Wednesday, 13 February 2008

അതവള്‍ ആയിരുന്നുവോ?


ഹൈസ്‌ക്കൂള്‍ പഠനകാലത്ത് ജീവനുതുല്ല്യം സ്നേഹിച്ചിരുന്ന പ്രാണേശ്വരിയും പ്രിയതമയും ഒക്കെയായ അവള്‍... സാജിദ.. അക്കാലങ്ങളില്‍ സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന നടി കാര്‍‌ത്തികയുടെ രുപസാദൃശ്യം അവള്‍‌ക്കുണ്ടായിരുന്നു.

വര്‍‌ഷങ്ങള്‍‌ക്കിപ്പുറം ഒരുനാള്‍, സല്‍‌മാന്‍ പഴയ മധുരനൊമ്പര സ്മരണകളില്‍ ലയിച്ചു. സത്യത്തില്‍ പത്താം തരത്തിലെത്തിയപ്പോള്‍ മാത്രമാണ്‌ സാജിദ സല്‍‌മാന്റെ പ്രണയതീവ്രത മനസ്സിലാക്കിയത്. എട്ടില്‍ പഠിക്കുമ്പോള്‍ മൊട്ടിട്ട അവന്റെ പ്രണയം അവള്‍ അറിയാന്‍ വൈകി. കാരണം സല്‍‌മാന്‍ അന്തര്‍‌മുഖനായിരുന്നു. അവന്‍ അവളോട് ഇഷ്‌ടം പ്രകടിപ്പിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. സല്‍‌മാന്‍ സാജിദ അറിയാതെ മറ്റാരുമറിയാതെ അവളെ പ്രണയിച്ചു. ഒരു മൗനപ്രണയം പോലെ.. അവന്‍ ഉറക്കത്തിലെന്നും സാജിദയെ കിനാവ് കണ്ടു. ആ ദിവ്യനാമം പല രാത്രികളിലും അവന്‍ മന്ത്രിച്ചു. ചിലനേരത്ത് അത് ഉച്ചരിക്കുന്നത് അവന്റെ അപ്പുറത്ത് കിടന്നുറങ്ങാറുള്ള അനിയന്‍ കേട്ടത് ഉമ്മയോട് പറഞ്ഞുകൊടുത്തത് പുലിവാലായിരുന്നതും ഇന്നോര്‍‌ത്തപ്പോള്‍ സല്‍‌മാന്‍ മന്ദഹസിച്ചു.

ആ മന്ദഹാസം കണ്ട് അരികിലിരുന്ന കൂട്ടുകാരന്‍ നസീര്‍ അവനെ നോക്കി അന്തം വിട്ടതവന്‍ കണ്ടു. ചുറ്റുപാടും നോക്കി ചമ്മിനിന്നു പഴയകാല കാമുകന്‍ സല്‍‌മാന്‍.

ചിന്തകളില്‍ ഇന്നും സാജിദ അന്നത്തെ പാവാടക്കാരി പത്താം ക്ലാസ്സിലെ കുട്ടിതന്നെ. അവളറിയാതെ അവളെ എത്രനാള്‍ പള്ളിക്കൂടം വിട്ടുപോവുന്നേരം പിന്തുടര്‍‌ന്നിരിക്കുന്നു. റബ്ബറ് തോട്ടങ്ങള്‍‌ക്കിടയിലൂടെയുള്ള നാട്ടുവഴിയിലൂടെ സാജിദയും കൂട്ടുകാരികളും നടന്നുപോകുമ്പോള്‍ അല്‍‌പം പിന്നിലായിട്ട് തനിച്ച് സല്‍‌മാനും ഉണ്ടാവും ഒത്തിരി ദൂരം.. അവള്‍ പലപ്പോഴും കണ്ടിരിക്കുന്നു. എന്തിനാ ഈ വഴി എന്നും വരുന്നത്. സല്‍‌മാന്‌ പോവേണ്ടത് വേറെ വഴിയല്ലേ എന്നവള്‍ ചോദിച്ചപ്പോള്‍ അവന്‍ ചമ്മിനില്‍‌ക്കും. എന്നിട്ട് നാളെ കാണാം പോട്ടെ എന്നും പറഞ്ഞ് അവന്‍ തിരിഞ്ഞുനടക്കും..

