Wednesday, 27 June 2007

തസ്‌ലീമയുടെ മുറിവ്‌!

മമ്പാട്‌ കലാലയത്തിലെ ഏടുകള്‍ ഈയ്യിടെ ബൂലോഗത്ത്‌ ഒരു പോക്കിരിവാസു നിവര്‍ത്തിയപ്പോള്‍ ഈ ഏടുകളും ഒന്നു നിവര്‍ത്തിനോക്കാനൊരു മോഹമുദിച്ചു.

പ്രീഡിഗ്രി 2-ആം കൊല്ലം ഒടുങ്ങാറായനേരമായപ്പോഴാണ്‌ ആ അവിസ്മരണീയവും എന്നാല്‍ നടുക്കമുളവാക്കുന്നതും അതിലേറെ കോരിത്തരിപ്പിക്കുന്നതുമായ ആ മഹത്തായ സംഭവം ഉണ്ടായത്‌! എന്താണെന്ന്‌ ഇപ്പോഴേ ഇങ്ങനെ കുത്തികുത്തി ചോദിക്കാതെ സോദരീ-സോദരരേ.. ആയാസത്തിലങ്ങ്‌ പറഞ്ഞുതരാം. ഒടുവിലെന്നെ കല്ലെറിയുകയോ ചീമുട്ട, തക്കാളീമുട്ടകള്‍ ഇത്യാദിവഹകള്‍ കൊണ്ടഭിഷേകം നടത്തുകയോ ചെയ്യുമോ? (ഹാസ്യകഥാപ്രാസംഗികന്‍ വീഡി രാജപ്പന്‍ തുണ!)

പ്രകൃതിരമണിയമായ താഴ്‌വാരങ്ങളും ഒരിടത്ത്‌ നട്ടുച്ചയ്‌ക്ക്‌ പോലും കൂരാകൂരിരുട്ടുള്ള റബ്ബര്‍ എസ്‌റ്റേറ്റുകളും മറുഭാഗത്ത്‌ പച്ചച്ച പാടവും അതിനരികിലൂടെ ലല്ലലം ചൊല്ലി പുളഞ്ഞൊഴുകുന്ന തോടുമുള്ള ഒറ്റപ്പെട്ടയിടത്താണ്‌ പ്രസിദ്ധരായ പലരും പഠിച്ച, പഠിക്കുന്നയാ കോളേജ്‌ - മമ്പാട്‌ കോളേജ്‌! (ഒരു നിമിഷം, ഞാനൊന്ന്‌ ശ്വാസം വിട്ടോട്ടെ!)

പുളിക്കലോടിമുക്കില്‍ നിന്നും ബസ്സുകള്‍ തിരിഞ്ഞ്‌ ഒരൊന്നൊന്നര കി.മീ പാഞ്ഞെത്തീട്ട്‌ വേണം നാനാദിക്കിലേക്കുള്ള തരുണീമണീ-ചുള്ളന്‍സിനെ പൊക്കികൊണ്ടുപോകുവാന്‍.. പലപ്പോഴും ബസ്സുകള്‍ വെളച്ചിലെടുത്ത്‌ നിറുത്താതെ വളവും തിരിഞ്ഞ്‌ മാഞ്ഞുപോവുമ്പോള്‍ പഞ്ചാരവര്‍ത്തമാനത്തിന്‌ ഇത്തിരിനേരം കൂടി കിട്ടിയല്ലോ എന്നാശ്വസിച്ച്‌ നില്‍ക്കുന്നവരാണധികവും..

ഇനി സംഭവത്തിലേക്ക്‌ എത്തിനോക്കിയാലോ? ഇമ്മാതിരി സംഭവം ഈ കാമ്പസിലേ ഉണ്ടായിട്ടുണ്ടാവൂ, റിക്കാര്‍ഡ്‌ തിരുത്തിയതായി 15 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതേവരേ വാര്‍ത്തയൊന്നുമില്ല.

