Sunday, 8 June 2008

ഒരു പള്ളിക്കൂടചരിതം.

ചെട്ട്യങ്ങാടി എല്‍‌പി സ്‌ക്കൂളില് ഞാന്‍ രണ്ടാം ക്ലാസ്സില്‌ പഠിക്കുന്ന കാലം. കുട്ടികള്‌ കലപില ഒച്ചയുണ്ടാക്കുന്നത്‌ നിറുത്താനായിട്ട്‌ സത്യവതിടീച്ചര്‍ കണ്ടെത്തിയ പോംവഴിയെന്താണെന്നോ, പെണ്‍കുട്ട്യോളുടെ ബെഞ്ചില്‌ ആണ്‍കുട്ട്യോളെ ഇടകലര്‍ത്തിയിരുത്തി. ഞങ്ങള്‌ പിള്ളേര്‍ക്ക്‌ ആദ്യമൊക്കെ ഒരു അടക്കോം ഒതുക്കോം ഒക്കെ ഉണ്ടായിരുന്നെങ്കിലും കുറച്ച്‌ ദിവസങ്ങള്‌ കഴിഞ്ഞപ്പോഴേക്കും അപ്പുറമിപ്പുറം ഇരിക്കുന്ന ചങ്ങായിച്ചികള്‍ക്ക്‌ പെന്‍സിലുപൊട്ട്‌ കൊടുത്തും സ്ലേയിറ്റ്‌ മായിക്കാന്‍ വഴിയ്ക്കരികില്‍ വളര്‍ന്നുനില്‍ക്കുന്ന വെള്ളത്തണ്ട്‌ പൊട്ടിച്ചുകൊണ്ടുവന്ന് കൊടുത്തും നല്ല കൂട്ടായി. എനിക്കിപ്പഴും ഓര്‍മ്മയുണ്ട്‌, എന്റെ വലതുവശത്തിരുന്നത്‌ സൈറാബാനുവും ഇടതുവശത്ത്‌ ശാന്തകുമാരിയും. ആ മുഖങ്ങളിന്നും ഓര്‍മയിലുണ്ടെങ്കിലും അവരെ അന്നുപിരിഞ്ഞിട്ട്‌ പിന്നെ കണ്ടിട്ടില്ല.

ശാന്തകുമാരിയെന്ന കറുമ്പി വലിയ കുറുമ്പിയായിരുന്നു. അവളെ കാണാന്‍ വല്യ ശേലില്ല എന്നു കളിയാക്കിയ എന്റെ ഇടതുകണ്ണിലിട്ട്‌ അവള്‍ പെന്‍സില്‍ വെച്ച്‌ കുത്തിയതിന്റെ പോറല്‍ ഒരു കറുത്തപുള്ളിയായിട്ട്‌ ഇന്നും മായാതെ എന്റെ തിരിച്ചറിയല്‍ അടയാളമായിട്ട്‌ ആധികാരികരേഖകളിലും ഇടം നേടികൊണ്ട്‌ കിടപ്പുണ്ട്‌. കുറുമ്പിശാന്ത എന്ന അവള്‍ എന്റെ കണ്ണിലിട്ട്‌ കുത്തിയപ്പോള്‍ ഞാന്‍ വലിയവായില്‍ കരഞ്ഞപ്പോള്‍ അവള്‍ അതിലും വല്യ കരച്ചില്‌ കരഞ്ഞ്‌ എന്നെ കുറ്റക്കാരനാക്കി. ടീച്ചര്‍ ഞാന്‍ പറഞ്ഞത്‌ ഗൗനിക്കാതെ എനിക്ക്‌ ചൂരല്‍ കഷായം തന്നതും, അടുത്തദിവസം കറുമ്പിശാന്ത ചോയിചേട്ടന്റെ പശുത്തൊഴുത്തില്‌ കറവക്കാരനായ അവളുടെ അച്‌ഛനെ പള്ളിക്കൂടത്തില്‍ കൊണ്ടുവന്ന് എന്നെ ചൂണ്ടിക്കാണിച്ചതും.. കരിമുട്ടിപോലെത്തെ പുള്ളിക്കാരന്‍ എന്നെ പള്ളിക്കൂടത്തില്‍ ഇട്ടോടിച്ച്‌ പിടിക്കാന്‍ ശ്രമിച്ചതും.. എല്ലാമെല്ലാം ഞാന്‍ ഒരുകാലത്തും മറക്കൂല!! ദിവസം പലവട്ടം കണ്ണാടിയില്‍ നോക്കുന്നേരം എന്റെ ഇടത്തേകണ്ണിലെ കറുത്തമറുക്‌ ആ കിടിലന്‍ സംഭവങ്ങള്‍ റീ-പ്ലേ ചെയ്തും സ്ലോമോഷനാക്കിയും സൂം-ഇന്‍ ആക്കിയും കാണിച്ച്‌ എന്നെ കിടുകിടെയാക്കാറുണ്ട്‌.

