
കൂടണയാന്‍ പോവുന്ന പറവകളെ നോക്കിയതിനു ശേഷം കിളിവാതില്‍ പതിയെ ചാരിയിട്ട് ഭാനുപ്രിയ തിരിഞ്ഞു നിന്നു. ചുണ്ടിലും മാറത്തും കാലത്തുണ്ടായ നഖക്ഷതങ്ങളില്‍ വിരലോടിച്ച് നാണിച്ച് മന്ദഹസിച്ചുകൊണ്ട് അവള്‍ മുറിയിലേക്ക് ഓടിചെന്ന് മെത്തയില്‍ കമിഴ്‌ന്നുകിടന്നു. മങ്ങിയ വെളിച്ചത്തില്‍ അവിടെയൊരു മൂലയിലെ പീഠത്തിലെ പീലി ചൂടിയ കണ്ണന്‍ എല്ലാം നോക്കികൊണ്ട് പുല്ലാങ്കുഴലൂതി പുഞ്ചിരിച്ച് നില്‍ക്കുന്നു.
കസവിന്റെ ഇറുകിയ ബ്ലൗസ്സും അതേ നിറത്തിലുള്ള പാവാടയുമിട്ട്, നേരത്തെ ക്ഷേത്രത്തില്‍ പോയപ്പോള്‍ ധിരിച്ചതാണിത്. നെറ്റിയില്‍ ചന്ദനക്കുറിയും. എല്ലാം കണ്ടുകൊണ്ട് ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ പുഞ്ചിരി തൂകിനില്‍ക്കുന്നുവോ?
നീരാടുവാന്‍ കാലത്ത് പുഴയില്‍ പോയതും അവിടെ സംഭവിച്ചതുമെല്ലാം ഓരോരോ രംഗങ്ങളായിട്ടവള്‍ ഓര്‍ത്തു. കമിഴ്‌ന്ന കിടപ്പില്‍ കാലുകള്‍ പിന്നാക്കംവെച്ച് ഉയരത്തില്‍ ആട്ടികൊണ്ടിരുന്നുണ്ട്. പാദസരങ്ങള്‍ കിലുങ്ങുന്ന സ്വരം മാത്രം നിശ്ശബ്‌ദതയെ ഭംഗം വരുത്തി. പെട്ടെന്ന്...
"ഭാനൂ.. എവിടെപോയി ഈ കുട്ടി? സന്ധ്യാദീപം തെളിയ്‌ച്ചുവെയ്‌ക്കാന്‍ എന്താത്ര അമാന്തം?"
അമ്മായീടെ വിളിയാണ്. ഭാനുപ്രിയ സ്വപ്‌നം മതിയാക്കി എഴുന്നേറ്റ്, മുടിയൊതുക്കി കെട്ടിവെച്ച് മുറിയിലെ ഒരു കോണിലുള്ള പീഠത്തില്‍ വെച്ച ചന്ദനത്തിരി എടുത്ത് കത്തിച്ചു. മുഖത്തോട് അടുപ്പിച്ച് അതിന്റെ സുഗന്ധം ആസ്വദിച്ച് കണ്ണുകള്‍ പാതിയടച്ചുനിന്നു. ചന്ദനത്തിന്റെ ധൂളികള്‍ പരത്തിയിട്ട അവളുടെ മുടിയിഴകളിലൂടെ പതുക്കെയൊഴുകുന്നു. ഭാനുപ്രിയ പതിയെ കണ്‍തുറന്ന് ഭഗവാനെ ദര്‍ശിച്ച് തിരിയാലൊരു വട്ടം ഉഴിഞ്ഞ് നിര്‍ന്നിമേഷയായി തൊഴുതു നിന്നു. അപ്പോഴും താഴേന്ന് വിളി തന്നെ...
"ഭാനൂ.. ചത്തോ ഇക്കുട്ടി!"
