Wednesday 13 April 2011

ഒരു കന്യാകുമാരിയാത്ര, നഷ്‌ടവസന്തത്തിന്‍ സ്വപ്നയാത്ര...

കൊന്നപ്പൂവുകള്‍ എങ്ങും പൂത്തുനില്‍ക്കുന്ന ഒരു വിഷുദിനത്തില്‍ ഞങ്ങള്‍ യാത്ര പുറപ്പെട്ടു. ഞങ്ങളെന്നു പറഞ്ഞാല്‍ ഞാനും എന്റെ ജീവിതസഖിയായിരുന്ന സഹയാത്രികയും. ഇത്‌ ഞങ്ങളുടെ 'ഹണിമൂണ്‍' യാത്രയാണ്‌. അവള്‍ തിരഞ്ഞെടുത്ത സ്ഥലം കന്യാകുമാരിയായിരുന്നു. ഞാന്‍ മനസ്സില്‍ വിചാരിച്ചിരുന്നത്‌ ഊട്ടിയോ കൊടൈക്കനാലോ എന്നത്‌ എന്റെ സഖിയുടെ ഇഷ്‌ടത്തിന്‌ മുന്നില്‍ ഉപേക്ഷിക്കേണ്ടിവന്നു.

ഒരു സുഹൃത്ത്‌ വഴി തരപ്പെടുത്തിയ 'സാന്‍ട്രൊ' കാറില്‍ രാവിലെ ജീവിതസഖിയുടെ തിരുവനന്തപുരത്തുള്ള ഗൃഹത്തില്‍ നിന്നും പുറപ്പെട്ടു. നഗരപരിധി വിട്ട്‌ കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ അവള്‍ എന്നും കേള്‍ക്കുവാനിഷ്‌ടപ്പെടുന്ന ചില തമിഴ്‌ഗാനങ്ങള്‍ സ്റ്റീരിയോയില്‍നിന്നും ഒഴുകിവന്നു.

"ദേവതയെ കണ്ടേന്‍.. കാതലില്‍ വിഴുന്തേന്‍..എന്നുയിരുടന്‍ കലൈന്ത്‌വിട്ടാന്‍..", "ഉയിരിനുയിരേ.. നദിയിന്‍ മടിയില്‍ കാത്ത്‌ കിടക്കിന്‍ട്രേന്‍.." എന്നീ പാട്ടുകളെന്നെയിന്നും വിരഹാര്‍ദ്രവും ഒരു ഉല്ലാസയാത്രയുടെ സുഖമുള്ള ഓര്‍മ്മകളിലേക്ക്‌ വീഴ്‌ത്തുകയും ചെയ്യാറുണ്ട്‌... ആ ..എല്ലാം വെറും മായക്കാഴ്‌ചകളായിരുന്നോ? ഒരു സ്വപ്നാടകനായിരുന്നോ ഞാനന്ന്? എനിക്ക്‌ ചിലപ്പോള്‍ തോന്നാറുണ്ട്‌. പിന്നിലെ സീറ്റില്‍ ഞങ്ങള്‍ പരസ്പരം ഇമവെട്ടാതെ കുറേനേരം ഇരുന്നു. ആ പാട്ടിലെ നായികാനായകന്മാരായി സ്വയം സങ്കല്‍പിച്ചുകൊണ്ട്‌ അവളും ഞാനും മന്ദഹസിച്ചു, ചിലപ്പോഴൊക്കെ. കാറ്റില്‍ പാറിയ അവളുടെ ലോലമായ മുടിയിഴകള്‍ എന്നെ തഴുകികൊണ്ടിരുന്നു. കൂടെ കൊണ്ടുവന്ന ആപ്പിളും മുന്തിരിയുമെല്ലാം ഞങ്ങള്‍ കൊറേശ്ശെ ആസ്വദിച്ച്‌ കഴിക്കുവാന്‍ തുടങ്ങിയിരുന്നു. കൊതി വരാതിരിക്കുവാനാണോ എന്നെനിക്കറിയില്ല, അല്‍പം ഡ്രൈവര്‍ക്കും കൊടുത്തെങ്കിലും അയാളത്‌ നിരസിച്ചുകൊണ്ട്‌ വണ്ടിയോടിക്കുന്നതില്‍ മുഴുകി.

കാര്‍ ഏറെ ദൂരം താണ്ടിയതിനുശേഷം പത്മനാഭപുരത്തെത്തി. അവിടെ സര്‍വ്വപ്രതാപത്തിലും നിലകൊള്ളുന്ന മാര്‍ത്താണ്‍ഠരാജാവിന്റെ പ്രൗഡിയുള്ള കൊട്ടാരം സന്ദര്‍ശിച്ചു. പണ്ട്‌ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇവിടെ ഉല്ലാസയാത്ര വന്നിട്ടുണ്ടായിരുന്നത്‌ ഞാനോര്‍ത്തുപോയി. അന്നെന്റെ പക്കലുണ്ടായിരുന്ന പണം നഷ്‌ടപ്പെട്ടതും മറ്റും സഖിയോട്‌ പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു.

പാസ്സെടുത്ത്‌ അകത്ത്‌ പ്രവേശിച്ചപ്പോള്‍ അധികം സന്ദര്‍ശകരെയൊന്നും കണ്ടില്ല. അവളേറെ ആഹ്ലാദിച്ചത്‌ കണ്ട്‌ ചോദിച്ചപ്പോള്‍ പറഞ്ഞത്‌ "നമുക്ക്‌ നമ്മുടെ മാത്രം കൊട്ടാരം പോലെ അല്‍പസമയത്തേക്കെങ്കിലും കിട്ടുമല്ലോ, ചേട്ടന്റെ റാണിയായി ഞാനും എന്റെ രാജകുമാരനായി.." - പറഞ്ഞത്‌ മുഴുമിക്കാതെ സഖി മുഖം പൊത്തി കുറേ ചിരിച്ചു. ഞാനവളുടെ തോളില്‍ കൈയ്യിട്ട്‌ കൊട്ടാരത്തിന്റെ അകത്തളത്തേക്ക്‌ നടന്നു.

ഈ തമാശ അന്വര്‍ത്ഥമാക്കുന്നത്‌പോലെ തന്നെ പത്മനാഭപുരം കൊട്ടാരത്തിന്റെ ഇരുള്‍ മൂടിക്കിടക്കുന്ന ഇടനാഴികളിലും പണ്ട്‌ രാജകുമാരിയും തോഴിമാരും ചിലവഴിച്ചിരുന്ന മുറികളും വരാന്തകളും എല്ലാം പൊതുവെ ആളൊഴിഞ്ഞ്‌ കിടന്നിരുന്നു, വല്ലപ്പോഴും മാര്‍ഗ്ഗം പറഞ്ഞുതരുവാന്‍ പ്രത്യക്ഷപ്പെടുന്ന 'ടൂറിസ്റ്റ്‌ ഗൈഡും' ഒന്നോ രണ്ടോ ചെറുസംഘങ്ങളും ഒഴിച്ച്‌.

ഇരുള്‍ മൂടിയ ഇടനാഴികളില്‍ പലതിലും ഞങ്ങള്‍ പലപ്പോഴും ഇണക്കുരുവികളായി മാറി. ചിലനേരങ്ങളില്‍ കുട്ടികളെപ്പോലെ ഒളിച്ചുകളിയും പഴയ സിനിമകളിലെ പ്രേംനസീര്‍-ഷീല ജോഡിയെപ്പോലെ പ്രണയരംഗങ്ങളും അന്ന് കൊട്ടാരത്തിനുള്ളില്‍ പുനരവതരിക്കപ്പെട്ടു. ഇതിനിടയ്ക്ക്‌ ഒരു വില്ലനെന്ന പോലെ കൊട്ടാരത്തിലെ കാര്യങ്ങള്‍ നോക്കുവാന്‍ സര്‍ക്കാര്‍ ശമ്പളംകൊടുത്ത്‌ നിര്‍ത്തിയിരിക്കുന്ന കാര്യസ്ഥന്‍ രംഗത്ത്‌ വന്നത്‌ അലോസരം തന്നെയായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇങ്ങനെ പൈങ്കിളികളായിരുന്നെങ്കിലും അവിടെ നൂറ്റാണ്ടുകളായി നശിക്കാതെയിരിക്കുന്ന അമൂല്യങ്ങളായ ചരിത്രസ്മാരകങ്ങളും ചിത്രപ്പണികളും ഓരോരൊ മുറികളുടെ ഘടനകളും നാണയശേഘരങ്ങളും മറ്റുമൊക്കെ വീക്ഷിച്ചിരുന്നൂട്ടോ. പ്രത്യേകിച്ചും അവള്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കിയിരുന്നത്‌ കൊട്ടാരത്തിന്റെ കെട്ടുറപ്പും മുറികളുടെ തരംതിരിവും മറ്റുമായിരുന്നു. (സഖിയൊരു സിവില്‍ എഞ്ചിനിയറാണല്ലോ..) ഞാനൊരു കലാഹൃദയത്തിന്റെ ഉടമയായതുകൊണ്ട്‌ നേരത്തെ സൂചിപ്പിച്ച സംഗതികളാണ്‌ കണ്ണില്‍ പതിഞ്ഞത്‌.