ക്ലാസ്സിലെ മൊഞ്ചുള്ള കുട്ടിയായിരുന്നു അവള്‍ - തസ്‌ലീമ! ഒത്തിരി ദൂരേന്നും ബസ്സില്‍ കോളേജിലെത്തുന്ന കൂട്ടത്തിലെ ഹൂറി (അപ്‌സരസ്സ്‌) പോലെയാണവള്‍ തസ്‌ലീമ. അവളോടൊന്ന്‌ കൂട്ടുകൂടുവാന്‍ ഒരു കടാക്ഷം ലഭിക്കുവാനായി പല യുവമനസ്സുകളും കൊതിച്ചിരുന്നു. അങ്ങിനെയുള്ള തസ്‌ലീമക്കിങ്ങനെയൊരു അത്യാഹിതം സംഭവിച്ചല്ലോ പടച്ചോനേ!

അന്നും എന്നുമെന്നപോലെ 'നാസിക്‌' ബസ്സ്‌ താളത്തിലുള്ള ഹോണ്‍ മുഴക്കി കോളേജിനടുത്തുള്ള സ്‌റ്റോപ്പിലെത്തി. അരീക്കോട്‌ വഴി കുറ്റ്യ്‌ആടിയിലേക്കുള്ള നാസിക്കിലാണ്‌ അവള്‍ തസ്‌ലീമ എന്നും പോകാറുള്ളത്‌. അസാധാരണമായി അല്‍പദൂരം മാറിയാണ്‌ നാസിക്ക്‌ നിന്നത്‌. പിള്ളേരെല്ലാം ബോംബ്‌ പൊട്ടിയപ്പോള്‍ ഓടുന്നവരെപോലെ നാസിക്കിനടുത്തേക്ക്‌ പായുന്നു..

തിക്കിതിരക്കി വാതിലിനടുത്ത്‌ നില്‍ക്കുന്ന കിളിയെ ഞെരുക്കി പലരും ബസ്സിനകത്തെത്തി. പക്ഷെയിനിയും ഒത്തിരി പെണ്ണുങ്ങള്‍ കയറാനുണ്ട്‌. കിളിചെക്കനവരെ കയറ്റണമെന്നുണ്ടെങ്കിലും നാസിക്കിന്റെ മൊശടന്‍ ഡ്രൈവര്‍ വണ്ടിവിട്ടു. അന്നേരം...!

ദേഹം പാതി ബസ്സിലും പാതി വഴിയിലുമായി ഒരു സുന്ദരി കിടക്കുന്നു! പടച്ചോനേ തസ്‌ലീമ! അവള്‍ ഇമ്പമാര്‍ന്ന സ്വരത്തില്‍ അലറിതുടങ്ങി. ചെക്കന്‍സ്‌ ഓടിയടുത്തു. ഒരു ചാണ്‍ വ്യത്യാസത്തിലാ തസ്‌ലീമ മരണഹസ്‌തത്തില്‍ നിന്നും ഊരിവന്നത്‌. അവള്‍ തെറിച്ച്‌ വീണ്‌ റോഡിനരികിലെ പുല്ല്‌ കിളിര്‍ത്ത ഭാഗത്ത്‌ മലര്‍ന്ന്‌ കിടന്നു. നൂറുകണക്കിന്‌ കോളേജ്‌ കുമാരന്മാരുടെ മനസ്സിലേക്കാണ്‌ തസ്‌ലീമ വന്നുവീണിരിക്കുന്നത്‌, ഒരുള്‍ക്കിടിലത്തോടെ..

ഒന്നും സംഭവിച്ചില്ലെന്ന മട്ടിലവള്‍ എഴുന്നേറ്റു കൈകുടഞ്ഞു പൂച്ചക്കണ്ണുകളാല്‍ നാസിക്കിലെ കിളിചെക്കനെ നോക്കി മുറുമുറുത്തു. തെറിച്ചുപോയ വാനിറ്റി ബാഗ്‌ ഒരു ചെക്കന്‍ എടുത്തുകൊണ്ട്‌ പൊടിതട്ടികൊടുത്തു. അപ്പോഴാണവള്‍ കീഴോട്ട്‌ നോക്കുന്നത്‌. നടക്കാന്‍ ഇത്തിരി പ്രയാസമുണ്ട്‌.