പള്ളിക്കൂടത്തില്‍ പോകുന്ന ഊറ്റം അല്‍പമില്ലാതാക്കിയ ഈ കറുമ്പിശാന്ത പിന്നീട്‌ എന്നോട്‌ കൂട്ടുകൂടാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ പുച്ഛിച്ച്‌ തള്ളി. പിന്നേയും പലവട്ടം അവളുടേ കറവക്കാരനച്ഛന്‍ ചെളിനിറമുള്ള തോര്‍ത്തും തോളത്തിട്ട്‌ മുറുക്കിത്തുപ്പിയ വിണ്ടുകീറിയ ചുണ്ടുകള്‍ കോട്ടിക്കൊണ്ട്‌ ശാന്തകുമാരിയെ കാണാനെത്തിയിരുന്നു. ഞാനന്നേരം കാണുന്ന വല്ലയിടത്തും പോയൊളിക്കും. പക്ഷെ ആ പുള്ളി അതെന്നേ മറന്നുപോയിട്ടുണ്ടായിരുന്നു എന്ന് മനസ്സിലാക്കാന്‍ ഞാന്‍ മുതിര്‍ന്നൊരാളാകേണ്ടിവന്നു.

കേട്ടെഴുത്ത്‌ കഴിഞ്ഞ്‌ താടിവാലന്‍ ഉണ്ണിമെയിതീന്‍ മാഷ്‌ എന്റെ സ്ലേയിറ്റില്‍ പലവട്ടം പൊങ്ങിപ്പോവുന്ന 'വിമാനം' പോലെ കോറിയിട്ടപ്പോള്‍ ഞാന്‍ തുള്ളീച്ചാടി സൈറാബാനുവിനും ബാക്കിലിരിക്കുന്ന യൂസഫിനും കാണിച്ചുകൊടുത്ത്‌ 'നോക്കെടീ(ടാ) പറക്ക്‌ണ ബീമാനം!' എന്നാഹ്ലാദിച്ചു. അവര്‍ കളിയാക്കി പറഞ്ഞപ്പോഴാണ്‌ അത്‌ വിമാനമല്ല, തെറ്റുത്തരം സൂചിപ്പിക്കുന്ന സിമ്പലാണെന്ന് ആദ്യമായറിയുന്നത്‌!

പിന്നെയൊരിക്കല്‍ ലീലാവതിടീച്ചര്‍ എന്റെ ഒരുത്തരത്തിനു നേരെ വല്യ മുട്ട വരച്ചുതന്നപ്പോള്‍ ഞാന്‍ അതിനു എന്റെവക കണ്ണും മൂക്കും കൈയ്യും കാലും ഒക്കെ വരച്ചുചേര്‍ത്തപ്പോള്‍ വയറില്‍ ബട്ടനുള്ള ഭാഗത്ത്‌ പിടിച്ച്‌ പിച്ചിക്കശക്കിയ ടീച്ചര്‍ പലപ്രാവശ്യം പറയാറുള്ള ഡയലോഗ്‌ ശിഷ്യഗണങ്ങള്‍ വഴി നാട്ടിലിന്നും പാട്ടാണ്‌.

"പഠിക്കത്തില്ല ചെക്കന്‍ (ചെക്കത്തി), ഉപ്പുമാവ്‌ തിന്നാനായിട്ട്‌ ഇങ്ങട്ട്‌ വന്നോളും!"

ഈ ഡയലോഗ്‌ ഒരു പ്രത്യേക താളത്തിലാണ്‌ ലീലാവതിടീച്ചര്‍ പറയാറ്‌, ആ താളത്തിനൊത്ത്‌ പൊക്കിള്‍ കൂട്ടിപ്പിടിച്ച്‌ തിരിച്ച്‌ നമ്മളേയും ഇട്ടുവട്ടം കറക്കും. അതനുഭവിക്കുന്നവന്‍(വള്‍) പൊന്നീച്ച, നക്ഷത്രം എന്നിവ ഒരുമിച്ച്‌ തലയ്ക്കുചുറ്റും കറങ്ങുന്നത്‌ കണ്ടെന്നിരിക്കും.