മറഞ്ഞുതിരിഞ്ഞ്‌ കിടക്കുന്ന വഴികളിലൂടേയും ഒരുപാട്‌ രഹസ്യങ്ങളുറങ്ങിക്കിടക്കുന്ന കൊട്ടാരമുറികളും ഒക്കെ കടന്നിട്ടൊടുവില്‍ ക്ഷീണിച്ച്‌ സഖിയും ഞാനും കൊട്ടാരത്തിന്റെ വെളിയില്‍ വന്നു. നോക്കുമ്പോളതാ പായല്‍ പിടിച്ചു ഉപയോഗ്യമല്ലാത്ത ഒരു വലിയ കുളം! അതില്‍ നിറയെ പല വലിപ്പത്തിലും നിറത്തിലുമുള്ള മത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്നു. അതെല്ലാം ആസ്വദിച്ചുകൊണ്ട്‌ അവളും ഞാനും കുളത്തിന്റെയരികിലുള്ള ഒരു മാവിന്‍ചുവട്ടില്‍ ഇരുന്നു, ഏറെ നേരം അവളുടെ കണ്ണുകളിലെ പരല്‍മീനുകളേയും നോക്കിയിരുന്നു. മാവിന്‍കൊമ്പിലെവിടേയോ ഇരിക്കുന്ന കുയിലിന്റെ വേണുഗാനം രംഗത്തിന്‌ മാറ്റ്‌ കൂട്ടി. ഞാനേറ്റുപാടുവാന്‍ തുടങ്ങിയവേളയില്‍ അവളുടെ മൃദുവായകൈ എന്റെ വായപൊത്തി.

ഒരു ജന്മം മുഴുവന്‍ സഖിയോടൊത്ത്‌ അവിടെ ചിലവഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ലക്ഷ്യം സ്വാമിവിവേകാനന്ദന്റെ ധ്യാനസ്ഥലമായ കന്യാകുമാരി ആയതിനാല്‍ ഞങ്ങള്‍ പത്മനാഭപുരം കൊട്ടാരത്തോടും അവിടെത്തെ ശാന്തമായ അന്തരീക്ഷത്തോടും പിന്നെ ചില സ്വകാര്യപ്രണയനിമിഷങ്ങളോടും വിടപറഞ്ഞു പുറപ്പെട്ടു. അടുത്ത ലക്ഷ്യം മൂന്ന് സമുദ്രങ്ങളൊത്തുചേര്‍ന്ന് സല്ലപിക്കുന്ന കന്യാകുമാരി. ഭക്ഷണം കഴിച്ചതിനുശേഷം യാത്ര തുടര്‍ന്നു.

എനിയ്ക്കെന്നും ഇഷ്‌ടമുള്ള ഗസലുകളൊഴുകി വരുമ്പോള്‍ സഖിയുറക്കമായിരുന്നു. കാര്‍ തമിഴ്‌നാടിന്റെ പാതയിലൂടെ ഓടിക്കൊണ്ടിരുന്നു. വാകുന്നേരമായപ്പോള്‍ കന്യാകുമാരിയിലെത്തി. അവിടെ ഏവരും കാണുവാനാഗ്രഹിക്കുന്ന അസ്തമയസൂര്യന്‍ ഞങ്ങള്‍ക്കുവേണ്ടി കാത്തുനില്‍ക്കാതെ മറഞ്ഞുപോയിരുന്നു. ഒരു നല്ല ഹോട്ടല്‍മുറി തേടി അല്‍പം അലഞ്ഞതിനൊടുവില്‍ സാമാന്യം നല്ലതൊന്ന് കിട്ടി. ഒരു സ്റ്റാഫ്‌ ലഗേജുമെടുത്ത്‌ ഞങ്ങളുടെ മുന്നില്‍ നടന്നു. ഗോവണി കയറി അല്‍പം നീങ്ങിയപ്പോള്‍ മുറിയിലെത്തി. അണ്ണാച്ചി ലഗേജെല്ലാം വാതിലിനരികെ വെച്ച്‌ പോവുമ്പോള്‍ ജാള്യതയോടെ തിരിഞ്ഞുനിന്നു ചിരിച്ചോ? ഏയ്‌ തോന്നിയതാവും.

ഞങ്ങളുടെ മാത്രം സ്വര്‍ഗ്ഗലോകത്തേക്ക്‌ കടന്നപ്പോള്‍ നേരെമുന്നിലെ ജനാലയിലൂടെ ആകാശത്ത്‌ തേന്‍തൂകിനില്‍ക്കുന്ന ചന്ദ്രനും അങ്ങ്‌താഴെ വിവേകാനന്ദപാറയും തൊട്ടടുത്ത്‌ സ്ഥിതിചെയ്യുന്ന ശ്രീതിരുവള്ളുവരുടെ ഭീമാകാരപ്രതിമയുള്ള പാറയും വ്യക്തമായി കാണപ്പെട്ടു. ആകമാനം ദീപാങ്ങളാല്‍ അലങ്കരിച്ച ആ സ്മാരകസൗധങ്ങളും ചുറ്റുമുള്ള തിരയടങ്ങിയ സമുദ്രവും.. എല്ലാം തേന്‍നിലാവില്‍ കുളിച്ചുകിടക്കുന്ന സുഖമുള്ള ദൃശ്യം, എന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

കുറച്ച്‌ സമയം വിശ്രമിച്ച്‌ കുളിച്ചപ്പോള്‍ തിരിച്ചുകിട്ടിയ ഉന്മേഷത്തില്‍ സഖിയോടൊത്ത്‌ വെറുതെ പുറത്തിറങ്ങി അലസമായി നടന്നു. വഴിയോരക്കാഴ്ചകള്‍ കണ്ട്‌ ഏറെ ദൂരം പോയി. പാതവക്കില്‍ ഇരുവശത്തും തമിഴ്‌പെണ്ണുങ്ങള്‍ നിരന്നിരുന്ന് രാത്രിയിലും മുല്ലപ്പൂ വില്‍ക്കുന്നുണ്ടായിരുന്നു. കുറച്ച്‌ വാങ്ങി സഖിയ്ക്ക്‌ കൊടുത്തത്‌ അവള്‍ മുടിയില്‍ ചൂടി. പിന്നെ പലവിധം അലങ്കാരവസ്തുക്കള്‍ വില്‍ക്കുന്ന കടകളുമൊക്കെ സന്ദര്‍ശിച്ചു. വലുതും ചെറുതുമായ ശംഖുകളും ഭംഗിയുള്ള മാല, വള എന്നിത്യാദി സാധനങ്ങളും സഖി വാങ്ങിക്കൂട്ടി.

അപരിചിതമായ ആ തമിഴ്‌നഗരത്തെ ക്ഷേത്രങ്ങളും കെട്ടിടങ്ങളും ചുറ്റുമുള്ള അന്യരായ ആളുകളേയും എല്ലാം വീക്ഷിച്ച്‌ നവദമ്പതികളായ ഞങ്ങള്‍ താമസസ്ഥലത്തേക്ക്‌ തിരിച്ചു. എല്ലാത്തിനും സാക്ഷിയായിട്ട്‌ അല്‍പമകലെ വിവേകാനനന്ദസ്വാമികളും ശ്രീതിരുവള്ളുവരും സമുദ്രത്തിനുമുകളില്‍ ഉയരത്തില്‍ നില്‍പുണ്ട്‌.

ഏറെ വൈകി ഉറങ്ങുവാന്‍ കിടന്നു. മങ്ങിയ വെളിച്ചം ജനാലപ്പാളികളിലൂടെ ഞങ്ങളെ തേടിയെത്തി. മുറിയാകെ സഖിയുടെ മുടിയില്‍ ചൂടിയ മുല്ലപ്പൂമണം പരന്നു. ഏല്ലാം ഒരുന്മാദത്തിന്റെ വക്കിലെത്തിച്ചെങ്കിലും വേഗം നിദ്രയുടെ കയത്തിലേക്ക്‌ വഴുതിപ്പോയിരുന്നു ഇരുവരും..