ആ വഴിയെത്തിയ ഒരു ജീപ്പില്‍ കുമാരന്മാരില്‍ ചിലര്‍ തസ്‌ലീമയെ പിടിച്ചു പിടിച്ചില്ലാ എന്നമട്ടില്‍ കയറ്റി. നിലമ്പൂരാശുപത്രിയിലേക്ക്‌ വിട്ടു, ഒരു പ്രഥമ ശുശ്രൂഷ ചെയ്യേണ്ടേ, പലരും നിര്‍ബന്ധിച്ചപ്പോള്‍ കുമാരികളില്‍ കുമാരിയായ അവള്‍ സമ്മതിച്ചു. നാസിക്കിലെ ഡ്രൈവറെ താക്കിത്‌ ചെയ്‌ത്‌ ഒരു ഉന്തും തള്ളുമൊക്കെയുണ്ടാക്കിയതിനു ശേഷം കുമാരന്മാരുടെ നേതാക്കള്‍ സംഗതി ഒതുക്കിയിരുന്നു.

ദിവസങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരിക്കുന്നു... തസ്‌ലീമ ഇല്ലാതെ മമ്പാട്‌ കലാലയം കലാപം കഴിഞ്ഞുള്ള ദേശം പോലെ ശോകമൂകമായിരിക്കുന്നു. അവളെ ആശുപത്രിയില്‍ കിടത്തിയിരിക്കുകയാണത്രേ. നേരിയ ചതവും ദേഹത്ത്‌ അല്‍പം മുറിവും ഉണ്ടത്രേ. എന്നും അവളെ സന്ദര്‍ശിക്കുന്നുണ്ട്‌ കുമാരികളേക്കാളും അധികം കുമാരന്‍സ്‌!

കുമാരന്‍സില്‍ പോയവര്‍ തന്നെ വീണ്ടും വിണ്ടും സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നു. സൂപ്പര്‍ ഹിറ്റ്‌ സിനിമ പോലും മൂന്നിലധികം തവണ കണ്ടാല്‍ പിന്നെ ആയിടത്തേക്ക്‌ നോക്കാത്തവര്‍ എന്നുമെന്നും ക്ലാസ്‌ കട്ടാക്കി ഉച്ചപ്പടത്തിനു പോവുന്നപോലെ ആശുപത്രിയില്‍ തസ്‌ലീമയെ സന്ദര്‍ശിക്കുന്നതിന്റെ പൊരുള്‍ തലപുകച്ചാലോചിച്ചിട്ടും കിട്ടാഞ്ഞ്‌ ഒടുവില്‍...

വൈകിയാണെങ്കിലും ഞാനും ഒന്നുപോയി തസ്‌ലീമയെ കാണാനും സുഖവിവരം ആരായാനും തീരുമാനിച്ചു. പക്ഷെ വിധി മറ്റൊന്നായിപോയി!

അവള്‍ ആശുപത്രി വിട്ടു. വീട്ടില്‍ വിശ്രമിക്കുകയാണത്രെ. ശ്ശെടാ.. വൈകി വന്ന ബുദ്ധിയെ പഴിച്ചു ഞാന്‍..

നിത്യവും തസ്‌ലീമയെ പോയികണ്ടിരുന്ന ഒരു കുമാരനോട്‌ അതിന്റെ ഗുട്ടന്‍സ്‌ ചോദിച്ചു. അപ്പോള്‍ എനിക്ക്‌ പൊട്ടിക്കരയാന്‍ തോന്നി. എന്തൊരു നഷ്‌ടമായിരുന്നുവതെന്നാലോചിച്ച്‌.