അങ്ങിനെയിരിക്കെ, ഒരുനാള്‍ വിദ്യാഭ്യാസവകുപ്പിന്റെ പ്രതിനിധിയായിട്ട്‌ ഒരു മീശക്കൊമ്പന്‍ സാറ്‌ ക്ലാസ്സുകളില്‍ പരിശോധനയ്ക്കെത്തി. തലേദിവസം തന്നെ ടീച്ചറമ്മാരും മാസ്‌റ്റമ്മാരും കുട്ട്യോളെ "മാനേ തേനേ" എന്നൊലിപ്പിച്ച്‌ വല്യകാര്യത്തില്‍ ഒരുനാളെങ്കിലും പുസ്‌തകം പഠിച്ചുവരാന്‍ സോപ്പിട്ടതാണ്‌. ആ മിശക്കൊമ്പന്‍ സാറ്‌ വന്നപ്പോള്‍ അവരെല്ലാം ഓഛാനിച്ച്‌ പിറകില്‍ നിന്നു. ചങ്കിടിപ്പോടെ ഞങ്ങള്‌ കുട്ട്യോളെല്ലാം ആ മീശക്കൊമ്പന്‍ ക്ലാസ്സിലെത്തിയപ്പോള്‍ എഴുന്നേറ്റുനിന്നു.

ആ സാര്‍ പാഠവിഷയങ്ങളെക്കുറിച്ച്‌ കാര്യമായൊന്നും ചോദിച്ചില്ല. പകരം വിരല്‍ ചൂണ്ടുന്ന ദിക്കില്‍ ആരാണോ ആസനസ്ഥന്‍, അവരോട്‌ പൊതുവേയുള്ള കാര്യങ്ങളാണ്‌ ആരാഞ്ഞത്‌. അങ്ങിനെ ആ മീശക്കൊമ്പന്റെ ചൂണ്ടുവിരല്‍ എന്നിലും വന്നുനിന്നു. ഞാന്‍ എഴുന്നേറ്റു. മുട്ടുകള്‍ വിറച്ചിടിക്കുന്നുണ്ട്‌.

'എന്താ പേര്‌?'

'..........'

'വീടെവിടാ? വീട്ടിലാരൊക്കെ?'

ഞാന്‍ വിറച്ചുകൊണ്ടുത്തരമോതി.

'ഉമ്മയ്‌ക്ക്‌ എന്താ പണി?'

'പൊരേല്‌ വരുന്ന വിരുന്നുകാര്‍ക്ക്‌ ചായ, കാപ്പി, ചോറ്‌ ചാറ്‌ ഉണ്ടാക്കല്‌'

'അതുശെരി! ഉപ്പ എന്തുചെയ്യുന്നു?'

'ഉപ്പ കൊല്ലത്തിലൊരിക്കെ വല്യ പെട്ടികള്‍ കാറില്‌ കൊണ്ടുവരും'

മീശക്കൊമ്പന്‍ സാറ്‌ അന്തംവിട്ട്‌ പിറകില്‍ പമ്മിനില്‍ക്കുന്ന അധ്യാപഹരെ നോക്കി.

'ഉമ്മ വീട്ടില്‌ മക്കാനി നടത്തുന്നു. ഉപ്പ പെട്ടിക്കച്ചവടവും, അല്ലേ?'

മീശക്കൊമ്പന്‍ മഞ്ഞപ്പല്ലിളിച്ചുകൊണ്ട് പരിഹാസത്തോടെ ചോദിച്ചതിനുള്ള വിശദീകരണം സത്യവതിടീച്ചറാണ്‌ കൊടുത്തത്‌.

'ഇവന്റെ ഉപ്പ ഗള്‍ഫിലാണ്‌ സാര്‍. എന്നും വിരുന്നുകാര്‍ വരുന്ന വീട്ടില്‌ ഇവന്റെ ഉമ്മയ്ക്ക്‌ ഭക്ഷണമുണ്ടാക്കാനേ നേരമുള്ളൂ'

താഴെ പൊട്ടിപ്പൊളിഞ്ഞ സിമന്റുതറയില്‍ കണ്ണുംനട്ട്‌ ഞാന്‍ പെരുവിരല്‍ കൊണ്ട്‌ വട്ടം വരച്ചുനിന്നു. മൂത്രം മുട്ടിനില്‍ക്കുന്നു. എപ്പോളാണാവോ പ്യൂണ്‍ ബെല്ല്‌ മൂന്നടിക്കുന്നത്‌?!