നേരം വെളുത്തപ്പോള്‍ ആരോ കതകില്‍ തട്ടുന്ന ശബ്ദം കേട്ട്‌ ഞാനുണര്‍ന്നു. സഖി സുഖനിദ്രയില്‍ തന്നെ. വീണ്ടും മുട്ടുന്നുവാരോ.. ഞാന്‍ വാതിലിനരികെ കാതോര്‍ത്ത്‌ നിന്നു ആരാണെന്ന് ചോദിച്ചപ്പോള്‍ തമിഴിലുള്ള മറുപടി വന്നപ്പോള്‍ മാത്രമാണ്‌ സമാധാനമായത്‌.

"സാര്‍, ഉങ്കള്‍ക്ക്‌ സൂര്യോദയം പാക്കണമാ.. ശീഘ്രം വാങ്കോ.. നേരമായാച്ച്‌.."

ആ പയ്യന്‍ അടുത്ത മുറിയുടെ കതകില്‍ പോയി മുട്ടുവാന്‍ തുടങ്ങിയിരുന്നു. ഒരു പക്ഷെ അതവന്റെ പ്രഭാതചര്യയായിരിക്കാം. ഞാനുടനെ സഖിയെ തട്ടിവിളിച്ചെഴുന്നേല്‍പിച്ചു. കന്യാകുമാരിയില്‍ വന്നിട്ട്‌ ഉദയമോ അസ്തമയമോ കാണാതെ പോയാല്‍ അതൊരു തീരാനഷ്ടം തന്നെയല്ലേ. അവള്‍ അലങ്കോലമായിക്കിടന്ന വസ്‌ത്രങ്ങളും കെട്ടഴിച്ച്‌ പരത്തിയിട്ടിരുന്ന മുടിയുമെല്ലാം ശരിയാക്കി എഴുന്നേറ്റു. പെട്ടെന്ന് പ്രഭാതകൃത്യങ്ങളെല്ലാം നടത്തി വസ്‌ത്രം മാറിയ ഞങ്ങള്‍ ഹോട്ടലിന്റെ മുകളിലേക്ക്‌ പോയി. അവിടെ ധാരാളമാളുകള്‍ കാത്തിരിപ്പുണ്ടായിരുന്നു, ഉദയസൂര്യനെ വരവേല്‍ക്കുവാന്‍ ഞങ്ങളും ഒരിടത്തില്‍ ഒതുങ്ങിനിന്നു. കാമറ തയ്യാറാക്കി കിഴക്കു ചക്രവാളത്തിലെ മാറിമറിഞ്ഞുകളിക്കുന്ന നിറക്കൂട്ടുകളില്‍ തന്നെ കണ്ണൂംനട്ട്‌ നില്‍ക്കുമ്പോള്‍ അതാ പ്രത്യക്ഷപ്പെടുന്നു - സ്വര്‍ണ്ണകിരണങ്ങളുടെ അരുണിമയോടെ ഒരു തേരിലേറി വരുന്ന യോദ്ധാവിനെപോലെ ദിനകരന്‍! സമുദ്രത്തിന്റെ വിരിമാറില്‍ ദൂരെയേതോ രാജ്യത്തില്‍നിന്നുള്ള കപ്പല്‍ നീങ്ങുന്നതും കാണാമായിരുന്നു. ഇങ്ങരികെ മുക്കുവന്മാരുടെ കട്ടമരമെന്നറിപ്പെടുന്ന ചെറുമരത്തോണികളും ധാരാളം കടലിലിറങ്ങുന്നതും ഉദയസൂര്യന്റെ വെളിച്ചത്തില്‍ നല്ലയൊരു ദൃശ്യവിരുന്നൊരുക്കി.

പിന്നീട്‌ സന്ദര്‍ശിച്ചത്‌ വിശ്വവിഖ്യാതമായ വിവേകാനന്ദപാറയാണ്‌. അഭൂതപൂര്‍വ്വമായ തിരക്കായിരുന്നുവന്ന്. നാനാദേശക്കാരായ ആളുകള്‍ നിരന്ന് ബോട്ടിനുവേണ്ടി കാത്തുനിന്നു. കൊള്ളാവുന്നതിലധികം ആളുകളെ കുത്തിനിറച്ച ഒരു വലിയ ബോട്ടില്‍ ഞാനും സഖിയും ബദ്ധപ്പെട്ട്‌ കയറിക്കൂടി. ബോട്ട്‌ ആടിയുലഞ്ഞ്‌ ഓളങ്ങളെ വകഞ്ഞുമാറ്റി ലക്ഷ്യത്തിലേക്ക്‌ കുതിച്ചു. ശരിക്കും ഭയപ്പാടുണ്ടാക്കുന്ന യാത്രയായി. ഉത്സവത്തിരക്കിലകപ്പെട്ടവരെ പോലെ ഞെരുങ്ങിനില്‍ക്കേണ്ടിവന്നു ഞങ്ങളിരുവര്‍ക്കും. ആയുസ്സിന്റെ ബലം കൊണ്ടോ അതോ ഭാഗ്യമാണോ എന്നറിയില്ല ചുരുങ്ങിയ സമയത്തിനുള്ളില്‍ ബോട്ട്‌ അവിടെയെത്തി.

ഭകതിസാന്ദ്രമായ അവിടെയെല്ലാം നടന്നുകണ്ടപ്പോള്‍ മനസ്സിനൊരുണര്‍വ്വ്‌ കിട്ടിയത്‌പോലെ. പ്രധാനസൗധത്തിലുള്ള സ്വാമി വിവേകാനന്ദന്റെ മാര്‍ബിള്‍പ്രതിമ നോക്കിയല്‍പനേരം നിന്നുപോയി. എന്തൊരു ആകാരവും മുഖകാന്തിയും! ചൈതന്യമേറിയ ആ വ്യക്തിയുടെ പ്രഭാക്ഷണം ശ്രവിച്ച സായിപ്പന്മാര്‍ ശിശുക്കളെപ്പോലെ ഇരുന്നുപോയില്ലെങ്കിലേ ആശ്ചര്യപ്പെടേണ്ടതുള്ളൂ. പിന്നിട്‌ ഞങ്ങള്‍ എത്തിയത്‌ തികച്ചും നിശ്ശബ്‌ദമായ ധ്യാനസ്ഥലത്താണ്‌. സര്‍വ്വമതവിശ്വാസികളും മങ്ങിയ പ്രകാശം മാത്രമുള്ള ഒരു ഹാളിലെ മാര്‍ബിള്‍തറയില്‍ ചമ്രം പടിഞ്ഞിരുന്ന് അവരവരുടെ ദൈവങ്ങളെ സ്മരിച്ച്‌ നിശ്ചലരായി ഇരിക്കുന്നു. സഖിയുടെ കൈപിടിച്ച്‌ ഞാന്‍ അങ്ങോട്ട്‌ ചെന്നു. ഇരുളില്‍ ഹിന്ദുക്കളുടെ അടയാളമായ 'ഓം' എന്നത്‌ മാത്രം സ്വര്‍ണ്ണലിപിയില്‍ തെളിഞ്ഞു കാണാം. ചന്ദനത്തിരിയും മറ്റ്‌ സുഗന്ധവസ്തുക്കളും പുകയുന്നതിന്റെ മാസ്മരികാനുഭൂതി നാസാരന്ധ്രങ്ങളെ തഴുകിയുണര്‍ത്തി. കുറച്ച്‌ സമയം കണ്ണുകടച്ച്‌ കൈകൂപ്പി ഇരുന്നുപോയി. സമീപമിരുന്ന സഖിയുടെ സ്പര്‍ശം കിട്ടിയപ്പോള്‍ മാത്രമാണ്‌ ധ്യാനത്തില്‍ നിന്നുമുണര്‍ന്നത്‌.

അവിടെ നിന്നും അടുത്തുള്ള ശ്രീതിരുവള്ളുവര്‍പ്രതിമയുള്ള സ്ഥലവും സന്ദര്‍ശിച്ചു. അതും ഒരല്‍ഭുതചാരുതയുള്ള നിര്‍മ്മിതിയാണ്‌. ഭയങ്കരകാറ്റില്‍ ബോട്ട്‌ അവിടെയെത്തി. ആകെ ജനസാന്ദ്രമായിരുന്ന ചുറ്റുപാടില്‍നിന്നും കാറ്റില്‍ നിന്നും ഞങ്ങള്‍ അജാനുബാഹുവായ തിരുവള്ളുവര്‍പ്രതിമയ്ക്കുള്ളില്‍ പ്രവേശിച്ചു. അതേകദേശം ഒരു നാലുനില കെട്ടിടത്തിന്റെ ഉയരത്തിലാണുള്ളത്‌. കരിങ്കല്ലുകള്‍ മാത്രമുപയോഗിച്ച്‌ നിര്‍മ്മിച്ച ഏതുഭാഗത്തുനിന്നും കാറ്റെപ്പോഴും അകത്തു പ്രത്യേകരീതിയില്‍ അനുഭവപ്പെടുന്ന രീതിയിലാണ്‌ സംവിധാനം ചെയ്തിരിക്കുന്നത്‌. അവിടം ചുറ്റിനടന്ന് കണ്ട്‌ ഒരു ജാലകത്തിനരുകില്‍ ഞങ്ങളിരുന്നു. പിന്നെ മടക്കയാത്ര തിരിച്ചു.