ഇനി ദുരൂഹതയുടെ മറ പൊളിച്ചുനീക്കാം...

തസ്‌ലീമ എന്ന സുന്ദരി കാല്‍മുട്ടിന്‌ അല്‍പം മുകളില്‍ അപകടത്തിലുണ്ടായ ചെറുമുറിവ്‌ വരുന്നവര്‍ക്കെല്ലാം കാണിച്ചുകൊടുത്തിരുന്നു!! ഒരുത്തന്‍ പറേണത്‌ 'അവളുടെ രാവുകളി'ലെ സീമയെ പോലെ എഴുന്നേറ്റ്‌ നിന്നാ പൊക്കിക്കാണിച്ചിരുന്നത്‌ ഈ മുറിവെന്നാണ്‌.

എനീക്ക്‌ എന്തെന്നില്ലാത്ത ഒരു ഫീലിംഗ്‌ മനസ്സില്‍ മൂടല്‍മഞ്ഞായി കിടന്നു.. ആരുമെന്തേ ഇതാദ്യം പറഞ്ഞീല?!

25 comments:

 1. "തസ്‌ലീമയുടെ മുറിവ്‌!" - സുഹൃത്തുക്കളേ ഒരിടവേളയ്‌ക്കൊടുവില്‍ ഒരു തമാശസംഭവമിടുന്നു. മറുമൊഴിയിലേക്ക്‌ കൂടുമാറിയതിന്‌ ശേഷമിടുന്ന ആദ്യപോസ്‌റ്റ്‌, ബൂലോഗത്തെത്തിയിട്ട്‌ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഉള്ള പോസ്‌റ്റുമാണ്‌. അഭിപ്രായം അറിയിക്കുമല്ലോ.. :)

  ReplyDelete
 2. ഏറനാടന്‍ അഭിപ്രായം ചോദിച്ചത് കൊണ്ട് മാത്രം പറയുന്നു, പുത്തന്‍ ഷൂസ് ചളിയില്‍ പൂണ്ടാല്‍ തോന്നുന്ന ഈറയാണ് ഈ തമാശ സംഭവം വായിച്ചപ്പോള്‍ തോന്നിയത്.

  ബ്ലോഗിന്റെ ഒന്നാം വാര്‍ഷികത്തിന് ആശംസകള്‍.

  ReplyDelete
 3. രേഷ്‌മ നന്ദി; ആദ്യാഭിപ്രായം തന്നതില്‍.. ഈ 'ഈറ' എന്നാല്‍ എന്താണ്‌? ഈറന്‍ എന്നാണോ ഉദ്ധ്യേശിച്ചേ? :)

  ReplyDelete
 4. ഒന്നാം വാര്‍ഷിക ആശംസകള്‍.

  തസ്‌ലീമ കലക്കി മോനെ. 5-8 ദൗസായല്ലോ കണ്ട്‌ട്ട്‌. എവടെയ്നി.

  ഈറ ന്ന് പറഞ്ഞാല്‍ ദേഷ്യമ്ന്നാണ്‌ അര്‍ഥം ന്ന് ഞാന്‍ പറയുലാ, ഇഞ്ഞി അയ്ന്റെ പേര്‌ല്‌ ഒരു ബെട്ടും കുത്തും ഒയ്‌വാക്കണ്‌ ഇന്റെ തടിക്ക്‌ നല്ലത്‌.

  പാര്‍ട്ടി എപ്പോയാണെന്ന് പോക്കറ്റിലെ കുന്ത്രണ്ടത്തില്‍ കുത്തി കുത്തി ഒന്ന് വിള്‍ച്ചി പറയോ.

