Tuesday, 21 November 2006

മാഷുമാമയും ഉത്തരക്കടലാസ്സും...

എന്റെ മാമ മാഷാണ്‌. മാഷെന്ന് പറഞ്ഞാല്‍ രസികന്‍ വാധ്യാര്‌ തന്നെ. പേര്‌ മയ്‌മ്മൂട്ടി. എല്ലാ കൊല്ലവും മൂപ്പര്‌ പത്താം ക്ലാസ്സിലെ ഉത്തരക്കടലാസ്‌ ചികയാന്‍ പോകാറുണ്ട്‌. മലപ്പുറത്തെ കേന്ദ്രത്തീന്നും വരുന്ന വഴി നിലമ്പൂരുള്ള ഞങ്ങളുടെ പൊരേലും കയറിയിട്ടേ മാമ പോകാറുള്ളൂ. വരുമ്പോ തന്നെ എന്തേലും തമാശഗുണ്ട്‌ പൊട്ടിക്കാനുള്ള തയ്യാറെടുപ്പ്‌ മൂപ്പരുടെ മുഖത്ത്‌ തെളിഞ്ഞിട്ടുണ്ടാവും.

വരുമ്പോള്‍ ഞങ്ങള്‍ പിള്ളേര്‍ക്ക്‌ തിന്നാന്‍ 'പോപ്പിന്‍സ്‌' മിഠായി കരുതീട്ടുണ്ടാവും. പക്ഷെ ഒട്ടുമുക്കാലും വഴീല്‌ വെച്ചുതന്നെ കാലിയാക്കി പാതി പൊളിഞ്ഞ പാക്കറ്റായിട്ടുണ്ടാവും.

ഒരീസം ഒറ്റയ്‌ക്ക്‌ ചിരിച്ചോണ്ട്‌ മാമ വന്നു. തായ്യര (താഴ്‌വാരം) എന്ന് പണ്ടുമുതലേ അറിയപ്പെടുന്ന വടക്കേപുറത്തെ വിസ്‌താരമുള്ള മുറിയിലെ വിടവുള്ള മരപ്പടിയിലിരുന്ന് മാഷുമാമ ഉത്തരക്കടലാസിലെ രസങ്ങള്‍ പുറത്തിറക്കി.

വേലിയേറ്റവും വേലിയിറക്കവും ഉണ്ടാവുന്നത്‌ വിവരിക്കുക എന്ന ചോദ്യത്തിന്‌ വിരുതന്‍ ഒരുത്തന്‍ കൊടുത്ത വിവരണം:

അന്ന്യം നിന്ന് പോരുന്ന പഴയ മുള്ളുവേലിയുള്ള പറമ്പുകള്‍ കാളികാവിലും ചോക്കാട്ടും മറ്റ്‌ മലയോര പ്രദേശത്തും കാണപ്പെടുന്നു. അയല്‍പക്കത്തുള്ളവന്‍ കറുത്തവാവ്‌ ദിനത്തില്‍ ആരുമറിയാതെ ഈ വേലി നീക്കി മറ്റോന്റെ പറമ്പിലേക്ക്‌ കയറ്റുന്നു. ഇതിനെ വേലിയേറ്റം എന്ന് പറയുന്നു!

അപ്പോള്‍ അപ്പുറത്തുള്ളോന്‍ വെളുത്തവാവിന്റെ നേരത്ത്‌ ഇടിമിന്നലോടെയുള്ള അകമ്പടിയോടെ കയറ്റപ്പെട്ട വേലി ഇറക്കി ഇപ്പുറത്തോന്റെ പറമ്പിലേക്ക്‌ അധികമായി സ്ഥാപിക്കുന്നു. ഇതാണ്‌ വേലിയിറക്കമെന്ന് അറിയപ്പെടുന്നത്‌!

എന്നിട്ട്‌ ഉത്തരക്കടലാസ്സ്‌ പരിശോധകന്‌ കണ്ണീരില്‍ ചാലിച്ചൊരു അഭ്യര്‍ത്ഥനയുമുണ്ട്‌. "മാഷേമാനേ... ബാപ്പായ്‌ക്ക്‌ വായുവലിവുള്ളതിനാല്‍ ആശുപത്രീല്‌ കൂട്ടിന്‌ പോയതോണ്ടും തൊടീലെ കാര്യങ്ങളൊക്കെ തലേല്‌ ആയതോണ്ടും പൊസ്‌തകം മറിച്ചാന്‍ പറ്റീല. ദയവായി പാസ്സ്‌ മാര്‍ക്ക്‌ ഇട്ട്‌ കനിവ്‌ കാണിച്ചാല്‍ പടച്ചോന്‍ ഇങ്ങളെ കയ്‌ച്ചിലാക്കും, ആമീന്‍..!"