18 comments:

 1. പ്രിയരേ, ഒരു പള്ളിക്കൂടാനുഭവ കഥ പോസ്റ്റിയിരിക്കുന്നു.

  ReplyDelete
 2. കലക്കി ഏറനാടാ, നല്ല അസ്സല് പോസ്റ്റു..
  എന്താ പറയേണ്ട നോസ്ട..നോസ്ട എന്നോ..?
  പാവം ആ ശാന്ത കുമാരീല് സത്യം തുറന്നു പറയല് നിര്‍ത്തിയത് നന്നായി.
  ഇല്ലേല്‍ ദേഹ മാസകലം തിരിച്ചറിയല്‍ അടയാളം കിട്ടിയേനെ. :)

  'ഉപ്പ കൊല്ലത്തിലൊരിക്കെ വല്യ പെട്ടികള്‍ കാറില്‌ കൊണ്ടുവരും'
  ഇതും കലക്കി. :)

  ReplyDelete
 3. കുറുമ്പിശാന്ത കൊള്ളാമല്ലോ. ഏറനാടാ എല്ലാവര്‍ക്കും മറന്നു പോയ്യ ഒത്തിരി കഥാപാത്രങ്ങളേ ഓര്‍മ്മിപ്പിക്കാന്‍ ഈ പോസ്റ്റിനു കഴിയും. നല്ല ഓര്‍മ്മകളുടെ ഒഴുക്കു്.:)

  ReplyDelete
 4. 36 കൊല്ലം മുമ്പ് , കുത്തൊഴുകുന്ന ഒരു ഒന്നിന്റെ കലക്കനൊരു നിര്‍വൃതിയിലിരിക്കെ, ഡ്രില്ല്മാഷാല്‍ ‘തൊണ്ടി’ സഹിതം പിടിക്കപ്പെട്ടത് ഒരു നടുക്കത്തോടെ ഓര്‍മ്മ വന്നു. :)

  ReplyDelete
 5. ശരിയാ അത്
  റ്റീച്ചറ്മാരുടെ ഒരു ശിക്ഷയാ!
  ഞാന്‍ ഓര്‍ക്കുന്നു ചാക്കൊയെ പെണ്‍‌കുട്ടികളുടെ ബെഞ്ചില്‍ കൊണ്ടിരുത്തുന്നത് അപ്പോ അതുവരെ ശീമത്തരം കാണിച്ചവന്‍ പാവം പോലെ പമ്മും
  പെണ്‍കുട്ടികളുടെ ഒരു കുണുങ്ങി ചിരിക്കലും!!

  സീസറ്ററ് ഓള്‍ഗായുടെ ചെവിക്കു പിടുത്തം!
  ഹോ! ഇപ്പൊ പോലും അത് ഓര്‍ത്തപ്പോള്‍ ഞാ‍ന്‍ എന്റെ ചെവി പൊത്തീ!!

  ഡി ഇ ഒ യുടെ വരവ് ഒരാഘോഷമാ,
  ഒരാഴ്ച മുന്‍പേ മുതല്‍ പിന്നെ
  അതിനുള്ള റിഹേര്‍സലാ
  ഗുഡ് മോ‍ാ‍ാ‍ാ‍ാ‍ാ‍ാണിങ്ങ് സര്‍‌
  താങ്ക്യൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ സര്‍‌
  ഈണത്തില്‍ ക്ലാസ്സ് മുഴുവന്‍ കൂടി പറഞ്ഞു പഠിക്കുന്നത് ...
  ബുക്കുകളെല്ലാം പുതിയ ബ്രൌണ്‍ പേപ്പറില്‍ പൊതിയുന്നത് ,
  ചെമ്പരത്തി പൂ കൊണ്ട് ബോര്‍‌ഡ് തുടക്കുന്നത് ..
  അങ്ങനെ എല്ലാം ഇപ്പൊള്‍ ഒന്നു ഓര്‍ത്തു...
  നല്ല ഒഴുക്കില്‍ പറഞ്ഞ കഥ .ഇഷ്ടായി ...
  സ്നേഹാശംസകളൊടെ .... മാണിക്യം

  ReplyDelete
 6. ഈ പെണ്‍കുട്ടികളുറ്റെ ഇടയില്‍ കൊണ്ടിരുത്തുന്ന ഏര്‍പ്പാട് പണ്ട് ഞാന്‍ പഠിച്ച പ്രൈമറി സ്കൂളിലും ഉണ്ടായിരുന്നു. അപ്പോ മിക്കവാറും എല്ലാവരും ഡീസന്റാകുകയാണ് പതിവ്.

