Monday 4 August 2008

പുപ്പുലിയോന്‍!

പണ്ട് പണ്ടൊരു ദേശത്ത് ആകെയൊരു ആശാരിയേ ഉണ്ടായിരുന്നുള്ളൂ. വേലപ്പനാശാരി. എന്നും അതിരാവിലെ വേല തേടി പണിയായുധങ്ങള്‍ നിറച്ച സഞ്ചിയും തൂക്കി വേലപ്പനാശാരി ബഹുദൂരം പോയിവരും. വേലകഴിഞ്ഞ് തിരികെവരുമ്പോള്‍ വേലപ്പന്‍ കുഞ്ഞുകവിതയോ കഥയോ ചിന്തയിലാവിഷ്‌കരിച്ച് കൊണ്ടായിരിക്കും മിക്കപ്പോഴും. പുരയില്‍ മോന്തിനേരം വന്നണയുമ്പോള്‍ കവിതയും കഥയും വാമൊഴിയായി കെട്ട്യോള്‍ക്കും കുട്ട്യോള്‍ക്കും സമ്മാനിക്കും. അവരുടെ ഉല്‍സാഹം കാണുമ്പോള്‍ വേലപ്പനാശാരി സായൂജ്യം കൊള്ളും. അവരുടെ അഭിപ്രായങ്ങള്‍ നിര്‍ബന്ധമായും ചോദിച്ചുതന്നെ മേടിക്കും. എന്നാലേ വേലപ്പനാശാരിക്ക് ഉറക്കം നേരെയാകൂ.

അങ്ങിനെ ഒരുനാള്‍, മോന്തികഴിഞ്ഞിട്ടും വേലപ്പനാശാരിയെ കാണാഞ്ഞ് കെട്ട്യോളും കുട്ട്യോളും ബേജാറായി ഓലപ്പുരയുടെ ഉമ്മറത്ത് മണ്ണെണ്ണവിളക്കിന്റെ ഇത്തിരിവെട്ടത്തില്‍ വിഷണ്ണരായി ഇരുന്നു. നേരം ഏറെയായപ്പോള്‍ വേലിപ്പടി കേറി വേലപ്പനാശാരി പ്രത്യക്ഷപ്പെട്ടു. അവര്‍ ഉല്‍സാഹത്തിമിര്‍പ്പിലായി. വേലപ്പനാശാരിയുടെ മുഖത്ത് സന്തോഷത്തിന്റെ വേലിയേറ്റം. ഇന്നെന്തോ പുത്തന്‍ കഥ സ്റ്റോക്കുണ്ടെന്ന് പുരയിലുള്ളോര്‍ ഉറപ്പിച്ചു.

എന്തേ വൈകിയേ എന്നുചോദിക്കും മുന്നെ വഴിയില്‍ ഒരു സംഭവം അരങ്ങേറിയത് വിളമ്പാന്‍ കുളികഴിയുമ്പോഴേക്കും പിഞ്ഞാണത്തില്‍ കഞ്ഞിയും ചമ്മന്തിയും ചുട്ടപപ്പടോം വിളിമ്പിവെച്ചേക്കാന്‍ പറഞ്ഞ് മൂളിപ്പാട്ടും പാടി വേലപ്പനാശാരി വെളിച്ചെണ്ണതേച്ച് പറമ്പിനപ്പുറത്തെ തോട്ടിലേക്ക് തോര്‍ത്തുമെടുത്ത് ടോര്‍ച്ചുമായി പാഞ്ഞു.

തിരിച്ചുവരവും കാത്ത് അക്ഷമരായി കെട്ട്യോളും കുട്ട്യോളും വിളമ്പവെച്ച കഞ്ഞിയും ചമ്മന്തിയും ചുട്ടുപപ്പടോം നോക്കി വിളക്കിനു ചുറ്റും പാറിക്കളിക്കുന്ന പാറ്റകളേയും ശ്രദ്ധിച്ച് ഇരുന്നു. കുളികഴിഞ്ഞ് വസ്ത്രം മാറിയെത്തിയ വേലപ്പനാശാരി കഞ്ഞിമോന്തി ചമ്മന്തികൂട്ടി ചുട്ടപപ്പടം പൊട്ടിച്ച് വായിലിട്ട് അന്നത്തെ കഥ പറഞ്ഞു.

