നേരത്ത്‌ ഇടിമിന്നലോടെയുള്ള അകമ്പടിയോടെ കയറ്റപ്പെട്ട വേലി ഇറക്കി ഇപ്പുറത്തോന്റെ പറമ്പിലേക്ക്‌ അധികമായി സ്ഥാപിക്കുന്നു. ഇതാണ്‌ വേലിയിറക്കമെന്ന് അറിയപ്പെടുന്നത്‌!

എന്നിട്ട്‌ ഉത്തരക്കടലാസ്സ്‌ പരിശോധകന്‌ കണ്ണീരില്‍ ചാലിച്ചൊരു അഭ്യര്‍ത്ഥനയുമുണ്ട്‌. "മാഷേമാനേ... ബാപ്പായ്‌ക്ക്‌ വായുവലിവുള്ളതിനാല്‍ ആശുപത്രീല്‌ കൂട്ടിന്‌ പോയതോണ്ടും തൊടീലെ കാര്യങ്ങളൊക്കെ തലേല്‌ ആയതോണ്ടും പൊസ്‌തകം മറിച്ചാന്‍ പറ്റീല. ദയവായി പാസ്സ്‌ മാര്‍ക്ക്‌ ഇട്ട്‌ കനിവ്‌ കാണിച്ചാല്‍ പടച്ചോന്‍ ഇങ്ങളെ കയ്‌ച്ചിലാക്കും, ആമീന്‍..!"

(ഈ സംഭവം ഈ മാമ അറിയാതെ ഞാന്‍ മനോരമപത്രത്തില്‍ അധ്യാപകരസങ്ങളെന്ന പംക്തിയില്‍ മൂപ്പരെ പേരും പള്ളിക്കൂട മേല്‍വിലാസം സഹിതം അയച്ചു. അച്ചടിച്ചു വന്നു. ഒന്നും അറിയാത്ത മാമയ്‌ക്ക്‌ 250 രൂപ സമ്മാനവും അടിച്ചു. ഒപ്പമുള്ള മാഷന്മാരും മാഷിണിമാരും മൂപ്പരെ പ്രകീര്‍ത്തിച്ചു. ആരാണീ പണിയൊപ്പിച്ചതെന്നറിയാതെ അന്തം വിട്ട മാമ ഒരിക്കല്‍ വീട്ടില്‍ വന്ന് സംഗതി പറഞ്ഞതും ഞാന്‍ അവകാശവാദവുമായി എത്തി. നിവൃത്തിയില്ലാതെ മാഷുമാമ എനിക്ക്‌ 100 ഉറുപ്പിക തന്നൂട്ടോ)

Thursday 16 November 2006

ആകാശപ്രണയത്തിന്‌ ഇത്രേയുള്ളൂ ആയുസ്സ്‌!

ഖത്തറിലെ അറബിയോട്‌ ഗുഡ്‌ബൈ ചൊല്ലി രാജിക്കത്തും കൊടുത്ത്‌ കിട്ടേണ്ടതെല്ലാം മേടിച്ച്‌ ആ രാജ്യത്തോടും അവിടുത്തെ സുഹൃത്തുക്കളോടും വിട ചൊല്ലി പിരിയുന്ന ദിനം.

അവസാനമായി ഞാന്‍ ജോലി ചെയ്‌ത ഇരിപ്പിടവും വിട്ട്‌ നനവാര്‍ന്ന നേത്രങ്ങള്‍ ആരും കാണാതെ തുടച്ച്‌ ഗോവണിയിറങ്ങി താഴെയെത്തുമ്പോള്‍ എന്നും ഉപദേശം തരാറുള്ള പ്രായമുള്ള മാനേജര്‍ രാജേട്ടന്‍ വെളിയില്‍ നിന്നും കയറിവന്നു. എന്നെ കണ്ടപ്പോള്‍ ഒന്നും മിണ്ടാതെ അരികെ വന്ന് കൈ പിടിച്ചു. ഞാന്‍ യാത്ര ചോദിച്ചു. അയാള്‍ വിതുമ്പി കരഞ്ഞു. കൊച്ചുകുട്ടികളെ പോലെ!