(ഈ സംഭവം ഈ മാമ അറിയാതെ ഞാന്‍ മനോരമപത്രത്തില്‍ അധ്യാപകരസങ്ങളെന്ന പംക്തിയില്‍ മൂപ്പരെ പേരും പള്ളിക്കൂട മേല്‍വിലാസം സഹിതം അയച്ചു. അച്ചടിച്ചു വന്നു. ഒന്നും അറിയാത്ത മാമയ്‌ക്ക്‌ 250 രൂപ സമ്മാനവും അടിച്ചു. ഒപ്പമുള്ള മാഷന്മാരും മാഷിണിമാരും മൂപ്പരെ പ്രകീര്‍ത്തിച്ചു. ആരാണീ പണിയൊപ്പിച്ചതെന്നറിയാതെ അന്തം വിട്ട മാമ ഒരിക്കല്‍ വീട്ടില്‍ വന്ന് സംഗതി പറഞ്ഞതും ഞാന്‍ അവകാശവാദവുമായി എത്തി. നിവൃത്തിയില്ലാതെ മാഷുമാമ എനിക്ക്‌ 100 ഉറുപ്പിക തന്നൂട്ടോ)

21 comments:

 1. ഒരു അധ്യാപഹ തമാശയുണ്ട്‌..

  ReplyDelete
 2. ഹഹ... ഇത് ഞാന്‍ മനോരമയില്‍ നിന്നും വായിച്ചിരുന്നു. രസികന്‍ ഉത്തരവും പിന്നെ റിക്വസ്റ്റും :)

  ReplyDelete
 3. ആഹ ഹാ..
  രസിച്ചു ഏറനാടാ‍..
  വേലിയേറ്റവും വേലിയിറക്കവും..നല്ല വിവരണം
  ഇതു പോലെ ധാരാളം ഉത്തരക്കടലാസുകളെന്നു പറഞ്ഞ് മെയിലുകള്‍ കിട്ടുന്നുണ്ട്.
  അപ്പാ,മാമ ആളൊരു സംഭവം തന്നെയായിരുന്നുവല്ലെ..

  ഓ.ടോ)ഇവിടേയും സുല്ല് ഇടാനുള്ള ഫാഗ്യം എനിക്കാന്നാ തോന്നണെ

  ReplyDelete
 4. അയ്യൊ,ഞാനിട്ട സുല്ല് അഗ്രജന്‍ അടിച്ചോണ്ട് പോയി
  ഓ.ടോ.)നാളീകേരത്തിനു പുതിയ വാക്ക്:സുല്ല്
  കടപ്പാട് :അതുല്ല്യേച്ചിക്ക്

  ReplyDelete
 5. ഹഹ. ഇതുകൊള്ളാമല്ലോ..

  ഞാനും ഒരു സുല്ലിട്ടു ;)

  ഞാന്‍ എന്റെ അഡ്രസ്സും വേണേല്‍ തരാം. ഇങ്ങനെ വല്ലതുമൊക്കെ എഴുതി മനോരമയില്‍ കൊടുക്കൂ. എപ്പോഴാ ലോട്ടറി അടിക്കുന്നതെന്നാര്‍ക്കറിയാം. പിന്നെ കിട്ടുന്നത് 50:50. ഓക്കെ ;)

  ReplyDelete
 6. ഇതു പണ്ടു പത്രത്തില്‍ വന്നത് കോപ്പിയടിച്ചതാണല്ലോ എന്നാലോചിച്ചു വന്നപ്പോഴാണ് താഴെയെഴുതിയതു കണ്ടത്
  അപ്പോ അതു നിങ്ങളായിരുന്നോ..

  ReplyDelete
 7. ഹെഹെഹെ ഏറനാടാ....
  ഞാനും സുല്ലിട്ടു.

  -സുല്‍

  ReplyDelete
 8. ഹ ഹ ഏറനാടാ..
  മനോരമേല്‍ വായിച്ച ചെറിയ ഒരോര്‍മ്മയുണ്ട്‌!

  ReplyDelete
 9. ഹ ഹ ഹ
  ഏറനാടാ... അതില്‍ നിന്ന് നൂറ് അടിച്ച് മാറ്റിയല്ലേ...


  ഓടോ : കളവ് പറയുകയാണെങ്കില്‍ ഇങ്ങനെ പറയണം. അല്ലെങ്കില്‍ ഇരുന്നൂറ് എന്ന് പറയില്ലായിരുന്നോ ?