ഇതായിരുന്നു പ്രണയമൊട്ടിട്ട ആദ്യനാള്‍ സല്‍‌മാന്‌. ഒന്‍‌പതിലെത്തി. ഇരുവരും ഒരു ക്ലാസ്സില്‍ തന്നെ. ഏത് പ്രണയകഥയിലും എന്നപോലെ ഇവിടേയും ഒരു വില്ലന്‍ അവതരിച്ചു. ഷാജി എന്ന പൊടിമീശക്കാരന്‍ അജാനുബാഹു. മറ്റുള്ളവര്‍ 'അമ്മച്ചി' ഷാജി എന്നാണ്‌ നാമധേയം ചെയ്തിരുന്നത്. ഒരു 'ഹീറോ' സൈക്കിളില്‍ ബെല്ലടിച്ച് പറപറന്നാണ്‌ ഷാജി സ്‌ക്കൂളില്‍ വരാറ്. അവന്റെ കൂടെ എന്നും ശിങ്കിടികള്‍ ഉണ്ടാവും. പല്ലന്‍ സന്തോഷ്, എലുമ്പന്‍ ജേക്കബ്, ചെമ്പന്‍ സലിം അങ്ങനെ ചിലര്. വേറേ ഏതോ നാട്ടില്‍ നിന്നും സ്‌ക്കൂള്‍ മാറി വന്ന് ചേര്‍‌ന്നതാണ്‌ അമ്മച്ചി ഷാജി. പെട്ടെന്നുതന്നെ ഷാജിക്ക് ശിങ്കിടികളേയും കിട്ടി. ക്ലാസ്സില്‍ കയറാതെ അടുത്തുള്ള റബ്ബര്‍ തോട്ടത്തിലെവിടേയെങ്കിലും ശീട്ടും കളിച്ച് സിഗരറ്റും പുകച്ച് ഇരിക്കാറാണ്‌ അവരുടെ ഹോബി.

ഷാജിയുടെ ചുവന്ന കണ്ണില്‍ അങ്ങനെയൊരുനാള്‍ സാജിദ ഉടക്കി. അവനും അവളോട് മുഹബ്ബത്ത് തുടങ്ങി. അവളുടെ മുന്നില്‍ ഹീറോ ആവാന്‍ വേണ്ടി ഷാജി പല വിദ്യകളും ഇറക്കി. ക്ലാസ് വിട്ടുപോകുന്ന സമയത്ത് പലപ്പോഴും അവനും ശിങ്കിടികളും സാജിദയെ ബെഞ്ചും ഡസ്‌കും വിലങ്ങനെയിട്ട് നിറുത്തുന്നത് സല്‍‌മാന്‍ വെളിയില്‍ നിന്ന് ജനാലയിലൂടെ നിസ്സഹായനായി നോക്കിനിന്നിട്ടുണ്ട്. അവനൊറ്റയ്‌ക്ക് എങ്ങനെയിത് എതിര്‍‌ക്കാനാണ്‌.

സല്‍‌മാന്റെ മൗനപ്രണയം എന്നും മൗനമായിരുന്നതിനാല്‍ ഷാജിയുടെ ഹീറോയിസറൊമാന്റിക്കില്‍ സാജിദ താമസിയാതെ കുരുങ്ങി. യുവജനോല്‍സവം നടക്കുന്നൊരു ദിവസം സാജിദ അവളുടെ അനിയത്തിയെ കൊണ്ടുവന്ന് സല്‍‌മാന്‌ പരിചയപ്പെടുത്തി. ഷാജിയുടെ ഒപ്പം സാജിദ കിന്നരിക്കുന്നത് അനിയത്തി കാണാതിരിക്കാന്‍ വേണ്ടി അവള്‍ ഒത്തിരി പാടുപെട്ടു. അനിയത്തിയും സുന്ദരിക്കുട്ടി തന്നെ. സല്‍‌മാനോട് അവളെ ശരിക്കും ശ്രദ്ധിച്ചോളണേ എന്നൊരു അപേക്ഷയും സാജിദയുടെ വക!

അനിയത്തിയോട് ധൈര്യം സംഭരിച്ച് സല്‍‌മാന്‍ സാജിദയോടുള്ള തന്റെ പ്രണയം പറഞ്ഞുബോധിപ്പിച്ചു. എങ്ങനെയെങ്കിലും ഇതില്‍ സഹായിക്കാം എന്നവള്‍ വാഗ്‌ദാനം കൊടുത്തപ്പോള്‍ സല്‍‌മാന്‍ തുള്ളിച്ചാടി. കൂട്ടത്തില്‍ ഷാജിയെ ഏറ്റവും നികൃഷ്‌ടനും ക്രൂരനുമായി അനിയത്തിയെ പറഞ്ഞുവിശ്വസിപ്പിക്കാനും സല്‍‌മാന്‍ മറന്നില്ല.