ആദ്യമായി അന്നാണ്‌ ഞാന്‍ അങ്ങിനെയൊരു ബോസ്സിനെ കാണുന്നത്‌. ഞാന്‍ കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിച്ച്‌ പുറത്തിറങ്ങി. തിരിഞ്ഞുനോക്കുമ്പോള്‍ രാജേട്ടന്‍ വാതിലിനടുത്ത്‌ നിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു.

രാത്രിയിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക്‌. അന്നത്തെ ഫ്ലൈറ്റില്‍ മിക്ക സീറ്റുകളും കാലിയായിരുന്നു. പാന്‍ട്രിയുടെ അരികിലുള്ള സീറ്റാണ്‌ എനിക്ക്‌ ലഭിച്ചത്‌. വലിയൊരു വിമാനത്തില്‍ വിരലിലെണ്ണാവുന്ന ആളുകളും നാല്‌ സുന്ദരി ഹോസ്‌റ്റസുകളും രണ്ട്‌ ഹോസ്‌റ്റന്‍മാരും കൂടാതെ പൈലറ്റുമാരും മാത്രം.

വിമാനം ദോഹ എയര്‍പോര്‍ട്ടില്‍ നിന്നും പൊങ്ങിയുയര്‍ന്നു. അല്‍പം കഴിഞ്ഞ്‌ മധുരവും പാനീയങ്ങളും വിതരണം ചെയ്‌ത്‌ ആകാശസുന്ദരിമാര്‍ അവതരിച്ചു. ഞാന്‍ ജോലിപോയത്‌ ആഘോഷിക്കാന്‍ തീരുമാനിച്ചതിനാല്‍ ബിയര്‍ ഒത്തിരി എടുത്ത്‌ അകത്താക്കി. വീണ്ടും ആവശ്യപ്പെട്ട നേരം കരിമിഴിയിളക്കിയ നോട്ടം നോക്കിയ ഒരുത്തി എന്നെ വിലക്കി.

എന്നിട്ടൊരു സ്വകാര്യം കാതില്‍ മൊഴിഞ്ഞു. ഒപ്പം അവളുപയോഗിച്ച സുഗന്ധദ്രവ്യത്തിന്റെ മാസ്‌മരിക വാസന തഴുകിയെത്തി.

"അവിടെ പാന്‍ട്രിയില്‍ വന്നാല്‍ അല്‍പം കൂടെ തരാം. വേറെയാരേയും അറിയിക്കല്ലേ പ്ലീസ്‌.."

ഞാനാകെ കോള്‍മയിര്‍ കൊണ്ടു. ആദ്യം കഴിച്ചതിന്റെ ലഹരി പാദം മുതല്‍ ശിരസ്സ്‌ വരെ വിദ്യുത്‌ തരംഗം പോലെ അനുഭവപ്പെടുന്നു. അപ്പോളിങ്ങനെ ഗഗനസുന്ദരിയും ക്ഷണിച്ചതിന്റെ ത്രില്‍! ഹോ.. ഞാന്‍ ഭൂമിയില്‍ നിന്നും വീണ്ടും പൊങ്ങിയുയര്‍ന്ന് അങ്ങ്‌ നക്ഷത്രങ്ങളുടെ തോഴിമാരുടെയൊപ്പം പറുദീസയിലോ!

നോക്കുമ്പോളതാ ചിത്രശലഭങ്ങളെപോലെ നാലെണ്ണം ഒഴുകി പറന്ന് പോവുന്നു. പാന്‍ട്രിയില്‍ ചേക്കേറുന്നു. എന്നെ ക്ഷണിച്ചവള്‍ സാകൂതം കടക്കണ്ണാലെ "വരൂന്നേ.." എന്ന് വിളിക്കുന്നുവോ? ബാക്കിയുള്ള യാത്രക്കാരെല്ലാം ഉറക്കത്തിലാണ്‌. ഞാന്‍ അങ്ങോട്ട്‌ നടന്നു.

"ഹായ്‌ ഞാന്‍ സാലി." - ഞാന്‍ സ്വയം പരിചയപ്പെടുത്തി കൈ നീട്ടി.

"ഹായ്‌ ഞാനും സാലി!" - അവള്‍ കൈയ്യില്‍ മൃദുലമായി തൊട്ടുകൊണ്ട്‌ പുഞ്ചിരിച്ചു.

"എന്നെ കളിയാക്കുകയാ അല്ലേ?"

"അല്ലാ മിസ്‌റ്റര്‍ എന്റെ പേര്‌ അതു തന്നെയാ."

