
ഇരുപത് വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള ഭാനുപ്രിയതമ്പുരാട്ടിയുടേയും അബുവിന്റേയും പ്രണയകഥ പറയുന്നതിനിടയ്ക്ക് 'പോസ്‌റ്റ്‌മാന്‍' മെയമ്മദാലി ഒന്നു നിറുത്തി. രസം പൂണ്ടിരിക്കുന്ന സുഹൃത്തുക്കള്‍ അസ്വാരസ്യം പ്രകടിപ്പിച്ചു.
"വാ നമുക്കേയ് ഈ തിരക്കീന്നും മാറി നടക്കാം. ഇച്ചിരീടെ പോയാല് കോവിലകത്തെ ആല്‍ചുവട്ടിലെത്താം. എന്തേയ്?" - മെയ്‌മ്മദാലി ചോദിച്ചു.
അഭിപ്രായം പാസ്സാക്കിയതായി കൂടെയുള്ള 'നീഗ്രോ'നജീബും 'കഞ്ചാവ്'റഷീദും 'നായര്'ബാബുവും അറിയിച്ചു. ചെട്ട്യങ്ങാടിനാല്‍ക്കവലയിലെ ദേവിവിലാസ് ഹോട്ടലില്‍ കയറി ഊത്തപ്പവും ഉഴുന്നുവടയും കഴിച്ച് ഏമ്പക്കമിട്ട് അവര്‍ പ്രണയകഥ എന്താവും; എങ്ങനെ അന്നത്തെ അബു ഇന്ന് കാണുന്ന പിരാന്തന്‍ അബുവായി? എന്നെല്ലാം ചിന്തിച്ച് ബാക്കികൂടി അറിയാനുള്ള ഉല്‍സുകതയോടെ മെയമ്മദാലീടെയൊപ്പം കോവിലകത്ത് എത്തുവാന്‍ ധൃതിയില്‍ നടന്നു.
പോക്കുവെയിലില്‍ വിജനമായി കിടക്കുന്ന കോവിലകം. വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രനടയിലെ ആല്‍ത്തറയില്‍ വിശ്രമിക്കാനും ബാക്കി കഥ പൂര്‍ത്തിയാക്കുവാനും വേണ്ടി നടക്കുന്നേരം മയമ്മദാലി ഒരു നാലുകെട്ട് ചൂണ്ടിക്കാണിച്ചു. ഒരു ബീഡിക്ക് തീ കൊളുത്തീട്ട് അങ്ങോട്ട് നടന്നു.
നിറം മങ്ങിയ കുമ്മായം, അടര്‍ന്നു പൊട്ടിപൊളിഞ്ഞിരിക്കുന്ന ചുമരുകള്‍; കല്ലുകള്‍ ഇളകിയ പടിപ്പുരയുമുള്ള ഒരു പുരാതന സൗധം. മുറ്റമെല്ലാം പുല്ലും കളച്ചെടികളും വളര്‍ന്നിരിക്കുന്നു.
അതിനരികിലൂടെ നീങ്ങവെ, പടിപ്പുരയുടെ വശത്തൊരു മരത്തിന്റെ പലക ചിതലരിച്ചു തൂങ്ങിക്കിടക്കുന്നത് ശ്രദ്ധിച്ചു.
തീറ്റയുമായി വരിവരിയായി പോവുന്ന ഉറുമ്പുകളേയും നിര്‍മ്മാണസാധനങ്ങളുമായി പോവുന്ന ചിതലുകളേയും കൈകൊണ്ട് തട്ടിമാറ്റി മയമ്മദാലി അതിലെഴുതിയ മങ്ങിപോയ അക്ഷരങ്ങള്‍ കൂട്ടുകാര്‍ക്ക് കാണിച്ചുകൊടുത്തു.
"നായര്"ബാബു സ്വതസിദ്ധമായ സ്വരത്തില്‍ അത് വായിച്ചതും, ബാക്കിയുള്ളോര്‍ അവന്റെ വായപൊത്തി.
വഴിയേ പോയ ഒരു കിളവന്‍തമ്പ്രാന്‍ ഒന്നു നിന്ന് അവരെ നോക്കീട്ട് പിന്നെ അവ്യക്തമായി എന്തോ പറഞ്ഞിട്ട് നടന്നു.
"പ്രി-യാ-നി-ല-യം" - മൂവരും തപ്പിപിടിച്ച് വായിച്ചെടുത്തു.
"ങ്‌ഹേ! ഇവിടെയല്ലേ ഭാനുപ്രിയാതമ്പുരാട്ടി...?"
"ഉം, അതേ, ദാ ആ കാണുന്ന ചെറുജാലകത്തിലൂടെയാ തമ്പുരാട്ടി അബുവിനോട് സല്ലപിച്ചിരുന്നത്."
നിശ്ചലമായി പാതിതുറന്നിട്ട ആ കിളിവാതില്‍ നോക്കി അവര്‍ നെടുവീര്‍പ്പിട്ടു.
"വാ.. ബാക്കി പറയാം"
തമ്പുരാട്ടി അവിടെയുണ്ടാവുമൊ? 'നീഗ്രോ'നജീബ് സാകൂതത്തോടെ പ്രിയാനിലയത്തിന്റെ മാളികയിലെ കിളിവാതിലില്‍ നോക്കി. കാറ്റില്‍ അതിന്റെ പാതി തുറന്ന പാളി ശബ്‌ദത്തോടെ അടഞ്ഞു.
മച്ചിലെവിടേയോ വിശ്രമിക്കുകയായിരുന്ന പ്രാവുകള്‍ കുറുകികൊണ്ട് ശബ്‌ദം വന്നനേരം ഒന്നു പറന്നിട്ട് വീണ്ടും തിരികെ വന്നിരുന്നു.
തിരിഞ്ഞു നടന്നപ്പോഴും അവര്‍ പ്രേതാലയം പോലെത്തെ ആ നാലുകെട്ട് നോക്കുകയാണ്.
ആല്‍ത്തറയിലിരിക്കുകയാണവര്‍. നല്ല ഇളം കാറ്റുണ്ട്. കുറച്ച് ദൂരെ ഒഴുകുന്ന ചാലിയാറിന്റെ കളകളാരവം കേള്‍ക്കുന്നു. യുഗങ്ങളോളം അക്കരെയിക്കരെ സംഭവിച്ച എല്ലാറ്റിനും ഇനി സംഭവിക്കുന്നതിനും സാക്ഷിയായിട്ട് ചാലിയാറങ്ങനെ ഒഴുകുന്നു...
ആല്‍ത്തറയുടെ അങ്ങേവശത്ത് കിടന്നുറങ്ങുന്ന ആളിനെ മെയമ്മദാലിയും കൂട്ടരും കണ്ടില്ല. മേഞ്ഞു നടക്കുന്ന കന്നുകാലികളേയും അവര്‍ ശ്രദ്ധിച്ചില്ല.
അവന്‍ കഥ തുടര്‍ന്നു...
(തുടരും..)