വേലകഴിഞ്ഞ് ദൂരം ദേശത്തൂന്ന് തിരികെവന്നത് ഒരു കൊടും‌കാട്ടിനരികിലൂടെയുള്ള കുറുക്കുവഴിയിലൂടെയായിരുന്നു. പുലികളും പുപ്പുലികളും പോരടിക്കുന്ന വനാന്തരമാണെന്നറിയാം എന്നാലും വേഗം പുരയിലെത്താന്‍ അതിലൂടെ ധൃതിയില്‍ വരുമ്പോള്‍ ഒരു ഗര്‍ജ്ജനം!

'ഗ്ഗര്‍‌‌ഗ്‌ര്‍‌ര്‍..'

മുന്നിലൊരു പുലി. വല്യൊരു പുപ്പുലി വാലിളക്കി പല്ലിളിച്ച് നെഗളിച്ച് നില്‍ക്കുന്നു. വേലപ്പനാശാരി മുട്ടിടിച്ച് നിന്നു. പുലിയോന്‍ കൈയ്യിലെ സഞ്ചിയില്‍ ധൃഷ്‌ടി പതിപ്പിച്ച് ദൃംഷ്‌ട കാട്ടി അലറിചോദിച്ചു:

'താനാരാ? തന്റെ സഞ്ചിയിലെന്താ?'

'ഞാനൊരു ആശാരി. സഞ്ചിയില്‍ എന്റെ പണിയായുധങ്ങളാണേയ് പുലിയോനേ..'

'അതുശെരി. തന്നെ കണ്ടതുനന്നായി. ഒരു കാര്യമുണ്ട്. ആ, തിന്നാന്‍ എനിക്ക് വേറെ വല്ല പീക്കിരിയേം കിട്ടിക്കോളും. ഉം വരൂ.'

'പുലിയോനേ എനിക്ക് പോയിട്ടല്പം ധൃതിയുണ്ട്. ഇപ്പോതന്നെ നേരം വൈകി. ഞാനങ്ങോട്ട്..?'

'തനിക്ക് എന്റെ വയറ്റില്‍ പോണോ, അതോ കൂടെ പോരണോ. ഉം?'

'എനിക്കെന്റെ പുരയില്‍ പോയാമതിയേ പുലിയോനേ'

'അല്പം ദൂരം കൂടെ വാ. ഞാനൊരു വീട് വെക്കുന്നുണ്ട്. ഒന്ന് വന്നിട്ട് എളുപ്പത്തില്‍ ഒരു വീടുണ്ടാക്കിയിട്ട് പോയാമതി.'

പുലിയോന്‍ മുന്നെ വേലപ്പനാശാരി പിന്നെ നടന്നു. ഒരിടത്ത് അല്പം മരപ്പലക കൂട്ടിയിട്ടിരിക്കുന്നു. പുലിയോന്‍ ഉടനൊരു വീട് ഇന്‍സ്റ്റന്റായിട്ട് പണിയാന്‍ ആക്ഞാപിച്ച് വാലിളക്കി നിന്നു. മനസ്സില്‍ പിറുപിറുത്ത് വേലപ്പണ്ണന്‍ സഞ്ചിയില്‍ നിന്നും പണിയായുധങ്ങള്‍ നിലത്തു കൊട്ടിവിതറിയിട്ട് വേണ്ടുന്നവ എടുത്ത് മരപ്പലക ഓരോന്നെടുത്ത് അളവുനോക്കി പുപ്പുലിക്ക് വേണ്ട വീട് പണിയാന്‍ തുടങ്ങി.