"എന്നാല്‍ എന്റെ ഫുള്‍ നെയിം സാലിഹ്‌ എന്നാ" - ഒരു പെണ്ണിന്റെ പേരില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ ഉരുണ്ടുകളിച്ചു. അതവള്‍ക്ക്‌ മനസ്സിലായോ? അവള്‍ ബിയറും ബദാം പാക്കറ്റും എടുത്ത്‌ തന്നു. പൊട്ടിച്ച്‌ ഗ്ലാസ്സിലൊഴിക്കാനും സഹായിച്ചു.

"മിസ്റ്റര്‍ സാലി സീറ്റില്‍ പോയി ഇരുന്നോളൂ. അരികെ സീറ്റ്‌ കാലിയല്ലേ? ഞാന്‍ ഇതൊക്കെ ഒതുക്കി വെച്ചതിന്‌ ശേഷം ജോയിന്‍ ചെയ്‌തോളാം. ഒകെയ്‌?"

"ശരി മിസ്സ്‌ സാലി. വൈകരുത്‌ട്ടോ.." - ഞാന്‍ തിരിച്ച്‌ സീറ്റില്‍ വന്നിരുന്നു.

എനിക്ക്‌ നൃത്തം ചെയ്യാനും മേഘക്കൂട്ടത്തിലൂടെ അവളുടെ പിറകെ അവസാനമില്ലാതെ ഓടിക്കളിക്കാനുമൊക്കെ പൂതി വന്നു.

ബിയര്‍ നുണഞ്ഞ്‌ കണ്ണടച്ച്‌ ഞാന്‍ മന:സ്ക്രീനില്‍ സാലി-സാലികളുടെ മഴപ്പാട്ട്‌ കാണവേ... ഒരു മൃദുസ്പര്‍ശം. ഉണര്‍ന്ന് നോക്കുമ്പോള്‍ അവള്‍ സാലി പുഞ്ചിരിച്ച്‌ കൊണ്ട്‌ സമീപം വന്ന് ഇരിക്കുന്നു. അവള്‍ സോഫ്‌റ്റ്‌ ഡ്രിങ്ക്സ്‌ നുണയുന്നുണ്ട്‌.

ആദ്യമാദ്യം ഒരു സ്‌ടാര്‍ടിംഗ്‌ പ്രോബ്ലം. പിന്നെ പരിചയം തുടങ്ങി. പാന്‍ട്രിയിലേക്ക്‌ നോക്കി. അവിടെ രണ്ട്‌ ഹോസ്‌റ്റന്മാര്‍ മൂന്നെണ്ണത്തിനെ കത്തി വെച്ച്‌ പൊട്ടിച്ചിരിച്ച്‌ സമയം കൊല്ലുന്നു.

സാലി ഏതാനും മാസമേ ആയുള്ളൂ ഹോസ്‌റ്റസ്സായിട്ട്‌. അവള്‍ക്കിത്‌ ഇഷ്‌ടമല്ലാഞ്ഞിട്ടും തുടരേണ്ടി വന്നു. കാരണം ബോംബെയിലെ അവളുടെ കാമുകനെന്നും പറഞ്ഞ്‌ പിറകേ നടക്കുന്ന ഒരുത്തന്റെ ശല്യം അസഹനീയമായപ്പോള്‍ കിട്ടിയ രക്ഷാമാര്‍ഗം ആകാശയാത്രയല്ലാതെ വേറൊന്നില്ലായിരുന്നു. ജന്മനാടായ ബോംബേയില്‍ ഒരു നിമിഷം പോലും കഴിയാന്‍ ഇന്നവള്‍ക്ക്‌ താത്‌പര്യമില്ല. അവള്‍ കഥ തുടര്‍ന്നു. ഏറെ നേരം അറബിക്കടലിന്റെ മുകളില്‍ ലോകര്‍ മൊത്തം നിദ്രയിലായ വേളയില്‍ ഉറങ്ങാതെ ഞങ്ങള്‍ പരസ്പരം അറിഞ്ഞ്‌ അരികിലങ്ങനെ കഴിഞ്ഞ്‌ പറന്നുകൊണ്ടിരുന്നു. കൂട്ടിന്‌ അല്‍പം ലഹരിയും. ഞാന്‍ അവളെ സ്പര്‍ശിച്ചു. എതിരൊന്നും പറഞ്ഞില്ല.