വൈകുന്നേരം നാലുമണിയായപ്പോള്‍ കന്യാകുമാരിയോട്‌ വിടവാങ്ങി. രണ്ടുവര്‍ഷം കഴിഞ്ഞതേയുള്ളൂവെങ്കിലും ഈ യാത്രയുടെ ഓര്‍മ്മകള്‍ ഞാന്‍ മായാതെ നെഞ്ചിലേറ്റി മനസ്സിന്റെ തിരശ്ശീലയില്‍ ദര്‍ശിക്കാറുണ്ട്‌. സഖിയും അങ്ങിനെയാണോയെന്നെനിക്ക്‌ നിശ്ചയമില്ല.

കാരണം ഒരു നിസ്സാരപിണക്കം മറ്റുള്ള ചിലര്‍ പെരുപ്പിച്ചിട്ടൊടുവില്‍ ഞങ്ങള്‍ ജീവിതയാത്രയില്‍ വേര്‍പിരിയേണ്ടിവന്നു. ഒരു ഗാനത്തിന്റെ വരികള്‍ കടമെടുത്തോട്ടെ:

'പറയാതെയറിയാതെ നീ പോയതല്ലേ..
ഒരു വാക്കും മിണ്ടാഞ്ഞതെന്തേ?
എന്നുമോര്‍ക്കുന്നു ഞാന്‍
വീണ്ടുമോര്‍ക്കുന്നു ഞാന്‍...'

എന്നാലും ഒരിത്തിരി പ്രതീക്ഷകള്‍ ബാക്കിയുണ്ട്‌. പിണക്കം മറന്നൊടുവില്‍, ഒരു പക്ഷേ.. പ്രാര്‍ത്ഥിക്കുക സുഹൃത്തുക്കളേ..

51 comments:

  1. പ്രിയപ്പെട്ടവര്‍ക്കെല്ലാം വിഷുവാശംസകള്‍. ഒരു പുതിയ പോസ്‌റ്റ്‌: ജീവിതത്തിലെ ഒരു വിഷുദിനസ്മരണ. (നല്ല യാത്രാവിവരണത്തിനുള്ള സമ്മാനം 'ഡാഫോഡില്‍സ്‌ ഗ്രൂപ്പ്‌' തന്നത്‌).

    ReplyDelete
  2. എല്ലാം ശരിയാവുന്നേ... അതിനായി പ്രാര്‍ത്ഥനയോടെ... നന്മ നിറഞ്ഞ വിഷു ആശംസകള്‍.

    ReplyDelete
  3. ...ഒരു നിസ്സാരപിണക്കം മറ്റുള്ള ചിലര്‍ പെരുപ്പിച്ചിട്ടൊടുവില്‍...

    പെരുപ്പിക്കുന്ന മറ്റുള്ളവരെ നിങ്ങളുടെ പാതയില്‍ നിന്നും മാറ്റി നിറുത്തൂ... മനസ്സ് തുറന്ന് സംസാരിക്കൂ... പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്യൂ... അല്ലെങ്കില്‍ നിങ്ങളുടെ അഭ്യുദയകാംക്ഷികളായ സുഹൃത്തുക്കളെ ഇടപെടുത്തൂ...

    വിഷമിക്കാതിരിക്കൂ... എല്ലാം ശരിയാകും ഏറനാടന്‍...

    ഏറനാടന്‍റെ അവസാനത്തെ ആ വരികള്‍ പോലെ, തീര്‍ച്ചയായും എല്ലാ പിണക്കങ്ങളും മറന്ന് നിങ്ങള്‍ ഒന്നിക്കും... ദൈവം അനുഗ്രഹിക്കട്ടെ... ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.


    വിഷു ആശംസകള്‍!

    ReplyDelete
  4. മറ്റുള്ളവര്‍ പെരുപ്പിച്ചാലും ജീവിതം നിങ്ങളുടെയല്ലേ. മറ്റുള്ളവരുടെ സ്വാധീനത്തിനു വഴങ്ങാതെ രണ്ടുപേരും വീണ്ടുമൊരു യാത്രയില്‍ കൂടിച്ചേരാനിടയാകട്ടെയെന്നാശംസിക്കുന്നു.

    ReplyDelete
  5. എന്നെങ്കിലുമൊരിക്കല്‍ നിങള്‍ മനസ്സുനിറയെ സ്നേഹിച്ചിരുനെങ്കില്‍ ... എനിക്കുറപ്പാണ്..ആ സഖിയും ഇപ്പൊ നിങളേ ഓര്‍ക്കുന്നുണ്ടാവും..
    മനസ്സ് തുറന്നുള്ള ഒരു സംസാരത്തില്‍ തീരാത്തതായി ഒന്നുമില്ല സുഹ്രുത്തെ...
    എന്റെ മനസ്സിന്റെ ഉള്ളീല് നിങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയുണ്ട്..

    എല്ലം ശരിയായി വരും...

    ReplyDelete
  6. ഏറനാടാ.... എല്ലാം ശരിയായിവരട്ടെ എന്ന് ഈ വിഷുദിനത്തില്‍ ആശംസിക്കുന്നു. അഗ്രജന്‍ പറഞ്ഞതുപോലെ “മറ്റുള്ളവരെ” അങ്ങ് മാറ്റുക. ഇത്തിരി ഇന്ന് എഴുതിയ ആ കഥ ഒന്നു വായിക്കുക.

    ReplyDelete
  7. ഏറനാടാ.. ഒരു വരിയില്‍ സങ്കടത്തിന്‍റെ കാണാ കയത്തിലേക്ക് തള്ളിയിട്ടല്ലോ ? എല്ലാം ശരിയാവുമെന്ന് പറഞ്ഞു വെറുതെ ഇരിക്കരുത് അതിനായ് ശ്രമിക്കുക ക്ഷമിക്കുക എന്നതാണ് യോജിപ്പിന്‍റെ മാര്‍ഗ്ഗം അത് ഏറനാടന്‍റെ ഭാഗത്ത് നിന്നായിരിക്കണം , ഏറനാടാ നിന്‍റെ ഭാര്യയുടെ സ്ഥലമെവിടെയാണ് ? തിരുവനന്തപുരത്ത് ഏത് ഏരിയായില്‍ വ്യക്തമായി എഴുതൂ
    എനിക്കും ഇവിടെ വരുന്നവര്‍ക്കെല്ലാം ഉറപ്പുണ്ട് ഏറനാടനായി സഹധര്‍മ്മിണി കാത്തിരിക്കുന്നുവെന്ന് ഏറനാടനും കാത്തിരിക്കുന്നു എന്ന സത്യം അവരും അറിയും അങ്ങനെ നിങ്ങള്‍ മൂന്ന് പേരും ഒരുമിക്കും (ഏറനാടന്‍ കാണാത്ത ഒരു കുഞ്ഞ്)

    ReplyDelete
  8. ഏറനാടാ,

    ഈ വിഷുക്കാലം സന്തോഷത്തിന്റേതാവും എന്നു ഉറച്ചു വിശ്വസിക്കുക. ഒപ്പം അത്‌ സന്തോഷത്തിന്റേതാക്കാന്‍ ചെയ്യാവുന്നതെന്തും, വിട്ടുവീഴ്ചാ മനോഭാവത്തോടെ, തുറന്ന മനസ്സോടെ, നിറഞ്ഞ സ്നേഹത്തോടെ ചെയ്യുക.

    ഞങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനകളും കൂടെയുണ്ടാവും

    ReplyDelete
  9. ഏറനാടാ,
    യാത്രാവിവരണം അസ്സലായി.
    (സഖി എന്ന ഉപയോഗം കുറച്ച് കൂടിയതൊഴിച്ചാല്‍)

    എല്ലാം ശരിയാവും എന്ന പ്രതീക്ഷയോടെ...