സ്വപ്‌നങ്ങള്‍ക്കറുതി വന്ന ദേഷ്യം അടക്കിപ്പിടിച്ച് വിളിയ്‌ക്ക് മറുപടി അറിയിക്കാതെ താഴേക്ക് ധൃതിയില്‍ പുറപ്പെട്ടു. താഴേ വരുമ്പോള്‍ കയര്‍ത്തു നില്‍ക്കുന്ന അമ്മായി. അമ്മയില്ലാത്ത തന്നെ വളര്‍ത്തി വലുതാക്കിയ സ്ത്രീയാണ്. ഇതുവരെ തല്ലുകയോ നുള്ളുക പോലും ചെയ്തിട്ടില്ലേലും എത്ര തവണ ഒരു ദിനം ശകാരിക്കുന്നതെന്ന് എണ്ണിയാലേ കൃത്യമായിട്ട് അറിയൂ. എന്നാലും ആ ശകാരത്തിലും ഒരു പുന്നാരം ഒളിഞ്ഞിരിപ്പുണ്ടാവും. അതുകൊണ്ട് ശകാരം കിട്ടാനുള്ള എന്തെങ്കിലും ഒപ്പിക്കുവാന്‍ തിടുക്കമാവും.
"എന്താ ഭാനൂവേ? വല്ല ഗന്ധര്‍വനോ മറ്റോ വന്നുവോ ചങ്ങാത്തത്തിന്? മാളികേലും മുറീലും തന്നെയാണല്ലോ ഇന്നുച്ച തൊട്ട് തന്റെ വാസം? ജീവന്‍ തിരിച്ചുകിട്ടിയതിന് ഭഗവാനോട് നന്ദി പറയാണ്ട് അതുമിതും ചിന്തിച്ച് വെറുതെ..."
ഭാനുപ്രിയ ഒന്നും ഉരിയാടിയില്ല. അവള്‍ എല്ലാം കേട്ടുകൊണ്ട് അകത്തുപോയി ദീപവിളക്ക് തുടച്ചുവൃത്തിയാക്കി. ഉമ്മറക്കോലായില്‍ ദീപവുമായി പ്രത്യക്ഷപ്പെട്ടു. അമ്മായി തൊഴുതു.
അവള്‍ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് നാമം നല്ലയീണത്തില്‍ ചൊല്ലി. അമ്പലത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയുടെ സ്വരം കേള്‍ക്കുന്നുണ്ട്. തിരക്കു തുടങ്ങുന്നതിന് മുന്‍പ് നാലുമണിയ്‌ക്ക് നട തുറന്നയുടനെ അവരിരുവരും പോയി തൊഴുതു വന്നതാണ്.
ഇരുട്ട് പരന്നു തുടങ്ങി. ഒരു മോട്ടോര്‍ ബൈക്കിന്റെ ശബ്‌ദം പടിപ്പുരയുടെ സമീപം വന്നു നിലച്ചു. അവള്‍ നാമജപം നിറുത്തി നോക്കി. അമ്മായിയും അങ്ങോട്ട് ശ്രദ്ധിച്ചു.
വലിക്കുന്ന സിഗരറ്റ് പടിപ്പുരയിലിട്ട് കാലുകൊണ്ട് ചതച്ച് കയറിവരുന്നു രവിവര്‍മ്മത്തമ്പുരാന്‍! ദീപം തെളിഞ്ഞു കത്തുന്നത് കണ്ട് മുണ്ടിന്റെ മടക്ക് താഴ്‌ത്തിയിട്ട് ബഹുമാനം കാണിച്ചതായി ഭവിച്ചു.