  ReplyDelete
 5. ഏറനാടാ, തസ്‌ലീമയുടെ മുറിവ് കാണാന്‍ എന്നാല്‍ നേരേ അവളുടെ വീട്ടിലേക്ക് വിട്ടുകൂടായിരുന്നോ? ഓര്‍മ്മകളെല്ലാം മനസ്സില്‍ കൊണ്ടുനടക്കാതെ ഓരോന്നായി എഴുതിവിടൂ. പിന്നെ ചീമുട്ടയും മറ്റും കമന്റുരൂപത്തിലല്ലേ വരൂ മാഷേ, പേടിക്കേണ്ട :)

  ഒന്നാം വാര്‍ഷികാശംസകള്‍.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. തസ്ലീമയുടെ മുറിവു വായിച്ചു. താങ്കള്‍ ആണു ആ മുറിവു കാണാന്‍ എന്നും പോയിരുന്നതെന്നു ഒരു പൂര്‍വ്വ വിദ്യാര്‍തി പറഞ്ഞു അറിഞ്ഞു.

  നാസിക്‌ ബസ്സിന്റെ കിളിക്കും, ഡ്രൈവര്‍ക്കും, മാത്രുഭൂമി പത്രം വാങ്ങി കൊടുക്ക്‌. അവരും അറിയട്ടെ യതാര്‍ഥ പത്രത്തിന്റെ ശക്തി[പുതിയ റ്റിവി പരസ്യം കാണുക]

  തുടര്‍ന്നും എഴുതുക,
  സെനു...
  പഴമ്പുരാണംസ്‌.....

  ReplyDelete
 8. :)
  ഒന്നാം വാര്‍ഷികാശംസകള്‍!
  -സുല്‍

  ReplyDelete
 9. ഒടുവിലെന്നെ കല്ലെറിയുകയോ ചീമുട്ട, തക്കാളീമുട്ടകള്‍ ഇത്യാദിവഹകള്‍ കൊണ്ടഭിഷേകം നടത്തുകയോ ചെയ്യുമോ?

  അങ്ങനെ ചെയ്യാനാണ് ആദ്യം തോന്നിയത്.
  ഒന്നാം വാര്‍ഷികാശംസകള്‍

  ReplyDelete
 10. ഏറനാടാ :)
  വാര്‍ഷിക പോസ്റ്റിനാശംസകള്‍.....

  ReplyDelete
 11. ആശംസകള്‍.

  ഓടോ:
  ഏറനാടനെ നന്നായി അറിയാവുന്ന ഫ്രന്‍സായത് കൊണ്ടാണൊ... ?

  ഞാന്‍ എപ്പോ ഓടീന്ന് ചോദിച്ചാ മതി.

  ReplyDelete
 12. “ആരുമെന്തേ ഇതാദ്യം പറഞ്ഞീല?“

  ഏറു ആളന്നേ ഫേമസായിരുന്നല്ലേ :)

  ബ്ലോഗ് വാര്‍ഷീകാശംസകള്‍ :)

  ഇനിയും ഇതുപോലെ ഒത്തിരിയെഴുതാന്‍ ഏറനാടനാവട്ടെ എന്നാശംസിക്കുന്നു!

  ReplyDelete
 13. അബ്‌ദുല്‍ അലീ നന്ദി. ഇജ്ജ്‌ ഇബടേം ഉണ്ടൊ ചെങ്ങായേ? ഞമ്മക്കേ ഇബടേങ്കിലും നല്ല അദബുള്ള (മര്യാദ) സോദരരായി വാഴാന്നേയ്‌. മറുമൊഴി അലുക്കുലുക്കാക്കരുതല്ലോ.. :)

  മഴത്തുള്ളിജീ :) തസ്‌ലീമയുടെ വീട്ടില്‍ പോയി മുറിവ്‌ കാണാനോ! മുറിവല്ല അവളുടെ മുറി കാണാം. ഒടുക്കം ഏത്‌ ഷേയിപിലാ തിരിച്ചെത്തുകാന്നറീല!

  സേനൂ ഈപ്പന്‍ തോമസ്സ്‌ നന്ദി നമസ്കാരം. ഇതിലും വല്യ പേരില്ലേ സുഹൃത്തേ? ഹിഹി..