അന്നു രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ച സല്‍‌മാന്‍ സ്‌ക്കൂളില്‍ എത്തുമ്പോള്‍ പതിവിലും നേരത്തെ ക്ലാസില്‍ എത്തിയിരിക്കുന്നു അവന്റെ പ്രാണേശ്വരി..

'സത്യാണോ താന്‍ എന്നെ പ്രണയിക്കുന്നുവോ? എന്നിട്ടെന്തേ ആദ്യം എന്നോട് നേരില്‍ പറഞ്ഞില്ല?'

സല്‍‌മാന്‍ എന്തുപറയണമെന്നറിയാതെ നിന്നു. അപ്പോള്‍ അനിയത്തി എല്ലാം പറഞ്ഞിരിക്കുന്നു. ഷാജിയുടെ യഥാര്‍‌ത്ഥസ്വഭാവവിശേഷങ്ങള്‍ അറിഞ്ഞിരിക്കുന്നു. അതു മതി, അതുമാത്രം മതി.

'സത്യത്തില്‍ സല്‍‌മാനോട് എനിക്കും ഒരു ഒരു ഇഷ്‌ടം തോന്നിയതാണ്‌. പക്ഷെ, സല്‍‌മാന്‍ എങ്ങനെ പ്രതികരിക്കും എന്നറിയില്ല.'

സല്‍‌മാന്‍ സാജിദ പറയുന്നത് മിഴിച്ചുനോക്കിനിന്നു. ഹൃദയം പെരുമ്പറ കൊട്ടിത്തുടങ്ങി.

'സാജിദാ ഞാന്‍.. ഞാന്‍ ശരിക്കും സ്നേഹിക്കുന്നു എന്നുമെന്നും, എനിക്കത് പ്രകടിപ്പിക്കാനറിയില്ല.'

'ഷാജി.. ഛേ.. അവന്‍.. ഇത്രക്കും വൃത്തികെട്ടവനാണല്ലേ..'

'അതെ. അവന്‍ കള്ളുകുടിക്കും. പുകവലിക്കും. ശീട്ട് കളിക്കും. പിന്നെ പലതും പറയാമ്പാടില്ലാത്തത് കേട്ടിരിക്കുന്നു..'

'സല്‍‌മാന്‍.. നന്ദി. വൈകിയില്ല. എന്നെ അവന്‍ സ്നേഹിക്കുന്നെന്ന് പറഞ്ഞ് അധികനാളായിട്ടില്ല. നന്ദി എന്നെ അവന്റെ കരവലയത്തില്‍ നിന്ന് രക്ഷിച്ചതിന്‌. സല്‍‌മാന്റെ നല്ല മനസ്സിന്‌ നന്ദി..'

സല്‍‌മാന്‍ സന്തോഷിച്ചു. രണ്ടുകൊല്ലത്തെ മൗനപ്രണയം ഒടുവില്‍ പുഷ്‌പിച്ചിരിക്കുന്നു. അതു മതി. പിന്നീട് ഷാജി പല നമ്പറുകളും പയറ്റിയിട്ടും സാജിദ അവനെ ഗൗനിച്ചില്ല. എന്താണ്‌ കാരണമെന്ന് അവന്‍ അറിഞ്ഞതുമില്ല.

റബ്ബര്‍ തോട്ടത്തിലൂടെയുള്ള നാട്ടുവഴിയിലൂടെ സാജിദയും കൂട്ടുകാരികളും പോവുമ്പോള്‍ കൂടെ സല്‍‌മാനേയും കാണുക പതിവായി. ഇതൊരിക്കല്‍ ഷാജിയും ശിങ്കിടികളും കാണാനിടയായി. ഷാജിയുടെ പക കൂടി. സല്‍‌മാനെ അവന്‍ ഭീഷണിപ്പെടുത്തി. ഉപദ്രവിച്ചു. ഇതൊക്കെ സാജിദയുടെ പ്രണയതീവ്രത വര്‍‌ദ്ധിപ്പിക്കാനേ കഴിഞ്ഞുള്ളൂ. അതോടെ ഷാജി തോറ്റു പിന്തിരിഞ്ഞു.