ആദ്യം നാലുമൂലയില്‍ നാലു കാലുകള്‍ നാട്ടി. മേല്‍ക്കൂര ആണിയിട്ട് ഉറപ്പിച്ചു. പിന്നെ മൂന്നു ഭാഗവും നല്ല ഉറപ്പുള്ള പലകക്കഷ്‌ണങ്ങള്‍ കൂട്ടിയോജിപ്പിച്ച് മറച്ചു. അതില്‍ കാറ്റുകേറാന്‍ മാത്രം ഒരു തുളയിട്ടു. എന്നിട്ട് വേലപ്പനാശാരി തലചൊറിഞ്ഞുകൊണ്ട് ഭവ്യതയോടെ പുപ്പുലിയോനെ നോക്കി അഭ്യര്‍ത്ഥിച്ചു:

'പുലിയോനേ ഒന്നങ്ങട് കേറിനിന്നോളൂ. പുലിയോന്റെ ഉയരവും നീളവും ഒക്കെ വീടിനു പാകമാണോന്ന് നോക്കാനാ..'

പുലിയോന്‍ വളരെ കൂളായി വീട്ടില്‍ കയറിയതും തുറന്നുകിടന്ന ഭാഗത്ത് വേലപ്പനാശാരി ദ്രുതഗതിയില്‍ ഭദ്രമായി ആണിയിട്ടടിച്ച് പലക കൊണ്ട് മറച്ചു. പുലിയോന്‍ കിടന്നലറി. ആക്രോശിച്ചു. തെറിപ്രയോഗം തുടങ്ങി.

'#*&&@!'

പണിയായുധങ്ങള്‍ സഞ്ചിയിലാക്കി മൂരിനിവര്‍ത്തിനിന്ന വേലപ്പനാശാരി ബന്ധനസ്ഥനായ പുലിയോട് കാച്ചി:

'ഫ! പുല്ലേ! താന്‍ പുലിയല്ലേ പുപ്പുലി. തനിക്കൊക്കെ വീടല്ല, കൊട്ടാരം പണിതുതന്നാലും താനൊക്കെ തന്റെ തനിസ്വഭാവം കാട്ടും. താനവിടെ കിടന്ന് നന്നായി ഷിറ്റെടാ ഷിറ്റ്! ഞാന്‍ പോയിട്ട് ഇതിലേ പിന്നേം വരാം. ജസ്റ്റ് റിമമ്പര്‍ ദാറ്റ്!'

പിഞ്ഞാണത്തിലെ ബാക്കി കഞ്ഞികൂടെ മോന്തിയിട്ട് ചമ്മന്തി നക്കിഞൊട്ടി ഏമ്പക്കമിട്ട് വേലപ്പനാശാരി കെട്ട്യോളേം കുട്ട്യോളേം നോക്കി കഥ നിറുത്തി.

23 comments:

  1. പ്രവാസഭൂമിയില്‍ വേലതേടി അലയുന്നതിനിടയില്‍ കിട്ടിയ ഗ്യാപ്പിലൊരു കഥ പോസ്റ്റുന്നു - "പുപ്പുലിയോന്‍!"

    ReplyDelete
  2. ഹ ഹ! പുപ്പുലിയോനാരാ മോന്‍!

    ReplyDelete
  3. ഇനിയും തോല്‍‌വികളേറ്റുവാങ്ങാന്‍ പുലിയുടെ ജന്മം പിന്നേയും ബാക്കി
    കഥ ഇഷ്ടമായി

    ReplyDelete
  4. 'ഫ! പുല്ലേ! താന്‍ പുലിയല്ലേ പുപ്പുലി. തനിക്കൊക്കെ വീടല്ല, കൊട്ടാരം പണിതുതന്നാലും താനൊക്കെ തന്റെ തനിസ്വഭാവം കാട്ടും.

    ദേ കണ്ടില്ലേ, ഏറനാടന്‍ പുലീടെ തനിസ്വഭാവം?

    :) രസിച്ചു...

    ReplyDelete
  5. പുലിയെ തളച്ച ഏറനാടനാശാരിക്ക് ആശംസകൾ!.

    ReplyDelete
  6. ഏറനാടന്‍ മാഷെ..