ഭാനുപ്രിയ ശ്രദ്ധിച്ചതായി നടിക്കാതെ അകത്തേക്ക് നടന്നു. അമ്മായി സന്തോഷത്തോടെ എഴുന്നേറ്റു. അവര്‍ക്ക് തമ്പുരാനെ വലിയ ജീവനാണ്. രണ്ടു സ്ത്രീകള്‍ മാത്രം താമസിക്കുന്ന പുരയ്‌ക്ക് ഒരു കാവലും എന്തിനുമേതിനും ആണൊരുത്തന്‍ ഉണ്ടല്ലോ എന്ന് പറയുകയും ആവാലോ. അതാണ് ആ തള്ളയുടെ ചിന്ത.
ഇളകുന്ന കാലുള്ള കസേരയിലൊന്ന് അവര്‍ മാറില്‍ ഇട്ടിരുന്ന തുണിയെടുത്ത് തുടച്ച് നീക്കിയിട്ടുകൊടുത്തു. രവിവര്‍മ്മതമ്പുരാന്‍ അതിലിരുന്ന് ഒരു കാലെടുത്ത് മറ്റേതിനു മുകളില്‍ വെച്ച് ആട്ടികൊണ്ടിരുന്നു. മുഖത്ത് സന്തോഷമൊന്നുമില്ല. ആരോടോ ഉള്ള പക തെളിഞ്ഞു കാണാം.
"എന്താ തമ്പുരാന്‍ചെക്കാ കടന്നലു കുത്തിയോ മൊഖത്ത്?"
"കടന്നലാണേല്‍ മഞ്ഞളു തേച്ചാ ആക്കം കിട്ടുമായിരുന്നു. ഇതിപ്പോ മനസ്സിലല്ലേ കുത്തിയത്, ഒരു ഏമ്പോക്കി..."
അവന്‍ പല്ലിറുമ്മി ഇരുന്നു.
"ഭാനൂട്ടിയെ അധികം വെളീല് കറങ്ങാന്‍ വിടേണ്ട അമ്മായീ. വെള്ളം കുടിച്ച് ചാവാനല്ലാ, ചിലപ്പോ മാനം പോയി മരിക്കാനാവാം അവളുടെ വിധി!"
"എന്താ ഈ പറേണേ ചെക്കാ..!"
"ജീവിതത്തീ ആദ്യായിട്ട് സ്വന്തം തറവാട്ടുമുറ്റത്ത് വലിയേട്ടന്‍ എന്നെ എല്ലാരേം മുന്നീല് കൊച്ചാക്കി. ഒരു മാപ്പിള കാരണം."
"അവനെ ഈശ്വരനാ അവിടെ വരുത്തിയത്. നെഞ്ചും വിരിച്ച് നടക്കുന്ന ഒരുത്തനും ഇല്ലായിരുന്നല്ലോ അന്നേരം അവിടെ?"
രവിവര്‍മ്മതമ്പുരാന്‍ ഒന്നും മിണ്ടിയില്ല. അകത്തേക്ക് ഒളികണ്ണിട്ട് നോക്കി. ഭാനുപ്രിയ വാതിലിനപ്പുറം പെട്ടെന്ന് ഒളിച്ചത് കണ്ടു. അവള്‍ എല്ലാം കേട്ടുകൊണ്ട് നില്‍ക്കുകയായിരുന്നു. അമ്മായി ന്യായീകരിച്ചു കൊണ്ട് തുടര്‍ന്നു:
"അന്യജാതീലെ ഒരുത്തന്‍ വരേണ്ടി വന്നു ഭാനുവിനെ രക്ഷിക്കാന്‍. അതിനയാള്‍ക്ക് പൊന്നും മറ്റും കൊടുക്കുകയായിരുന്നു വേണ്ടീരുന്നത്. എന്നിട്ടതിനെ തല്ലിച്ചതച്ചുവല്ലേ?"