  ഓര്‍മ്മക്കുറിപ്പ് കൊള്ളാം മാഷേ.
  :)

  ReplyDelete
 7. പള്ളിക്കൂട ഓർമകൽ വല്ലാത്ത രസം
  എവിടാ‍യിർന്നു കുറെ ദിവസം
  എന്റെ ബ്ലോഗിൽ ഒരു അനുഭവം
  വയിച്ചോ ?
  ഇലഞിപൂവിണ്ടെ സുഗന്ധം
  കാശിതുമ്പ യല്ലേ വെള്ളത്തണ്ടു.

  ReplyDelete
 8. പ്രിയ സുഹ്രുത്തേ,
  ശരിക്കും സ്കൂള്‍ ജീവിതം ഓര്‍ത്തുപോയി.
  ഒരു പള്ളിക്കൂടം ചരിതംവായിച്ച്പ്പോള്‍...

  ReplyDelete
 9. ഏറനാടാ രണ്ടിലും മൂന്നിലും വര്‍ത്തമാനം പറയുമ്പോള്‍ എന്റെ അനുഭവം ആദ്യമെ വിവരിച്ചപോലെ തന്നെയായിരുന്നു

  ReplyDelete
 10. നല്ല രസികന്‍ പോസ്റ്റ് :)

  ReplyDelete
 11. വായിച്ചു. രസിച്ചു.. അല്ല രസിച്ചു വായിച്ചു..

  വായനകഴിഞ്ഞപ്പോള്‍ എന്തോ ഒരു നഷ്ടബോധം...

  വെള്ളറക്കാട്‌ യുപി.സ്കൂളിന്റെ ( ഇന്നും വലിയ മാറ്റങ്ങളൊന്നുമില്ലാതെ നില്‍ക്കുന്ന ) അരികിലൂടെ പോകുമ്പോള്‍ .. ആ പഴയ ക്ലാസില്‍ വീണ്ടും ചേര്‍ക്കുമോ എന്ന് ഓഫീസില്‍ കയറി ചോദിച്ചാലോ എന്ന് തോന്നും..

  നന്നായി വിവരിച്ചിരിക്കുന്നു. സ്കൂള്‍ ദിനങ്ങള്‍

  ഓര്‍മ്മകള്‍ക്ക്‌ കൂട്ടായി ആ അടയാളവുമുണ്ടല്ലോ...

  ReplyDelete
 12. കുട്ടികള്‌ കലപില ഒച്ചയുണ്ടാക്കുന്നത്‌ നിറുത്താനായിട്ട്‌ സത്യവതിടീച്ചര്‍ കണ്ടെത്തിയ പോംവഴിയെന്താണെന്നോ, പെണ്‍കുട്ട്യോളുടെ ബെഞ്ചില്‌ ആണ്‍കുട്ട്യോളെ ഇടകലര്‍ത്തിയിരുത്തി.

  ഇത്തരം ഒരു ചാന്‍സിനു വേണ്ടി ഞാനെത്രമാത്രം അദ്ധ്വാനിച്ചിട്ടുണ്ടെന്നോ......

  എന്തായാലും പെട്ടികളുമായി വരുന്ന വാപ്പയും ചായകൊടുക്കുന്ന ഉമ്മയും ഒത്തിരി ചിരിപ്പിച്ചു.......

  ReplyDelete
 13. താഴെ പൊട്ടിപ്പൊളിഞ്ഞ സിമന്റുതറയില്‍ കണ്ണുംനട്ട്‌ ഞാന്‍ പെരുവിരല്‍ കൊണ്ട്‌ വട്ടം വരച്ചുനിന്നു. മൂത്രം മുട്ടിനില്‍ക്കുന്നു. എപ്പോളാണാവോ പ്യൂണ്‍ ബെല്ല്‌ മൂന്നടിക്കുന്നത്‌?!
  ----
  മനോഹരമായി അവസാനിപ്പിച്ചിരിക്കുന്നു, ഈ ഓര്‍മ്മക്കുറിപ്പ്!