    വീണ്ടും ഒരു നല്ല വസന്തം താങ്കള്‍ക്ക് ലഭിക്കട്ടെ..

    പിന്നെ കഥയാണെങ്കിലും ഒരു വിയോജിപ്പ്..ഒരാശാരിയും ഒരു പണി ഒറ്റ ദിവസം കൊണ്ടു തീര്‍ത്ത ചരിത്രമില്ല ഇനിയൊട്ടു ഉണ്ടാകുകയുമില്ല..ആശാരിമാരെ ക്ഷമീര് അനുഭവം ഗുരു..!

    ReplyDelete
  7. ഏറനാടാ പ്രവാസലോകത്തിൽ വല്ല പുലിയേയും കണ്ടുമുട്ടിയോ?

    ReplyDelete
  8. ഹി...ഹി....പുപ്പുലിയോന്‍ ആളു കൊള്ളാല്ലോ...:)

    ReplyDelete
  9. പുലിയെ കൂട്ടിലാക്കിയ പുപ്പുലി വേലപ്പനാശാരിക്കു നമോവാകം.

    ReplyDelete
  10. വേലതേടിയ് അലയുന്നതിനിടയിലും വേലത്തരത്തിനു കുറവില്ലാ... ല്ലേ :)

    ReplyDelete
  11. സ്വന്തമായി കോഴിക്കൂട് പണിത ആശാരിയെ അവസാനം കൂട് പൊളിച്ചു പുറത്തെടുത്ത കഥ കേട്ടിട്ടുണ്ട്..
    ഏറനാടാ.. പ്രവാസത്തിന്റെ തീച്ചൂളയിലേക്കു വീണ്ടും സ്വാഗതം..
    കഥ ക്ഷ പിടിച്ചു..:)

    ReplyDelete
  12. തള്ളേ യെവന്‍ പുലിയാണട്ടൊ

    ReplyDelete
  13. വേല തേടിയിറങ്ങിയ കൂട്ടത്തില്‍ ഗുണപാഠകഥകള്‍ അടിച്ചിറക്കുന്നോ ഏറനാടാ... ?

    ഓ:ടോ:- മൊബൈല്‍ തന്നത് റോങ്ങാണല്ലോ മാഷേ. ഞാനിപ്പോഴും അബുദാബീല് തന്നെ ഉണ്ടട്ടോ. ഞമ്മക്ക് പച്ചരി തരുന്ന കമ്പനിയുടെ ഹെഡ്ഡാപ്പീസ് അബുദാബീലാ... :) :)

    ReplyDelete
  14. ഹി...ഹി....കൊള്ളാല്ലോ ....
    back in UAE??????????

    ReplyDelete
  15. ചിലപ്പോള്‍ എലിയായിരുന്നിരിക്കാം.. എലിയെപ്പോലിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നത്‌ കാണാം...

    ഒരു എലിപ്പെട്ടിയൊക്കെ ഒരു ദിയവസം കൊണ്ട്‌ ഉണ്ടാക്കും ആശാരി..

    കുഞ്ഞാ. എല്ലാ ആശാരിമാരൂം അങ്ങിനെയല്ല..

    ReplyDelete
  16. ഏറനാടാ നീ നാട്ടില്‍ നര്‍സറിയുടെ വരാന്തകള്‍ ചുറ്റിതിരിഞ്ഞ ലക്ഷണമുണ്ട് ...സംഗതി കൊള്ളാം ഒരു റിലാക്സേഷന്‍ തലപെരുപ്പിയ്ക്കുന്ന ചര്‍ച്ചകളില്‍ നിന്നും കഥകളില്‍ നിന്നുമെല്ലാം ചെറുപ്പകാലത്തേയ്ക്ക് നടത്തിച്ചതിന് നന്ദി :)

    ബഷീറെ .. പുലി എന്നു മാത്രം കേട്ടു പരിചയവും എലിയെ മാത്രം കണ്ടു പരിചയവും കൊണ്ടുള്ള തോന്നലാ അത് വലിയ എലിയായിരിക്കും പുലിയെന്ന് .നീയൊക്കെ പുലിയെ നേരിട്ടു കണ്ടാല്‍ ട്രൌസറില്‍ തൂ........ :)

    ReplyDelete
  17. പാമരന്‍ ചേട്ടോ പുപ്പിലിയോനാരാരാ..നന്ദി.