എയര്‍ ഇന്ത്യ വിമാനത്തില്‍ ഈ സൗകര്യം എപ്പോഴും കിട്ടില്ല. ചോദിച്ച്‌ വാങ്ങിയാല്‍ ഒരുപക്ഷെ നമ്മുടെ പി.ജെ.ജോസഫിന്റെ സ്ഥിതിയാവും അവസ്ഥ. (പാവം പുള്ളിയേയും ഇതേ പോലെ ഒരവസ്ഥയില്‍ ആരെങ്കിലും കണ്ട്‌ പരസ്യമാക്കിയതാവാം).

"ഇനി തൊടേണ്ടാട്ടോ. വര്‍ത്തമാനം പറഞ്ഞങ്ങനെ ഇരിക്കാം. അതല്ലേ രസം?" - അവള്‍ അതൃപ്‌തി സൗമ്യമായി അറിയിച്ചു. അതിനിടയില്‍ ഏതോ സീറ്റിലെ യാത്രക്കാരന്റെ ബെല്ലടി വന്നപ്പോള്‍ അവള്‍ എഴുന്നേറ്റ്‌ പോയി. ആവശ്യപ്പെട്ട വെള്ളമോ മറ്റോ കൊണ്ടുപോയി കൊടുത്ത്‌ തിരികെയെത്തി.

ഞാന്‍ എന്റെ പഴയകാല പ്രണയകഥ പറഞ്ഞു. കഥാനായികയും ഞാനും ഒരുപാട്‌ കാലത്തിനിപ്പുറം വീണ്ടും അറിയാനിട വന്ന സാഹചര്യം അവള്‍ ഒരു സിനിമ ദര്‍ശിച്ച ഭാവത്തിലാണ്‌ ശ്രവിച്ചത്‌. പക്ഷെ അവള്‍ കുടുംബിനിയും ഞാന്‍ അവിവാഹിതനുമായി കഴിയുന്നത്‌ കഷ്‌ടമായെന്ന് സാലി അഭിപ്രായപ്പെട്ടു.

ഞങ്ങളുടെ സരസവര്‍ത്തമാനത്തില്‍ ബാക്കിയുള്ള ഹോസ്‌റ്റസ്സുമാരും കൂടി. അവര്‍ ഞങ്ങള്‍ക്ക്‌ നല്ല പൊരുത്തമാണെന്ന് പരിഹസിച്ചു. ഞങ്ങളുടെ പേരുകള്‍ ഒരേ സമയം വിളിച്ച്‌ ഞങ്ങളെ നട്ടം തിരിച്ചു. അതിലൊരുത്തി എന്നെ ആംഗ്യത്തിലൂടെ സാലിയെ താലികെട്ടിക്കൂടേ എന്നുപോലും അഭിപ്രായം അറിയിച്ചു. എനിക്കും തോന്നി എന്തുകൊണ്ട്‌ ആയിക്കൂടാ?

ഒന്നൂല്ലെങ്കില്‍ ഞാനും പതിനായിരങ്ങള്‍ പൊട്ടിച്ച്‌ കാബിന്‍ ക്രൂ പരിശിലനം നേടിയിട്ടുണ്ടല്ലോ. ഈ പണി ചെയ്തില്ലെന്നേയുള്ളൂ. ഇവളെന്ത്‌ കൊണ്ടും എനിക്കിണങ്ങും. ആകാശ റാണിയെ പ്രണയിച്ച ഒരു സാധാരണ 'ധര്‍ത്തിപുതൃ' മാത്രമായി ഞാന്‍ ഇരുന്നു.

"ഇനിയെങ്കിലും വിവാഹം ചെയ്‌തൂടെ വൈകാതെ?" - സാലി ചോദിച്ചത്‌ കേട്ട്‌ രോഗി ഇഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും എന്ന കണക്കെ ഞാന്‍ ഞെട്ടി.

"അതിനിപ്പോ എങ്ങനെ ചോദിക്കണമെന്ന് വിചാരിച്ചിരിക്കുകയാ ഞാന്‍"

"ചെന്ന് കാണണം നല്ലൊരു മൊഞ്ചത്തിക്കുട്ടിയെ. എന്നിട്ട്‌ സന്തോഷമായി ജീവിക്കണം"

"ഓ, എനിക്ക്‌ ഉടനെയൊന്നും കുടുംബജീവിതത്തിനോട്‌ ആഗ്രഹമില്ല."