    -സുല്‍

    ReplyDelete
  10. സ്വപ്നം കാണുക..സ്വപ്നം കാണുക..സ്വപ്നം കാണുക
    സ്വപ്നങ്ങള്‍ പ്രതീക്ഷകളായി മാറും
    പ്രതീക്ഷകള്‍ ചിന്തകളായി മാറും
    ചിന്തകള്‍ പ്രവര്‍ത്തിയിലേക്ക് നയിക്കും
    (എ.പി.ജെ.എ.കലാം)
    ശുഭാപ്തി വിശ്വാസത്തോടൊപ്പം
    അതിനു വേണ്ടിയുള്ള ആത്മാര്‍ത്ഥമായ പരിശ്രമവും
    വിട്ടുവീഴ്ച്ചാ മനോഭാവവുമുണ്ടെങ്കില്‍
    താങ്കളുടെ ശുഭപ്രതീക്ഷകള്‍ സഫലമാകും..തീര്‍ച്ച
    ദൈവം അനുഗ്രഹിക്കട്ടെ....പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  11. ഞങ്ങളെല്ലാവരും ആത്മാര്‍ത്‌ഥമായി പ്രാര്‍ത്‌ഥിക്കുന്നൂ.....

    ReplyDelete
  12. ഏറനാടന്‍‌....
    ഈ വിഷു ദിനത്തില്‍‌ എല്ലാം കലങ്ങി തെളിയട്ടെ എന്ന് ആശംസിക്കുന്നു...

    നിസ്സാര സംഭവങ്ങലെ പോലും ഊതി പെരുപ്പിക്കുന്ന സ്വഭാവം ചിലര്‌ക്കുള്ളതു തന്നെ... പക്ഷേ, ഒരാളുടെ ജീവിതം നശിപ്പിക്കുന്ന അള്‍വു വരെയായാല്‍‌ അത് കഷ്ടം തന്നെ...
    എന്തായാലും ചേച്ചിയോട് എല്ലാം മനസ്സു തുറന്ന് സംസാരിക്കാനുള്ള ഒരു അവസരം കണ്ടെത്താന്‍‌ ശ്രമിക്കൂ.... എല്ലാം ശരിയാകുമെന്നു തന്നെയാണ്‍ എന്റെയും വിശ്വാസം....
    (ഇത് ഉപദേശമൊന്നുമല്ല കേട്ടൊ ചേട്ടാ... ആത്മാര്‍‌ത്ഥമായി പറയുന്നതു തന്നെയാണേ)

    താങ്കള്‍‌ക്കു വേണ്ടി നമ്മുടെ ബൂലോകമലയാളിക്കൂട്ടത്തിന്റെ മുഴുവന്‍‌ പ്രാര്‍‌ത്ഥന ഉണ്ടാകും....

    ReplyDelete
  13. ഏറനാടന്‍....എല്ലാം ശരിയാകും എന്നു തന്നെ വിശ്വസിക്കുന്നു........എന്തോ നെഗറ്റീവ്‌ പോയന്റില്‍ ആണു പോസ്റ്റ്‌ തീരുന്നത്‌ എന്ന മറ്റുള്ള കമന്റുകളില്‍ നിന്ന് സൂചന കിട്ടിയത്‌ കൊണ്ട്‌ മനസ്സിരുത്തി വായിക്കാന്‍ പറ്റിയില്ലാ......എല്ലാ നന്നാവും ...നന്നാവട്ടെ..എന്ന ആശംസയോടു കൂടി...ഒരു വിഷു ആശംസയും.....

    ReplyDelete
  14. അഭിപ്രായങ്ങളില്ല.
    ഏറനാടന്‌ ശരിയെന്ന്‌ തോന്നുന്നത്‌ ചെയ്യുക.

    സംകല്‍പ്പ ലോകമല്ലീയുലകം.

    പ്രണയവും യാഥാര്‍ത്യവും രണ്ടാണ്‌.



    ആദ്യ പ്രണയത്തിന്‌ വേണ്ടി തപസ്സിരിക്കുന്ന കൊക്കിനെപ്പോലെ കലുംകില്‍
    ദിവസവും മൂന്നു നാല്‌ മണിക്കൂറിരുന്നിട്ടുണ്ട്‌. അവള്‍ മോപ്പഡോടിച്ചു വരുന്നതും നോക്ക്കി.

    കഴിഞ്ഞു പോയ ദുരന്ത പ്രണയത്തെക്കുറിച്ചും മറ്റും വാചാലമായി പറയുമായിരുന്നു
    ഈ ഉത്തര (വടക്കെ ഇന്ത്യാക്കാരി).

    ദേവസേനയുടെ ഫ്രെഞ്ച്‌ കിസ്സെന്ന കവിത ഉത്തരയുടെ ഓര്‍മ ഉണര്‍ത്തുന്ന ഒന്നായിരുന്നു.
    ഇതുപോലെ പിരിഞ്ഞുപോയ അവളെ വീണ്ടും കുഞ്ഞേന്തിയ വനിതയായി രെസ്റ്റോറന്റില്‍ യാദൃശ്ചികമായി
    കണ്ടുമുട്ടിയപ്പോള്‍ കൂടെ ഉള്ള മലയാളി സ്ത്രീയോട്‌ വികലമായ മലയാളം പറഞ്‌ പഴയ കാലത്തിന്റെ ഓര്‍മ തന്നു.
    കമ എന്ന രണ്ടക്ഷരം മിണ്ടിയില്ല ഞാന്‍.
    ദുഖമില്ല പരിഭവമില്ല. നല്ലത്‌ മാത്രമെ ഉണ്ടായിട്ടുള്ളു രണ്ട്‌ പേര്‍ക്കും.


    അടിസ്ഥാനപരമായി ഗ്രമീണനായ ഞാന്‍ ഉള്‍ക്കൊള്ളാത്ത പലതും അവളീലുണ്ട്‌.
    നാഗരികതയിലെത്താന്‍ ആകാത്ത പലതും എന്നില്‍ അവള്‍ കണ്ടിട്ടുണ്ടായിരിക്കും.

    കുറേനാള്‍ നല്ല നാളുകള്‍ സമ്മാനി ച്ച ഒരു കേവല പ്രണയം.
    മാഫിയ ബന്ധമുള്ള അവളുടെ അംകിളിനെ
    പേടിച്ച്‌ ഒളിച്ചു കളിച്ചതും, പിണങ്ങിയ ദിനങ്ങളിലൊന്നില്‍ വഴക്കു തീര്‍ക്കാന്‍ വേണ്ടി ഞാനിരിക്കുന്ന
    സ്ഥലത്തുക്കൂടി പലവട്ടം നടന്നിട്ടും മിണ്ടാതിരുന്നപ്പോള്‍ കയ്യിലിരുന്ന ചെമ്മീന്‍ സഞ്ചി എന്റെ തലയില്‍
    കമഴ്ത്തിയ മധുരിക്കുന്ന മീന്‍ മണമുള്ള ഓര്‍മയും ബാക്കി.

    പറഞ്ഞു വന്നതിത്രമാത്രം- ഓര്‍മകള്‍ ഉണ്ടായിരിക്കണം- അവ നമ്മളെ ദുഖിപ്പിക്കരുത്‌ പക്ഷെ.


    എന്നും പുതിയ പുലരി.

    ഓസോണ്‍ പാളീകള്‍ നമ്മള്‍ തന്നെ നേര്‍ത്തതാക്കുന്നതുകൊണ്ട്‌ അള്‍ട്രാ വയ്‌ലറ്റ്‌ അംശം എന്നും കൂടുന്നു.

    പക്ഷെ ജീവിതം നമുക്കങ്ങിനെ വിഷമിച്ചൊളിക്കാനൊ വിഫല്‍മായ കാത്തിരിപ്പുകള്‍ക്കൊ ഉള്ളതല്ല.

    ബി ബേക്‌ ടു ഫൂച്ചര്‍.

    ReplyDelete
  15. എന്താണ് ശരിക്കും പ്രശ്നം? അങ്ങിനെയൊരു പിണക്കമുണ്ടോ... പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്തതായി ഒന്നുമില്ല, പക്ഷെ പരസ്പരം സംസാരിക്കുവാനുള്ള മനസുകാണിക്കണം... അത്രമാത്രം. :) എല്ലാം ശരിയാവട്ടേ...
    --

    ReplyDelete
  16. മഴക്കാറുകള്‍ മൂടിയ ആകാശം, പെയ്തൊഴിഞ്ഞ് വെളുക്കും ഏറനാടാ.....