    പൈങ്ങോടന്‍ വളരെ നന്ദി.

    കാപ്പിലാന്‍ :)

    നിഷാദ് സ്വാഗതം..

    ശ്രീ :)

    നന്ദു നന്ദി.

    കുഞ്ഞന്‍ നന്ദി. പിന്നെ അപ്പറഞ്ഞ വിയോജിപ്പിനോട് ഒരു ചിന്നവിയോജിപ്പ്. കഥയില്‍ ചോദ്യമില്ലാ. മാത്രമല്ലാ പുപ്പുലിയോന്റെ എന്നല്ല പുലിയുടെ മുന്നീപോയിപ്പെട്ടാല്‌ ഒരിസല്ല ഒരു മിനിറ്റോണ്ട് പണിതിര്‍ക്കും ആരും..:)

    ഗോപക് യൂആര്‍ :)

    രസികന്‍ പ്രവാസലോകത്തിലല്ലേ മുയുവന്‍ പുലികളും പുപ്പുലിയോന്‍സും ഉള്ളത്!

    ഉഗാണ്ട സെക്കന്റ് :)

    റോസേച്ചീ നന്ദി.

    എഴുത്തുകാരീ താങ്ക്യൂ.

    അഗ്രജന്‍ ഭായ് വേലപ്പനാശാരിയോടോ അതോ എന്നൊടോ ഇത്? :)

    പ്രയാസി ഹ ഹ അക്കഥ ഒന്നു പറയൂന്നേ അല്ല പോസ്റ്റൂന്നേ. കേള്‍ക്കട്ടെ. നന്ദി.

    തംബൂലം ഉവ്വുവ്വാ നന്ദി.

    നിരക്ഷരന്‍ അതെയതെ ഏതായാലും ഒരു വേല ഇപ്പോ എനിക്കില്ല. അപ്പോ വേല അടിച്ചിറക്കുന്ന വേലയിലാ.ഹിഹി. ബൈ ദി ബൈ മൈ നമ്പര്‍ ഈസ് വിളിക്കൂ.

    അരീക്കോടന്‍ മാഷേ അതെ അപ്രതീക്ഷിതമായി ഞാനിപ്പോള്‍ യൂയേയീലാണ്‌. ചില പുലികളെ കാണാനും ചിലത് പറയാനും. നന്ദി. :)

    ബഷീര്‍ വെള്ളറക്കാട് അല്ല എലിയല്ലാ പുലിയാ പുപ്പുലി. ഇനി എലിയുടെ മുന്നില്‍ മാഗ്നിഫയിംഗ് ലെന്‍സ് വെച്ചുനോക്കിയതാണോ എന്നു ചോദിക്കാതെ. ഓറിജിനലാ ഓര്‍ജീനാല്‍. നന്ദി.

    വിചാരം മാഷേ ഞാന്‍ അന്നോടു തോറ്റു. അതാ നാട്ടീല്‍ നഴ്സറിയില്‍ പോയത്. അതോണ്ട് കൊറച്ച് പോസ്റ്റാന്‍ ഗുണപാഠകഥാസ് കിട്ടി. (ബൈ ദി ബൈ കഥയുടെ സോഴ്സ് പുറത്താരോടും പറയണ്ടാ വിചാരമേ)
    ബഷീറിനോട് പറഞ്ഞത് എന്തേ പാതിവഴീല്‌ അവസാനിപ്പിച്ചത്. മുഴുവന്‍ ഇവിടെ പറയല്ലേട്ടാ. :)

    ReplyDelete
  18. പ്രവാസഭൂമിയില്‍ പിന്നേയും
    ഒരു നല്ല വസന്തം താങ്കള്‍ക്ക് ലഭിക്കട്ടെ..

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com