പത്താം ക്ലാസ് കഴിഞ്ഞ് യാത്രപറഞ്ഞ് എല്ലാവരും പലവഴിപിരിഞ്ഞു. സാജിദയും സല്‍‌മാനും ഷാജിയും എല്ലാം അങ്ങനെ ജീവിതയാത്രയില്‍ വെവ്വേറെയായി. പത്തുവര്‍‌ഷങ്ങളോളം ആരെക്കുറിച്ചും ഒന്നും അറിയാനായില്ല. ഒരിക്കല്‍ സല്‍‌മാന്‍ അവളെ കണ്ടു! സല്‍‌മാന്‍ ഏറെനാളുകള്‍‌ക്ക് ശേഷം ഒരു ബന്ധുവിന്റെ കല്യാണത്തിനെത്തിയതായിരുന്നു. അവിടെയതാ അവള്‍.. സാജിദ. അവള്‍ തനിച്ചല്ല. കുടുംബവുമുണ്ട് കൂടെ..

അവള്‍ അന്നത്തെ പോലെ തന്നെ, ഒരു മാറ്റവും വന്നിട്ടില്ല. അവള്‍ സല്‍‌മാനെ കണ്ടപ്പോള്‍ ഞെട്ടി. ആകസ്മികമായ കൂടിക്കാഴ്‌ച ഇരുവരേയും അന്ധാളിപ്പിച്ചു. സല്‍‌മാന്‌ അവള്‍ ഭര്‍‌ത്താവിനേയും കുട്ടികളേയും പരിചയപ്പെടുത്തി.

അതും കഴിഞ്ഞ് വര്‍‌ഷങ്ങള്‍ പലതും കഴിഞ്ഞുപോയി. പട്ടാളത്തില്‍ ചേര്‍‌ന്ന സല്‍‌മാന്‍ ദൂരദേശത്തായിരുന്നു ഏറെനാള്‍. പഴയകാലവും പ്രണയവും നെഞ്ചിലേറ്റി താലോലിച്ച് രാജ്യത്തിന്റെ കാവല്‍‌ഭടനായി ജീവിച്ചുപോന്ന സല്‍മാന്‍ ഒരിക്കല്‍ സ്വദേശത്തെത്തി.

പഴയ കൂട്ടുകാരെ പലരേയും കണ്ടു. ഉറ്റതോഴന്‍ നസീറിനൊപ്പം അവന്റെ ബൈക്കില്‍ പോകുന്ന വേളയില്‍ സല്‍‌മാന്‍ പിന്നിലിരുന്ന് ചോദിച്ചു, പഴയ കാമുകി സാജിദയെക്കുറിച്ച്...

'നീയറിഞ്ഞില്ലേ. അവള്‍ മരിച്ചു!'

ബൈക്കോടിക്കുമ്പോള്‍ വളരെ നിസ്സാരമായിട്ട് നസീറ് പറഞ്ഞു. സല്‍മാന്‍ സ്‌തംബ്‌ദനായിരുന്നു.

'സാജിദ മരിച്ചെന്നോ! എന്ന്? എന്തുണ്ടായി? എങ്ങനെ?'

ബൈക്കോടിക്കുന്നതില്‍ ശ്രദ്ധിച്ചുകൊണ്ട് നസീര് പറഞ്ഞുകൊണ്ടിരുന്നു.

'നീ അറിഞ്ഞുകാണുമെന്നാ കരുതിയത്. അവള്‍ ഒരു ബസ്സപകടത്തില്‍ കൊല്ലപ്പെട്ടു. ആറുമാസമായിക്കാണും.'

സല്‍‌മാന്‍ ഞെട്ടി. അവന്റെ കണ്ണുകള്‍ ആര്‍‌ദ്രങ്ങളായി. നസീര്‍ തുടര്‍‌ന്നു.

'അവള്‍ കുഞ്ഞുങ്ങളുടെ ഉടുപ്പ് തയ്‌പ്പിക്കാനോ മറ്റോ ടൗണിലേക്ക് വന്നതായിരുന്നു. അവള്‍ കയറിയ ബസ്സ് വേറേ ഒരു ബസ്സുമായിടിച്ചു. അങ്ങനെ അവള്‍ മരിച്ചു. ഞാനും കേട്ടതേയുള്ളൂ വാര്‍‌ത്ത. നാട്ടിലില്ലായിരുന്നല്ലോ ഞാനും. നാട്ടില്‍ വന്നപ്പോ പറഞ്ഞുകേട്ടതാണ്‌.'