ഞാന്‍ മൂഡ്‌ നഷ്‌ടമായി ഇരുന്നു. ശുഭരാത്രി ആശംസിച്ച്‌ സാലി എഴുന്നേറ്റു. ഞാന്‍ മയക്കത്തിന്റെ കയത്തിലേക്ക്‌ മുങ്ങി.

ഏറെ നേരം മയങ്ങിയിരിക്കുന്നു. കോക്‍പിറ്റിലെ അറിയിപ്പ്‌ കേട്ടാണ്‌ ഉണര്‍ന്നത്‌. ഏതാനും നിമിഷങ്ങള്‍ക്ക്‌ ശേഷം ദൈവത്തിന്റെ സ്വന്തം നാട്ടിലെ മണ്ണില്‍ ഈ ആകാശപേടകം ഇറങ്ങുന്നതായിരിക്കുമെന്ന് അറിഞ്ഞപ്പോള്‍ മനസ്സിലൊരു കുളിര്‍മ അനുഭവപ്പെട്ടു. എല്ലാവരും സീറ്റ്‌ ബെല്‍ട്ട്‌ മുറുക്കി. ഞാന്‍ തിരിഞ്ഞു നോക്കി. സാലി ജോലിത്തിരക്കിലാണ്‌. ഞാന്‍ വിളിച്ച്‌ ഒരു സുപ്രഭാതം നേര്‍ന്നു.

വലിയ ശബ്‌ദത്തിന്റെ അകമ്പടിയോടെ വിമാനം റണ്‍വേയിലൂടെ പാഞ്ഞു. ഗട്ടറുള്ള പാതയില്‍ ബസ്സ്‌ ഓടുന്ന അതേ പ്രതീതി. പിന്നെ ഏതാനും തിരിച്ചിലിന്‌ ശേഷം നിശ്ചലമായി. എല്ലാവരും ബാഗേജുകളെടുത്ത്‌ വെളിയിലേക്ക്‌.

ഞാനിതാ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ്‌ യാന്ത്രികമായി ബാഗുമെടുത്ത്‌ പാന്‍ട്രിയുടെ അരികിലെ ഗോവണി ലക്ഷ്യമാക്കി നടക്കുന്നു. ഇനി നമ്മള്‍ കാണുമോ? അറിയില്ല. ഒരു രാത്രി മാത്രം പ്രണയിച്ച ആദ്യ ജോഡിയെന്ന ബഹുമതി നിലനിര്‍ത്തികൊണ്ട്‌ ഞങ്ങള്‍ പിരിയുന്ന, ഇനിയൊരിക്കലും കാണാന്‍ കഴിയില്ല എന്നറിയുന്ന ആ നിമിഷത്തെ ശപിച്ച്‌ അവളെ കൈ ഗ്രഹിച്ച്‌ ഞാന്‍ യാത്ര ചൊല്ലി.

അവള്‍ ഒരു ടിഷ്യൂപേപ്പറില്‍ ഇമെയില്‍ വിലാസം എഴുതി എന്റെ പോക്കറ്റിലിട്ടു.

"താങ്കള്‍ ബന്ധപ്പെടാന്‍ മറക്കരുത്‌. കല്ല്യാണക്കാര്യമെല്ലാം അറിയിക്കണം."

ഞാന്‍ തലകുലുക്കി തിരിയുമ്പോള്‍ വീണ്ടും അവള്‍ എന്നെ വിളിച്ചു. ഞാന്‍ നിന്നു. വിമാനത്തിനകത്ത്‌ യാത്രക്കാരനായി ഞാന്‍ മാത്രമുണ്ട്‌ പുറത്തിറങ്ങാന്‍.

"സീ മിസ്റ്റര്‍ സാലി? എന്റെ എന്‍ഗേജ്‌മന്റ്‌ റിംഗ്‌ ശ്രദ്ധിച്ചിരുന്നില്ലേ? ഞാന്‍ പറയാന്‍ മറന്നു. എന്റെ വിവാഹം അടുത്ത മാസമാണ്‌. വരന്‍ ഞാന്‍ പറഞ്ഞ ശല്ല്യക്കാരന്റെ അയല്‍പക്കത്തുള്ള പോലീസ്‌ ഇന്‍സ്പെക്‍ടറാണ്‌."