  സുല്‍ താങ്ക്സ്‌. തേങ്ങാ കച്ചോടം ഇല്ലേ ഇപ്പോള്‍? :)

  വേഴാമ്പലേ നന്ദി ഇവിടം വന്നീ രംഗം കണ്ടതിന്‌..

  പൊതുവാള്‌ജീ വന്നതില്‍ നന്ദി നേരുന്നു.


  ഇത്തിരിമാഷേ താങ്ക്യൂ, മാഷിപ്പോള്‍ ഓടിക്കോ, ഞാന്‍ നാസിക്ക്‌ ബസ്സിലെത്തി പിടിച്ചോളാട്ടോ.. :)
  രേഷ്‌മ നന്ദി ആദ്യാഭിപ്രായം തന്നതില്‍.. ഈ 'ഈറ' എന്നാല്‍ എന്താണ്‌? ഈറന്‍ എന്നാണോ ഉദ്ധ്യേശിച്ചേ? :)

  അഗ്രജന്‍ ഭായി ഒരുപാട്‌ നന്ദി ആ നല്ല പിന്തുണയ്‌ക്ക്‌...

  ReplyDelete
 14. സംഭവം ഉഗ്രന്‍ മാഷേ, എങ്കിലും അല്പം അക്രമമായിപ്പോയില്ലേ എന്നൊരു സംശയം.'അവളുടെ രാവുകളിലെ സീമയെ പോലെ എഴുന്നേറ്റ്‌ നിന്നാ പൊക്കിക്കാണിച്ചിരുന്നത്‌‘ ഇതൊഴിവാക്കയിരുന്നു.

  ReplyDelete
 15. ആപ്പിള്‍ കുട്ടാ :) ക്ഷമിച്ചുകള ഇനി ഈ നാടന്‍ സൂക്ഷിച്ചുകൊള്ളാം, ഒരു 'A' സെര്‍ട്ടിഫിക്കറ്റ്‌ തൂക്കിയാല്‍ മതിയാവുമോ? ബൂലോഗരേ എന്താ നിങ്ങളുടെ മൊത്തമഭിപ്രായം? മുന്നറിയിപ്പിട്ടാല്‍ മതിയോ ഇത്തരം പോസ്‌റ്റുകളില്‍?

  ReplyDelete
 16. നല്ല ഒഴുക്കുള്ള എഴുത്ത്. നന്നായിട്ടുണ്ട്.
  പക്ഷെ അവസാനം ഒരു കല്ലു കടി. സംഭവത്തിനാണോ എഴുത്തിനാണോ..അറിയില്ല.

  ReplyDelete
 17. അയ്യോ, ഏറനാടന്‍ മാഷേ, ഒരു പതിനാറുകാരി തന്റെ കാലിലുള്ള മുറിവ് സഹപാഠികളായ കുമാരന്മാരെ കാണിച്ചു എന്നതിന് ഇത്തരം ഒരു താരതമ്യം വേണ്ടിയിരുന്നോ എന്നേ ഞാന്‍ എഴുതീട്ടുള്ളൂ. അതൊഴികെ ആ പോസ്റ്റിലെ എല്ലാ വരികളും ആസ്വദിക്കുകയും ചെയ്തു. ഒരു സര്‍ട്ടിഫിക്കറ്റും തൂക്കേണ്ട ആവശ്യമില്ല, ഇനിയും ഇത്തരം നല്ല പോസ്റ്റുകള്‍ മാഷില്‍ നിന്ന് പ്രതീക്ഷിക്കുന്നു. ഞാനെഴുതിയ കമന്റ് ഒരു ആസ്വാദകനുള്ള സ്വാതത്രതിന്റെ അതിരുകള്‍ ലംഘിച്ചുവെങ്കില്‍ ദയവായി ക്ഷമിക്ക് മാഷേ.

  ReplyDelete
 18. :)

  ഒന്നാം വാര്‍ഷികാശംസകള്‍!