ഒരു നിമിഷം സല്‍‌മാന്റെ മനസ്സിലൂടെ സാജിദയുടെ മുഖം പല ഭാവങ്ങളില്‍ വന്നും പോയുമിരുന്നു. അവളുമൊത്തുള്ള പഠനകാലം തെളിഞ്ഞെത്തി.

സല്‍‌മാന്‍ ദു:ഖിതനായിരുന്നു. നസീറ് വേറെ വിഷയങ്ങള്‍ പലതും പറയുന്നത് അവന്‍ ശ്രദ്ധിച്ചില്ല. നസീറ് ബൈക്ക് ഓടിച്ചുകൊണ്ടേയിരുന്നു.

അവര്‍ വഴിയില്‍ വെച്ച് വേറെയൊരു സുഹൃത്തായ ഫിര്‍‌സാദിനെ കണ്ടു ബൈക്ക് നിറുത്തി. ഏറെക്കാലത്തിനൊടുവില്‍ കാണുകയാണെല്ലാവരും. ഫിര്‍‌സാദ് പോലിസ്സിലാണിപ്പോള്‍. ദു:ഖിതനായിരിക്കുന്ന സല്‍‌മാനെ കണ്ടപ്പോള്‍ ഫിര്‍‌സാദ് കാര്യം തിരക്കി.

'അവന്റെ പഴയ കാമുകിയെ ഓര്‍‌ത്തിട്ടാണ്‌. മരിച്ചുപോയില്ലേ നമ്മുടെ മുഹമ്മദുണ്ണിയുടെ മകള്‍ സാജിദ. അതറിഞ്ഞപ്പോള്‍ സല്‍‌മാന്‍..'

ഫിര്‍‌സാദ് ഞെട്ടി. നസീറിനെ തള്ളി.

'എടാ ചെങ്ങായ്.. ആരുപറഞ്ഞു അവള്‍ മരിച്ചെന്ന്! മരിച്ചത് സാജിദ അല്ല..'

സല്‍‌മാന്‍ കണ്ണുമിഴിച്ച് ഫിര്‍‌സാദിനെ നോക്കി. നസീറിനെ ദേഷ്യത്തോടെ നോക്കി.

'സാജിദയല്ല മരിച്ചത്. അവളുടെ അനിയത്തിയില്ലേ അവളെപോലെതന്നെയുള്ള ഒരുവള്‍.. അവളാ മരിച്ചത്. പാവം നല്ല കുട്ടിയായിരുന്നു. ഭര്‍‌ത്താവിനും കാണാനൊത്തില്ല ഡെഡ്‌ബോഡി. പുള്ളിക്കാരന്‍ ഗള്‍‌ഫില്‍ പോയതല്ലേയുള്ളൂ. വരാനൊത്തില്ല.'

'അല്‍‌ഹംദുലില്ലാഹ്! (ദൈവത്തിനു സ്‌തുതി). അപ്പോള്‍ സാജിദ ജീവിച്ചിരിപ്പുണ്ട് അല്ലേ..'

സല്‍‌മാന്‍ ആശ്വസിച്ചെങ്കിലും ഒരു ചെറുനൊമ്പരം മനസ്സില്‍ തീ നിറച്ചു. തന്റെ പ്രണയം സഫലീകരിച്ചുതരുവാന്‍ പ്രയത്‌‌നിച്ച സാജിദയുടെ പാവം അനിയത്തി ഇന്നില്ലാതായിരിക്കുന്നു.. അവളുടെ ആത്മാവിനു വേണ്ടി പ്രാര്‍‌ത്ഥിച്ചുകൊണ്ട് ആ സ്മരണയ്‌ക്കു മുന്നില്‍ ഒരു നിമിഷം മൂകനായി സല്‍‌മാന്‍ നിന്നു..

ഇനിയെന്നെങ്കിലും സാജിദയെ കാണാനാകുമോ.. സല്‍‌മാന്‍ ആശിച്ചു, സാജിദയെ കണ്ടുമുട്ടുമോ?

16 comments:

 1. നാളെ പ്രണയദിനം. ഒരു പ്രണയകഥ "അതവള്‍ ആയിരുന്നുവോ?" പോസ്‌‌റ്റുന്നു. ഇഷ്‌ടമാകുമെന്ന് വിശ്വസിച്ചോട്ടെ...