  ReplyDelete
 10. ഏറനാടാ മയ്‌മുട്ടി മാഷിന്‍റെ പെന്‍ഷന്‍ മുടക്കല്ലെ.
  സര്‍വീസ്‌ ബുക്കില്‍ ചുവന്ന മഷി കൊണ്ട്‌ സര്‍ക്കാരു ജോലിയേതര വരുമാനത്തിന്നു വിദ്യാഭ്യാസ മേല്‍ വകുപ്പില്‍ നിന്നു പ്രതേക അനുമതിയുണ്ടോ? എന്ന ചോദ്യത്തിനുത്തരം ഇല്ലന്നായാല്‍ ആരെങ്കിലും ഈ മനോരമ പത്രം കാട്ടി പെന്‍ഷന്‍ മുടക്കിയാല്‍ ഏറനാടന്‍ മയ്‌മുട്ടി മാഷിനെ ആജീവനാന്തകാലം സ്‌പോണ്‍സര്‍ ചെയ്യേണ്ടി വരും.(സ്‌മൈലി ഇട്ടു)
  നന്നായ്ട്ടുണ്ട്‌ (പിന്‍‍കാല പ്രബല്യത്തോടെ!)

  ReplyDelete
 11. പുള്ളി അറിയാതെ അയച്ചത് ഇഷ്ടപ്പെട്ടു. :-)

  ReplyDelete
 12. രസികന്‍.... ഇതുപൊലുള്ള സ്റ്റോക് ഇനിയും പോരട്ടെ

  ReplyDelete
 13. മനോഹരം, സുന്ദരം.
  വേലിയേറ്റവും വേലിയിറക്കവും താരതമ്യങ്ങളില്ലാത്ത എഴുത്ത്.
  : സിമി

  ReplyDelete
 14. ഞാനും ഒരു സുല്ലിട്ടു. പാവം സുല്ല് ഇപ്പോ വീണു വീണു ചിതറി ആകെ ചിരകാതെ തന്നെ ചമ്മന്തിപരുവമായിട്ടുണ്ടാവും.

  പണ്ട്‌ നയാഗ്രാ എന്നാല്‍ എന്ത്‌ എന്ന ചോദ്യത്തിനു, ഞാന്‍ എഴുതി, അത്‌ പട്ടിടെ ബിസ്കറ്റാണന്ന്. ഒരു റിലേഷനുമില്ല്യാ. നയാ എന്നുള്ളത്‌ നായാന്ന് വായിച്ചു അത്രേയുള്ളു.

  രസിച്ച്‌ വായിച്ചുട്ടോ.

  ReplyDelete
 15. ഏറനാടോ, കറുത്തവാവിന്റേം, വെളുത്തവാവിന്റേം അന്നുള്ള വേലിയേറ്റവും, ,വേലിയിറക്കവും നന്നായി.

  മാമേടെ മരുമോന്‍ തന്നെ.....

  ReplyDelete
 16. This comment has been removed by a blog administrator.

  ReplyDelete
 17. അപ്പോള്‍ അതെഴുതിയിരുന്നത് സാലിയായിരുന്നോ??
  എനിക്കപ്പഴേ തോന്നി!!

  കൊള്ളാം ചുള്ളാ.

  മാമേടേ കയ്യീന്ന് നൂറു രൂപ വാങ്ങിച്ചെടുത്ത ദിവസത്തെ സംഭവങ്ങള്‍ ഒന്ന് വിവരിച്ച് ഫ്ലാഷ് ബായ്ക്കായി ഇത് പറഞ്ഞാല്‍ എങ്ങിനെയുണ്ടായേനെ? എന്നാലോചിക്കുന്നു ഞാന്‍.

  ReplyDelete
 18. എന്റെ പൊന്നെ പോസ്റ്റുമ്പം ഈ ജാതി പോസ്റ്റണം.
  എതായാലും ഊക്കം അമ്മോനും ഉ ഊക്കന്‍ മരുമോനും.
  കിക്കിടിലന്‍.

  ReplyDelete
 19. എനിക്ക്‌ പെരുത്ത്‌ സന്തോഷായി എല്ലാരുടേയും അഭിപ്രായം അറിഞ്ഞിട്ട്‌.

  പേരെടുത്ത്‌ പറയാനാവില്ലെങ്കിലും എല്ലാര്‍ക്കും ഏവര്‍ക്കും ഈ ദിനത്തിന്റെ അന്ത്യയാമത്തില്‍ ഹൃദയംഗമമായ നന്ദി നമസ്‌കാരം... ആരേയും ഒഴിവാക്കിയിട്ടില്ല, എന്നൂടെ പ്രത്യേകം അറിയിക്കട്ടെ..

  ReplyDelete
 20. മുന്നേ തന്നെ വായിച്ചിരുന്നു ഇത്. അതിന്നു പിന്നില്‍ താങ്കളായിരുന്നുവെന്ന് ഇപ്പഴാ അറിയണെ.

  ഇപ്പോ ഇതുകണ്ടപ്പോ ഒര്‍മ്മവന്ന് ഒന്ന് ഇവിടെ പോസ്റ്റ് ആയി ഇട്ടിട്ടുണ്ട്

  http://physel-palavaka.blogspot.com/

  ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com