    ReplyDelete
  17. Ente salih,

    sorry for manglish,

    ente 'nashTa sauhrda'm vaayicch enne viLicchappOl njaanithonnum Orthilla1 pandenGo ithekkuRicch eviTeyO sUchppicchirunnuvenkilum!

    ellaam nallathin~ ennu karuthuka.. pinne cheyyaavunna anuranjana SramangaLil avasaanatthEthum cheyyuka.. Okke Sariyaavaathirikkilla..njaan viLikkaam

    ReplyDelete
  18. എവിടെയാണു് തെറ്റു്. എവിടെയാണു് കുറ്റം. തുറന്ന മനസ്സോടെ ഒരു വിചിന്തനം. പരസ്പരം അറിയുന്ന, മനസ്സിലാക്കിയ നിങ്ങള്‍ക്കു് ഒരു മീഡിയേറ്ററിന്‍റെ ആവശ്യം ഉണ്ടെന്നെനിക്കു തോന്നുന്നില്ല. ആരു മുന്‍‍ കൈ എടുക്കും, എന്നൊരു ചിന്തയുണ്ടാകാം. പ്രിയ സുഹ്രുത്തേ താങ്കളില്‍ നിന്നു തന്നെ ആകട്ടെ.
    തീര്‍ച്ചയായും താങ്കളെ പോലെ തീ തിന്നു കഴിയുന്ന താങ്കളുടെ സഖിയ്ക്കും പല കാരണങ്ങളും പറയാനുണ്ടാകും. മുന്‍‍ വിധിയില്ലാത്ത ഒരു തുറന്ന സംസാരത്തില്‍ഊടെ പരിഹരിക്കപ്പെടാവുന്നതേയുള്ളു എന്നാണു് എന്‍റെ ഉറച്ച വിശ്വാസം.
    പിന്നെ ഗന്ധര്‍വ്വന്‍ പറഞ്ഞതു തന്നെ ഞാനും പറയുന്നു.
    ജീവിതം നമുക്കങ്ങിനെ വിഷമിച്ചൊളിക്കാനൊ വിഫലമായ കാത്തിരിപ്പുകള്‍ക്കൊ ഉള്ളതല്ല.
    എത്രയും പെട്ടെന്നു് ഒരു പുതിയ പുലരിയുണ്ടാകട്ടെ. അതിനായി പ്രാര്‍ഥിക്കുന്നു.:)

    ReplyDelete
  19. അയ്യോ ഏറനാ‍ടാ.. പരുത്തിക്കൊമ്പിലെ ശവമൊക്കെ എഴുതിയതു പോലെ എന്തോ ആണെന്നാണ് ആദ്യം വിചാരിച്ചത്..
    അവസാന പാരഗ്രാഫ് വരെ വളരെ രസിച്ചാണ് വായിച്ചത്..
    പക്ഷേ അവസാനം ആകെ സങ്കടമാക്കിയല്ലോ..
    ജീവിതം നമ്മുടേതല്ലോ.. ആര് ജയിച്ചു തോറ്റു എന്ന് നോക്കാതെ തെറ്റിദ്ധാരണ നീക്കാന്‍ ശ്രമിക്കൂ.. .. ജീവിതാന്ത്യം വരേയും നല്ല വസന്തത്തിന്‍ സ്വപ്നയാത്ര ഒരുമിച്ച് ചെയ്യാന്‍ സര്‍വേശ്വരന്‍ നിങ്ങളെ സഹായിക്കട്ടേ!

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. വിഷമായല്ലോ അനിയാ ഇത് വായിച്ചിട്ട്.

    എല്ലാ പിണക്കങ്ങളും പറഞ്ഞുതീര്‍ക്കാന്‍ പറ്റട്ടേ! ഞാന്‍ പ്രാര്‍ത്ഥിക്കും.

    ReplyDelete
  22. ഏറനാടാ, യാത്രാവിവരണങ്ങള്‍ വായിച്ച്‌ മനസ്സില്‍ ബാക്കി നിന്നത്‌ നിങ്ങളുടെ വേദനകളാണ്‌, വിവരണങ്ങള്‍ അല്ല.

    രണ്ടാള്‍ക്കുതമ്മില്‍ പറഞ്ഞ്‌ തീര്‍ക്കാന്‍ ആവാത്ത പിണക്കമുണ്ടോ? ഇണങ്ങിയ മനസ്സുകളെ ചെറിയൊരു പിണക്കത്തിന്‌ മാറ്റിനിര്‍ത്താനാവുമോ? രമ്യതക്ക്‌ തടസ്സമായി നില്‍ക്കുന്ന ആള്‍ക്കാരില്ലാതെ രണ്ടാളുടെയും വാശിമാറ്റിവച്ച്‌ സംസാരിച്ചുവോ? കഴിഞ്ഞുപോയ ഇന്നലകളെയോര്‍ത്ത്‌ കരയാതെ, നിങ്ങളുടെ ജീവിതത്തിന്റെ വിധിനിര്‍ണ്ണയിതാവ്‌, ഒരുപരിധിവരെ, നിങ്ങള്‍തന്നെ എന്ന്‌ മനസ്സിലാക്കു.

    ReplyDelete
  23. ഇത്തിരിവെട്ടം
    അഗ്രജന്‍
    കുട്ടന്‍മേനോന്‍
    നവീ
    അപ്പു
    വിചാരം
    തമനു
    സുല്‍
    മിന്നാമിനുങ്ങ്‌
    ചിന്നൂസ്‌
    ശ്രീ
    സാന്‍ഡോസ്‌
    ഗന്ധര്‍വജി
    ഹരി
    കുറുമാന്‍ജി
    അത്തിക്കുര്‍ശി
    വേണുജി
    സാജന്‍
    വിശാലേട്ടന്‍
    റീനി

    എല്ലാവര്‍ക്കും, പിന്നെ വന്നുവായിച്ച്‌ ഈയുള്ളവനുവേണ്ടി ഒരുനിമിഷം പ്രാര്‍ത്ഥിച്ച ഏവര്‍ക്കും എന്റെ നന്ദി, നമസ്‌കാരം. എന്റെ മനസ്സിന്റെ ശക്‌തി അധികരിച്ചതുപോലെ തോന്നി ഈ വെളുപ്പിനെഴുന്നേറ്റപ്പോള്‍..

    ഒരായിരം നന്ദി വീണ്ടും.. നാട്ടില്‍ ഉടനെ പോവുന്നുണ്ട്‌. പ്രതീക്ഷ അസ്‌തമിക്കാത്തതാവും എന്നൊരു ചിന്തോദയം ഉണ്ട്‌. ആത്മാര്‍ത്ഥമായി കൂടെനില്‍ക്കുന്ന ബൂലോഗസുഹൃത്തുക്കളെ എത്ര സ്‌തുതിച്ചാലും മതിവരില്ല. ഈ ലോഗത്ത്‌ എത്തിയില്ലായിരുന്നെങ്കില്‍... ഞാന്‍... ഒരു മൂലയില്‍ ഒതുങ്ങിക്കൂടി ഗുമസ്‌തപ്പണി മാത്രമുള്ള ദു:ഖഭാരം പേറികഴിയുന്ന ഒരാള്‍ മാത്രമായിരുന്നേനെ.

    എന്ന്‌ സ്വന്തം
    ഏറനാടന്‍

    ReplyDelete
  24. ഏറനാടാ, ഈ പോസ്റ്റ് തിരക്കുകള്‍ മൂലം വായിക്കാന്‍ സാധിക്കാത്തതില്‍ ആദ്യമായി ക്ഷമ ചോദിക്കട്ടെ.

    ഈ യാത്രാവിവരണം വളരെ രസകരമായി വായിച്ചു വരികയായിരുന്നു. പക്ഷേ അവസാനത്തെ വരികള്‍ തീര്‍ച്ചയായും സങ്കടമായി :(

    പിന്നെ ഈ ജീവിതയാത്രയില്‍ മറ്റുള്ളവരൊന്നും നമ്മുടെ കൂടെ കാണില്ല. നാമാണ് നമ്മുടെ ജീവിതം എങ്ങിനെ വേണമെന്ന് തീരുമാനിക്കേണ്ടത്. ജീവിതം ഒന്നേയുള്ളൂ, അത് പരമാവധി മനോഹരമാക്കാന്‍ ശ്രമിക്കുക. പിണക്കങ്ങളെല്ലാം പരസ്പരം പറഞ്ഞുതീര്‍ത്ത് ഈ 2007-ല്‍ തന്നെ ഒരു പുതുജീവിതം തുടങ്ങുക. കാലം നമുക്കുവേണ്ടി ഒരിക്കലും കാത്തുനില്‍ക്കില്ല. അതിനാല്‍ ഇത്തവണത്തെ യാത്രയില്‍ എല്ലാ പിണക്കങ്ങളും തീര്‍ത്ത് നല്ലൊരു യാത്രാവിവരണം എഴുതൂ. ഇതുവായിച്ച് ദുഖിച്ചവരെല്ലാം അങ്ങനെ സന്തോഷിക്കട്ടെ.

    ആയിരം ആശംസകള്‍.

    ReplyDelete
  25. മാത്യൂസ്‌ ഒരുപാട്‌ നന്ദി.