  തംസ് അപ്!

  ReplyDelete
 14. കലക്കീണ്ടു ട്ടാ...


  ഞാന്‍ പെരുവിരല്‍ കൊണ്ട്‌ വട്ടം വരച്ചുനിന്നു. മൂത്രം മുട്ടിനില്‍ക്കുന്നു. എപ്പോളാണാവോ പ്യൂണ്‍ ബെല്ല്‌ മൂന്നടിക്കുന്നത്‌?!


  ഇതൊക്കെ എത്ര പ്രാവശ്യം...ഹാ..ഹ..

  ReplyDelete
 15. ഹൊ..എനിക്ക്‌ വയ്യ...
  ഈ ഏറനാടന്‍ ഒരു സംഭവം തന്നെ....
  കിടിലന്‍ അനുഭവം തന്നെയാണല്ലോ... മച്ചാ.... ആദ്യമെനിക്ക്‌ ഇതൊരു
  പൊടിപ്പും തൊങ്ങലും വച്ച
  സ്കൂളനുഭവമാണോയെന്ന്‌ സംശയമുണ്ടായിരുന്നു....സത്യം..

  എന്നാല്‍ ക്ളൈമാക്സിലെ
  മൂത്രം മുട്ടിനില്‍ക്കല്‍ വന്നപ്പോള്‍...
  ഞാനുറപ്പിച്ചു ഇത്‌ ഉള്ളതു തന്നെ...
  നായകന്‍ ഏറനാടന്‍....തന്നെയെന്ന്‌..... പിന്നെ...
  വികൃതി കാട്ടുമ്പോള്‍ നമ്മുടെ
  പള്ളിക്കൂടത്തിലും ഉണ്ടായിരുന്നു ഈ ഏര്‍പ്പാട്‌.... പെണ്‍പിള്ളേരുടെ ഇടയില്‍ കയറി ഇരുത്തുമ്പോള്‌ഞാന്‍ ശരിക്കും.. വിയര്‍ത്തുപോയിട്ടുണ്ട്‌... സംഭവം ടെന്‍ഷനായിട്ടാണ്‌.....
  എന്നാല്‍.. എന്തുകൊണ്ടോ...
  അഞ്ചാം ക്ളാസ്‌ കഴിഞ്ഞതിന്‍ശേഷം...
  ആ ഇടകലര്‍ത്തല്‍ ടീച്ചര്‍മാരും
  മാഷ്മാരും പരീക്ഷിച്ചില്ല...
  എന്തൊരു നഷ്ടബോധമായിരുന്നെന്നോ..... :)

  ReplyDelete
 16. "മൂത്രം മുട്ടിനില്‍ക്കുന്നു. എപ്പോളാണാവോ പ്യൂണ്‍ ബെല്ല്‌ മൂന്നടിക്കുന്നത്‌?! "

  ഏറൂ.. നമിച്ചു! എന്താ ഒരു എഴുത്ത്‌..

  ReplyDelete
 17. ഗോപന്‍,
  വേണു,
  കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന്‍,
  മാണിക്യം,
  ശ്രീ,
  നജീബ് ചേന്ദമംഗല്ലൂര്‍: കാശിത്തുമ്പയാണോ വെള്ളത്തണ്ടെന്ന് നിശ്ചയമില്ലാട്ടോ.
  ഇഖ്ബാല്‍ റീമസ്,
  അനൂപ് എസ് നായര്‍ കോതനല്ലൂര്‍,
  ഷാരൂ,
  ബഷീര്‍ വെള്ളറക്കാട്,
  തോന്ന്യാസി,
  കൈതമുള്ള് ശശീയേട്ടന്‍,
  പയ്യന്‍സ്,
  അന്ന്യന്‍,
  പാമരന്‍

  പള്ളിക്കൂടക്കാലത്തില്‍ എന്നോടൊപ്പം ഇവിടെ കൂടിയ എന്റെ പ്രിയബ്ലോഗുസുഹൃത്തുക്കള്‍ക്ക് നന്ദി, നമസ്തേ..

  ReplyDelete
 18. കിടിലോല്‍ക്കിടിലം.
  :)

  ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com