രവിവര്‍മ്മതമ്പുരാന്‍ ദേഷ്യത്തില്‍ എഴുന്നേറ്റ് ഒന്നും ഉരിയാടാതെ ഇറങ്ങി നടന്നു. ആ ഊക്കില്‍ കസേര മറിഞ്ഞുപോയി. അയാള്‍ ശരവേഗത്തില്‍ പടിപ്പുര കടന്ന് മറഞ്ഞു. ബുള്ളറ്റ് ബൈക്ക് സ്‌റ്റാര്‍ട്ടാക്കി ഓടിച്ചു പോയിമറയുന്നതിന്റെ ശബ്‌ദം അകന്നു ഇല്ലാതായി. മനസ്സില്‍ ചില ഗൂഢപദ്ധതികള്‍ തികട്ടിവരുന്നുണ്ടായിരുന്നു അയാളില്‍. ചിവീടുകളുടെ കലമ്പല്‍ അന്തരീക്ഷത്തില്‍ നിലയ്‌ക്കാതെയുണ്ടായിരുന്നു.
മാളികയിലെ ജനാലയിലൂടെ വെറുപ്പോടെ തമ്പുരാന്റെ പോക്കും നോക്കികൊണ്ട് ഭാനുപ്രിയ മുറിയിലേക്ക് പോയി. കോവിലകമുക്കിലെ ലൈബ്രറിയില്‍ നിന്നും ദിവസങ്ങള്‍ക്കു മുന്‍പെടുത്ത ഒരു കഥാപുസ്‌തകം എടുത്ത് വെറുതെ താളുകള്‍ മറിച്ചങ്ങനെ കിടന്നു.
താഴെ അമ്മായി റേഡിയോ ശ്രവിക്കുന്നുണ്ട്. മരത്തിന്റെ ചട്ടക്കൂടുള്ള വലിയ റേഡിയോ ആണത്. വര്‍ഷങ്ങളായിട്ടതും നാലുകെട്ടിലെ ഒരംഗമായിട്ടുണ്ട്. ഗാനവീചികള്‍ ഉയര്‍ന്നു കേള്‍ക്കായി..
"ചന്ദനപല്ലക്കില്‍ വീടുകാണാന്‍
വന്ന ഗന്ധര്‍വരാജകുമാരാ...
ഓ അപ്‌സരരാജകുമാരീ..."
ഒരു നിമിഷം കഴിഞ്ഞ്... വെളിയില്‍ നിന്നും മുറിയ്‌ക്ക് അകത്തേക്ക് പറന്നു വന്ന ഭംഗിയുള്ളൊരു ചിത്രശലഭം ശ്രീകൃഷ്‌ണപ്രതിമയിലെ മയില്‍പീലിയുടെ നെറുകയില്‍ ഒരു അലങ്കാരമായി വന്ന് ചിറക് വിടര്‍ത്തി വിശ്രമിച്ചു. ഈ ശലഭം ഇനി വല്ല ഗന്ധര്‍വകുമാരനും ആയിരിക്കുമോ, നേരത്തെ അമ്മായി കളിയാക്കിയതുപോലെ.. അതിനെ നോക്കി ഭാനുപ്രിയ കണ്ണുകളടച്ച് സുന്ദരസ്വപ്‌നത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരുന്നു.
നിലാവില്‍ കുളിച്ചു കിടക്കുന്ന അമ്പലവും പരിസരവും അകലെ ഒഴുകുന്ന ചാലിയാര്‍പുഴയും നിശ്ചലമായങ്ങനെ ഒരു ചിത്രം പോലെ. 'പ്രിയാനിലയ'ത്തിലെ മാളികമുറിയില്‍ അരണ്ട വെളിച്ചം ദൂരേനിന്നും ദര്‍ശിക്കുന്ന തരത്തില്‍ പ്രകാശമയമായങ്ങനെ... തൊടിയിലെ നിശാഗന്ധിച്ചെടിയിലെ പൂമൊട്ട് വിരിയാനുള്ള പുറപ്പാടിലാണ്. നനുത്ത സുഗന്ധം പരിസരത്ത് പരക്കുവാന്‍ തുടങ്ങിയിരുന്നു.
(തുടരും)