    സഖിയും കുഞ്ഞും സുഖമായിരിക്കുന്നു,
    കാണാനൊരു ആധി...
    ബൂലോഗര്‍ക്ക്‌ എന്റെ നന്ദി.

    പോയിവന്നിട്ട്‌ നല്ലൊരു യാത്രാകുറിപ്പുമായി വരാം. തീര്‍ച്ച.

    ReplyDelete
  26. എറനാടന്‍ 'സിനിമക്കാരുടെകഥകള്‍' പറഞ്ഞു ഞങ്ങളെ സന്തോഷിപ്പികുമ്പോള്‍ ഇങ്ങനെ ഒരു ദുഃഖം പേറുന്ന ആളെന്നു തോന്നിയിരുന്നില്ല.
    നല്ല വാര്‍ത്തയ്ക്കായി ഞങ്ങള്‍ കാത്തിരികുന്നു..പ്രാര്‍ത്ഥിക്കുന്നു ..സഖിയോടും പറയുക..
    qw_er_ty

    ReplyDelete
  27. പ്രിയംവദയുടേയും പ്രാര്‍ത്ഥന ഫലിക്കും എന്നെനിക്കു തോന്നുന്നു. താങ്ക്‌സ്‌ എ ലോട്ട്‌!

    ReplyDelete
  28. Dear Biby Cletus,
    Thanks for your visit and nice comments.

    ReplyDelete
  29. ഏറനാടാ

    വായിച്ചപ്പോള്‍ താമസിച്ചുപോയി.. പക്ഷേ ഞെട്ടിയില്ല..കാരണം ഇപ്പോള്‍ അങ്ങനെയൊക്കെ യാണു..ചായയില്‍ മധുരം കുറഞ്ഞാലും സാരിയ്ക്കു നിറം കുറഞ്ഞാലും വേര്‍പിരിയല്‍..
    എല്ലാം ശരിയാവും എന്നു പറയാന്‍ എനിക്കാവില്ല..കൊണ്ടിട്ടുണ്ട്‌ ഒരുപാട്‌..കണ്ടിട്ടുമുണ്ട്‌..

    ReplyDelete
  30. ഏറനാടാ, ഒത്തിരി ലേറ്റായി വായിക്കാന്. വായിച്ചപ്പോ തൊണ്ടയിലൊരു തടസ്സം പോലെ. എന്റെ കാര്യത്തിലും കുറച്ചു സാമ്യം ഉണ്ടെന്നു കൂട്ടിക്കോ, കേരളത്തിന്റെ രണ്ടറ്റത്തുള്ളവരാ ഞാനുമെന്റെ സഖിയും,ഒത്തിരിക്കാലം സ്നേഹിച്ചിട്ട് ഒരുമിച്ചു, ഇതുപോലൊരു യാത്രയും നടന്നു. പിരിയുന്നതിനെക്കുറിച്ച് ചിന്തിക്കാനേ കഴിയുന്നില്ല, അതു കൊണ്ടു തന്നെ. ഏറനാടന്റെ ഹൃദയവേദന മനസിലാക്കാനാവുന്നുണ്ട്. മനസുനിറഞ്ഞ് ആഗ്രഹിക്കുകയാണ് ഈ കമന്റവിടെ കിട്ടുന്പോഴേക്കും നിങ്ങള് വീണ്ടും അടുത്തു വരണം എന്ന് (അടുക്കണം എന്നു പറയാന് , മനസുകള് അകന്നിട്ടില്ലല്ലോ അല്ലേ)

    ReplyDelete
  31. പ്രിയപ്പെട്ടവര്‍ക്കെല്ലാം വിഷുവാശംസകള്‍. ഒരു പോസ്‌റ്റ്‌: (നല്ല യാത്രാവിവരണത്തിനുള്ള സമ്മാനം 'ഡാഫോഡില്‍സ്‌ ഗ്രൂപ്പ്‌' തന്നത്‌).

    ReplyDelete
  32. എല്ലാ വായനക്കാര്‍ക്കും വിഷു ആശംസകള്‍

    ReplyDelete
  33. പ്രിയപ്പെട്ട ഏറനാടാ .. ഞാന്‍ കരുതി ഇതൊരു തമാശ കഥ ആയിരിക്കുമെന്ന്... എല്ലാം ശരിയാകും.. എല്ലാ നന്മകളും ഉണ്ടാകട്ടെ ... സ്നേഹപൂര്‍വ്വം, പകല്‍ ...

    ReplyDelete
  34. രണ്ടുപേര്‍ക്കും തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെങ്കില്‍, സംസാരിച്ചു തീര്‍ക്കാവുന്നതല്ലേയുള്ളൂ. ഇനി മറ്റൊരാളുടെ ഇടപെടല്‍/സഹായം വേണമെന്നുണ്ടെങ്കില്‍ തന്നെ ഈ ബൂലോഗത്തെ എല്ലാരുമില്ലേ സഹായിക്കാന്‍. എല്ലാം ശരിയാവാനും (കഴിയുന്നതും വേഗം) നല്ലതു വരാനും പ്രാര്‍ഥിക്കുന്നു.

    ReplyDelete
  35. ഗെഡീ നീ ന്തൂട്ടാ ഈ പറയണേ. എല്ലാം ശരിയാവുംന്നെ,നീ ധൈര്യായി ഇരിക്കി, മ്മളൊക്കെ ഇല്ലേ പ്രാര്‍ത്തിക്കാന്‍!

    ReplyDelete
  36. ഈ എഴുതിയതൊക്കെ സത്യമാണോ ഏറനാടാ...
    താങ്കളുടെ ഒരു കഥ എന്ന ലാഘവത്തിലാണ് വായിച്ചു വന്നത്....

    ഇത് കഥയല്ല അനുഭവമാണെങ്കില്‍.....താമസിച്ചിട്ടില്ല....ശ്രമിക്കൂ..എല്ലാം നേരെയാവും, ആകണം, ആക്കണം...ജീവിതമാണ് സുഹൃത്തെ....വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാവൂ...

    ReplyDelete
  37. ഏറനാടാ ഇതൊരു കഥ മാത്രമാണെന്നാ വായിച്ച് അവസാനിപ്പിക്കും വരെ കരുതിയത്. കമന്റുകള്‍ കണ്ടപ്പോള്‍ കളി കാര്യമാണെന്നു മനസ്സിലായി. എന്തായാലും എല്ലാ നന്മകളും നേരുന്നു. കൂടുതല്‍ ദൃഢമായ ഒരു കൂടിച്ചേരലിനു വേണ്ടിയാകാം ഈ വേര്‍പാട്.

    ReplyDelete
  38. പ്രാര്‍ത്ഥനയുണ്ട് ഏറൂ...

    ബാക്കിയൊക്കെ ഞാന്‍ ‘കൂട്ട‘ത്തില്‍ പറഞ്ഞല്ലോ ?ഒക്കെ ശരിയാകും.

    ReplyDelete
  39. എറനാടാ,
    ഫോട്ടോയില്‍ ഒരു മിസ്റ്ററിയുമില്ല, കേട്ടോ. സേവ് ചെയ്ത്, കളര്‍ ഇന്‍‌വേര്‍ട്ടു ചെയ്തുകഴിഞ്ഞാല്‍ നീലസാരിയും ഓറഞ്ച് സ്ട്രൈപ്പ് ഷര്‍ട്ടും മാത്രമല്ല, കെട്ടിയ വാച്ചിലെ സമയം പോലും അറിയാന്‍ പറ്റും. പ്രൈവസി തന്നെയാണ് ദാമ്പത്യത്തിലെ ഏറ്റവും പ്രധാന സംഗതി. അതു നഷ്ടപ്പെട്ടാല്‍ എന്തു സംഭവിക്കുമെന്നു നാം കണ്ടു കഴിഞ്ഞു. നിസ്സാരം എന്നൊക്കെ ലളിതവല്‍ക്കരിച്ചാലൊന്നും കാര്യമില്ല. സ്വകാര്യതയ്ക്കു വില കല്‍‌പ്പിച്ചില്ലെങ്കില്‍ ദാമ്പത്യം ശരിയാവാനുള്ള വിദൂര സാധ്യത പോലും ഇല്ലാതാവുകയല്ലേ സംഭവിക്കുക?