  ReplyDelete
 19. ഹ ഹ ഹ....

  വാര്‍ഷികാശംസകള്‍..

  ആ രണ്ട് വെണ്ടക്കാ (!!) യുടെ അവിടെ വച്ച് നിറുത്തിയാരുന്നേല്‍ ഫിനിഷിംഗ് മെച്ചമായിരുന്നേനെ എന്ന് തോന്നി മാഷേ.. ;)

  ReplyDelete
 20. ആപ്പിള്‍ കുട്ടാ ഇങ്ങനെ ചിണുങ്ങാതെ, ചീയറപ്പ്‌!

  ഉണ്ണിക്കൂട്ടാ നന്ദി

  സതീഷിനും നന്ദി

  മനു ഇനി വെണ്ടക്കയില്‍ നിറുത്താം.. നന്ദി.. :)

  ReplyDelete
 21. ഏറനാടാ... നീ അവളെ കാണാന്‍ പോവാത്തതു നന്നായി അല്ലെങ്കില്‍ ഐ.വി.ശശിയുടെ ഗതിയായാനെ നിനക്ക് ..

  ReplyDelete
 22. വാര്‍ഷികാശംസകള്‍, ആദ്യം തന്നെ!

  മനു പറഞ്ഞത് ശര്യാ, ഏറനാടാ! ഇരുന്നോ കിടന്നോ കാണിച്ചത് എന്നതും ആവശ്യല്ലാതെ സീമാ‍ന്റീനെ വിളിച്ചോണ്ട് കൊണ്ട് വന്നതും അധികപ്പറ്റ് തന്നെ.

  (ആ മൂടല്‍ മഞ്ഞില്‍ മൂടി‍ക്കിടക്കുന്ന ഫീലിംഗാണത് ഏറനാടനെക്കൊണ്ട് ചെയ്യിച്ചതെന്നറിയാം, എന്നാ‍ലും....)

  ReplyDelete
 23. ഹലോ....ഏറനാടന്‍
  ഞാന്‍ മന്‍സൂര്.നിലംബുര്‍ മുക്കട്ടയില്‍ താമസിക്കുന്നു.
  സൌദിയിലെ ജിദ്ദയില്‍ ജോലി ച്ചെയുന്നു.
  നിങളുടെ മിക്ക രചനകളും വായിക്കാറുണ്ടു.
  നന്നായിട്ടുണ്ടു.
  വലിയ എഴുത്തുകാരന്‍ അല്ലെങ്കിലും ...നിങളുടെ
  എഴുത്തുകള്‍ ഞങള്‍ക്കു....നല്ല ഒരു വഴികാട്ടിയാന്ന്.

  നന്‍മകല്‍ നേരുന്നു.....സസ്നേഹം...മന്‍സൂര്‍,നിലംബൂര്‍.

  ReplyDelete
 24. ഏറനാടാ...കഴിഞ്ഞ ദിവസം മമ്പാടു കോളജു വഴി പോയി വന്നതേയുള്ളൂ. കഥ രസിച്ചു.
  എ ഞമ്മക്കു ബേണ്ട.... ജ്ജ് ബിയാക്കിക്കോളീ.....യേത്...

  ReplyDelete
 25. കൈതമൂള്‍ ശശിയേട്ടനും, മന്‍സൂര്‍ നിലമ്പൂരിനും സുനീഷ്‌ തോമസ്സിനും വന്നതിലും വായിച്ചതിലും രേഖപ്പെടുത്തിയതിലും നന്ദി നമസ്കാരം.

  സുനീഷ്‌ മമ്പാട്‌ കോളെജിപോയെന്നോ? അവിടെ ഇപ്പോഴും ആ അക്കേഷ്യാകാടുകള്‍ ഉണ്ടോ? ഹോ അതിനു ചുവട്ടിലെത്രെയെത്ര പ്രണയങ്ങള്‍ മൊട്ടിട്ടിരുന്നുവെന്നോ!

  ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com