"ങ്‌ഹേ! എനിക്കൊന്നും അറിയില്ലേ!"

"എന്തേലും പറഞ്ഞോ ഇപ്പോള്‍?

"ഉം.. ദീര്‍ഘ സുമംഗലീ ഭവ:" എന്ന് പുലമ്പി ഞാനെന്റെ ബാണ്ടക്കെട്ടെടുത്ത്‌ മ്ലാനവദനവുമായി പുറത്തിറങ്ങി. എന്നെ ആദ്യം വരവേറ്റത്‌ കാക്കകളുടെ "കാ കാ" ഈണമാണ്‌. ഗള്‍ഫില്‍ കേള്‍ക്കാനാവാത്തതിനാല്‍ കാക്കയുടെ സ്വരത്തിനെന്തൊരു മാധുര്യം!

Monday 13 November 2006

ഒരു യാചകചരിതം

നഗരത്തിലെ തീയേറ്ററില്‍ ഒരു സൂപ്പര്‍ സ്‌റ്റാറിന്റെ പുതിയ സിനിമ നിറഞ്ഞ സദസ്സില്‍ തകര്‍ത്തോടുകയാണ്‌. ജനങ്ങള്‍ ടിക്കറ്റിന്‌ വേണ്ടി തിക്കിത്തിരക്കി. പോലീസ്‌ തിരക്ക്‌ നിയന്ത്രിച്ചു.

തീയേറ്ററിന്റെ കവാടത്തില്‍ പൊരിവെയിലുള്ള നേരം ഒരു വൃദ്ധന്‍ ആളുകള്‍ക്ക്‌ നേരെ കൈ നീട്ടി ഭിക്ഷ യാചിച്ച്‌ ഇരിപ്പുണ്ടായിരുന്നു. നീണ്ട താടിരോമങ്ങള്‍ക്കുള്ളില്‍ യൗവ്വനകാലത്തെ സുന്ദരവദനം ഒളിഞ്ഞിരുന്നു.

ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിക്കുന്ന വൃദ്ധന്‍ ആരായിരുന്നുവെന്ന് എല്ലാവരും മറന്നുപോയോ? യുവതലമുറ അറിയില്ലെങ്കിലും പഴയകാല കാശ്‌വാരി പടങ്ങള്‍ നിര്‍മ്മിച്ച ഒരു നിര്‍മ്മാതാവ്‌! അയാള്‍ നിര്‍മ്മിച്ച സിനിമകളില്‍ ഭൂരിഭാഗവും എത്രയോ നാളുകള്‍ കളിച്ചിരുന്ന അതേ തിയേറ്ററിന്റെ പരിസരത്ത്‌ വെയിലത്തും മഴയത്തും അയാള്‍ ഇരിക്കുന്നു. ഒരു ചാണ്‍ വയര്‍ നിറയാന്‍ അയാള്‍ക്ക്‌ ഇനി ഇതല്ലാതെ മാര്‍ഗ്ഗമില്ല.

ഒരു കാലത്ത്‌ തന്റെയരികെ ഭവ്യതയോടെ തലചൊറിഞ്ഞ്‌ എന്നും വരുമായിരുന്ന സുമുഖനായ യുവാവിനെ ഒരു പടത്തില്‍ അഭിനയിപ്പിച്ചു. ഇന്നയാള്‍ താരരാജാവാണ്‌. ആക്ഷന്‍ ഹീറോയാണ്‌. യുവതികളുടെ സ്വപ്‌ന നായകനാണ്‌.

ഈ താരത്തിന്റെ സിനിമ കൈയ്യടി നേടികൊണ്ടോടുമ്പോള്‍ വെളിയില്‍ ആ യാചകവൃദ്ധന്‍ ആരാരുമറിയാതെ കൈനീട്ടി നീങ്ങുന്നു.

സിനിമാലോകത്ത്‌ ഒരായിരം പേര്‍ക്ക്‌ മേല്‍വിലാസം ഉണ്ടാക്കികൊടുത്ത അയാള്‍ സ്വന്തം മേല്‍വിലാസം പോലും മറന്ന് ജീവിതം മടുത്ത്‌ കഴിഞ്ഞു.

ജീവിതം ഇതോ ജിവിതം!

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com