    ReplyDelete
  40. ജെപി നന്ദി

    പകല്‍‌കിനാവന്‍ ഇതൊരു കഥ ആണെന്ന് കരുതിയാല്‍ വിഷമം തോന്നുകില്ല. അങ്ങനെ കരുതാന്‍ ശ്രമിച്ചാല്‍ വിജയിക്കും. നന്ദി

    എഴുത്തുകാരി നന്ദി ആ പ്രാര്‍ത്ഥനയ്ക്ക്.. പക്ഷെ ജീവിതം ഇങ്ങനെയൊക്കെ അല്ലേ. ദൈവം മുകളില്‍ ഇരുന്ന് കമ്പ്യൂട്ടറില്‍ ഗെയിം കളിച്ച് തോന്നുന്ന പോലെ ഓരോന്ന് വിധിക്കും. അത് നാം ഏറ്റുവാങ്ങി ജീവിതം ജീവിച്ച് കഴിയുക. ആരോടും പരിഭവിക്കാതെ, നഷ്ടമായത് ഓര്‍ത്ത് വിലപിക്കാതെ, നമ്മുടെ കഴിവില്‍ വിശ്വസിച്ച് ദു:ഖം വിസ്മരിച്ച് അങ്ങനെ ജീവിക്കുക തന്നെ. നന്ദി..

    വാഴക്കോടന്‍ വളരെ നന്ദി.

    ചാണക്യന്‍ ഇത് കഥ ആണോന്ന് ചോദിച്ചാല്‍ കഥ അല്ല, എന്നാല്‍ അല്ലേ എന്ന് ചോദിച്ചാല്‍ കഥ ആണ്‌. ജീവിതത്തിലെ ഒരു കുഞ്ഞുകഥ.

    ബിനോയ് അതെ അങ്ങനെ ആവണമല്ലോ. ആരും ഒരിക്കലും തമ്മില്‍ കാണാതെ പോവില്ല എന്ന് ഞാനും വിശ്വസിക്കുന്നു.

    "അകലുവാനായ് നമ്മള്‍
    അടുത്തതാണോ പ്രിയാ
    അടുക്കുവാനായ്
    നമ്മള്‍ അകന്നതാണോ..?"

    (ഈ ഗാനം എന്റെ പുതിയ സീരിയല്‍ 'ഗ്രീഷ്‌മസന്ധ്യ'-യില്‍ വിധുപ്രതാപ് ആലപിച്ചത്)

    നിരക്ഷരന്‍ നീരൂ നന്ദി. നീ ഉടനെ തിരികെ വാ അബുദാബിയില്‍ നമുക്ക് ഒന്ന് കൂടാം. :)

    കമല ക്ലബ്: അതെനിക്ക് അറിയില്ലായിരുന്നു. ഫോട്ടോയില്‍ മിസ്റ്ററി ഇല്ലായിരുന്നു അല്ലേ? ഞാന്‍ അത് ഉടനെ എടുത്തുമാറ്റി. ഇനി ആ ഫോട്ടോ കണ്ട് അവളെ അറിയുന്നവര്‍ ബൂലോഗത്ത് ഉണ്ടെങ്കില്‍ പുലിവാല്‍ ആകേണ്ട. അവള്‍ എവിടെ ആണേലും സുഖമായി ജീവിക്കട്ടെ, അത് എനിക്കും സമാധാനമായിരിക്കും.

    ReplyDelete
  41. പ്രിയ ഏറനാടൻ,

    എത്രയും വേഗത്തിൽ നിങ്ങൾ ഒന്നുചേരട്ടെ. നിരാശപ്പെടുകയോ വിഷമിക്കുകയോ ചെയ്യരുത്. ആരുടേതായാലും ദാമ്പത്യജീവിതം എപ്പോഴും നിറയെ പ്രശ്നങ്ങൾകൊണ്ട് നിറഞ്ഞതാണ്. അഭിപ്രായവ്യത്യാസങ്ങളും കുറെയൊക്കെ അതൃപ്തികളും നിറഞ്ഞത് തന്നെയാവും എപ്പോഴും ദാമ്പത്യം. ഇതുവരെ സംഭവിച്ച കാര്യങ്ങളിൽ ആരുടെഭാഗത്തായിരുന്നു തെറ്റ് അല്ലെങ്കിൽ ശരി എന്ന് ചിന്തിക്കേണ്ടതില്ല. എല്ലാം മറന്ന് തുറന്ന് സംസാരിക്കുക. പിന്നെയും സംസാരിക്കുക. ധാരാളം സംസാരിക്കുക. തുറന്ന സംസാരം പ്രശ്നപരിഹാരത്തിനുള്ള മരുന്നാണ്. ഇനാം‌പേച്ചികളെയും മരപ്പട്ടികളെയും നിങ്ങളൂടെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്തുക. അവറ്റകളുടെ പിറുപിറുക്കലിന് നിങ്ങളുടെ ചെവിയിൽ സ്ഥാനമുണ്ടാവാതിരിക്കട്ടെ.

    എല്ലാം ശരിയാവും. നന്മ വരട്ടെ.

    സ്നേഹപൂർവ്വം
    പോങ്ങു

    ReplyDelete
  42. sankadam vannu avasanam bhagam vayichappol.....pinakkam ellam marum..... :)

    prarthanayode....

    ReplyDelete
  43. എല്ലാം ശരിയാവും എന്ന പ്രതീക്ഷയോടെ...
    വിഷു ആശംസകള്‍

    ReplyDelete
  44. ഏറെ നടന്‍ ആയതാണ് പ്രശ്നം
    കുറച്ചൊക്കെ മോഡേണ്‍ ആയാല്‍
    പ്രശ്നം തീരും എന്തോ
    നന്മ ആശംസിക്കുന്നു
    എന്നും എപ്പോഴും

    ReplyDelete
  45. നമ്മള്‍ ഫോണിലൂടെ സംസാരിച്ചതിന്റെ ഭാഗമായി ഒന്ന് കയറി നോക്കിയതാണ്. ഒരുപാട് ബ്ലോഗുകള്‍ കണ്ടപ്പോള്‍ ഏതില്‍ കയറും എന്ന് കണ്‍ഫ്യൂഷനായി. അവസാനം ഏറനാടന്‍ കഥകള്‍ തന്നെ തിരഞ്ഞെടുത്തു. വായിക്കുംബോള്‍ യാത്രാവിവരണമായി തന്നെ തോന്നി. പിന്നീടാണ് തിരിഞ്ഞത് യാത്രാവിവരണം തന്നെയാണെന്ന്. നല്ല രസകരമായിരുന്നു... അവസാന പാരഗ്രാഫിന് മുന്‍പ് വരെ.

    എല്ലാം ശരിയായിക്കാണും എന്ന് വിശ്വസിക്കുന്നു... നന്മക്കായി പ്രാര്‍ഥിക്കുന്നു...

    ReplyDelete
  46. ഒരു നല്ല വാർത്തയ്ക്ക് വേണ്ടി ഈയുൾലവനും കാത്തിരിക്കുന്നു ഒരുപാട് പ്രാർത്ഥനകളോടെ...എല്ലാ ആശംസകളും...

    ReplyDelete
  47. സുഖകരമായ വായനക്കൊടുവില്‍ സങ്കടം തന്നു.
    പ്രതീക്ഷ കൈവിടരുത്.
    ദൈവം തുണക്കട്ടെ..

    ReplyDelete
  48. ENTE SUHRUTHE....THANNATHANE CHEYTHA MANDATHARATHINU PRAARTHICHITTO MATTULLAVARE PAZHI CHARIYITTO ENTHU KARYAM.NAMMUDE JEEVITHAM NAMMAL THANNE NOKKANDE...ELLARKKUM INGANE OKE THANYA MASHE JEEVITHAM..ENNU VECHU KARANJU NILAVILICHU IRIKANUNDO ARENKILUM...JUST AA PHONE ONNEDUTHE..ORU SMS VITTE...ATHU MATHI..BAKI ELLAM AUTOMATIC AYI SARYAKUMNNE...PINNE PARAMAVADHI NAMMUDE COMPLEXUKALUM EGOKALUM THALLUKMOOTTANGALUM MATULLAVARE ARIYIKKATHIRIKKUKA..AALKKAR NAMMALE SUGHIPPIKKAN PARTNERE KUTTAM PARAYUM ATHU PINNEM NAMMADE DESHYAM KOOTTUM..SO COOLL.NAMMADE JEEVITHAM NAMMADE MATHRAM..POYI VILICHONDUVAA MASHE VAMA BHAGATHINE....KATHIRIKKANUNDAKUM ENNENKILUM VARUMENNU MOHICHU..

    ReplyDelete
  49. ഏറനാടാ "Men are from Mars, women are from Venus"
    ഈ ബുക്ക്‌ താങ്കള്‍ വായിക്കൂ.. സഖിക്കും ഒരു കോപ്പി അയച്ചു കൊടുക്കൂ. it will guide your relationship. this book will teach us about better half

    ReplyDelete
  50. ഹായ് വായിച്ചു ..എല്ലാവരും പങ്കുവച്ചതില്‍ ഒരു പങ്ക് എനിക്കായ് മാറ്റിവയ്ക്കുന്നു.

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com