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ആത്മകഥ ഗലക്കി...
  ന്നാലും നല്ല കാമുകന്‍!ഏട്ടത്തീനെ കിട്ടീല്ലെങ്കിലും അനിയത്തീനെ മറന്നില്ലല്ലോ..
  സാലീ...എന്റെ കണ്ണു നിറയുന്നു..നീയാണ് യഥാര്‍ത്ഥ വാലന്‍ റ്റൈന്‍!...(ഞനിവിടൊന്നും ഇല്ല)

  ReplyDelete
 4. അല്ലേ, ഇതെന്തൊരു പ്രണയം? പത്താം ക്ലാസ്സ് കഴിഞ്ഞപ്പോ രണ്ടു വഴിക്കു പോയി. 10 വര്ഷം ഒരു അന്യോഷണവും ഇല്ല. പിന്നെ ഈ പ്രണയം മനസില് താലോലിച്ചുന്നോക്കെ പറയുന്നതിനെന്നാ അര്ഥം? അപ്പൊ ഇതൊക്കെ ആണോ ഈ പ്രണയം പ്രണയം എന്ന് പറയുന്നത്?

  ഒരു വിജയിച്ച (?) പ്രണയത്തിന്റെ കഥ പറയ് ഏറനാടന്

  ReplyDelete
 5. കൊള്ളാം... എങ്കിലും പത്താംക്ലാസ്സ് കഴിഞ്ഞ് അങ്ങനെ അങ്ങ് വഴിപിരിഞ്ഞതെന്തേ?

  ReplyDelete
 6. സത്യമാണോ ഇത് മാഷെ.
  :(
  ഉപാസന

  ReplyDelete
 7. പ്രണയം ഇവിടെ ബാലിശമായിരുന്നു.. ഓര്‍മ്മകള്‍ മാത്രം ഹൃത്തടത്തിലെവിടെയോ തളം കെട്ടിനിന്നു.. :-)

  ReplyDelete
 8. എത്ര മറക്കാന്‍ ശ്രമിച്ചാലും ...മായാത്ത
  മനസ്സില്‍ എന്നും പുതുമഴയായ്
  ഓര്‍മ്മകളിലേ വാടാമലരുകളായ്
  തുടിപ്പുണര്‍ത്തും ഒരു മധുരനോവിന്‍
  കാണാകനിയത്രെ.
  മെയ്മാസത്തില്‍ ഒഴുകും മഞ്ഞുപോലെ
  അക്ഷരങ്ങളില്‍ തീര്‍ത്തൊരീ.....സ്പന്ദനങ്ങള്‍
  ഒരു പ്രണയ താരാട്ടിന്‍ ഓര്‍മ്മകളിലേക്ക്
  നമ്മെ കൈ പിടിച്ച് നടത്തുകയാണ്‌

  ReplyDelete
 9. -ആ പാവം അനിയത്തിയെ ഇങ്ങനെ ബസ് കേറ്റി കൊല്ലണായിരുന്നോ, സലിഹ്; അതും ഈ പൂവാലദിനത്തില്‍?

  ReplyDelete
 10. ഞെട്ടിപ്പിക്കാത്ത ഒരു പാവം കഥ,

  കൌമാരപ്രണയത്തിന്റെ ഒരു ചെറിയ ചിത്രം

  ReplyDelete
 11. ഈ കഥ വായിച്ച എന്റെ എല്ലാനല്ലവരായ സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ നന്ദി നേരുന്നു...

  ശ്രീ കൈതചേട്ടാ, അനിയത്തിയെ ബസ്സ് കയറ്റികൊന്നത് ഞാന്‍ മനപ്പൂര്‍‌വമായിരുന്നില്ല. കഥയും അല്ല. സംഭവിച്ചത് അങ്ങിനെതന്നെയാണ്‌. അനിയത്തി ഒരു ബസ്സപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു എന്ന സത്യം ഈയ്യിടെ അറിഞ്ഞതാണ്‌.

  ReplyDelete
 12. ആദ്യ പ്രണയം.. അതിന്റെ മാധുര്യം ഒന്നു വേറെ തന്നെയാണ്.. അവളുടെ സംസാരവും, ഓട്ടു മണി കിലുക്കുന്നതു പോലെ ഉള്ള ചിരിയും, കൊച്ചു കൊച്ചു വഴക്കുകളും, സ്പര്‍ശനത്തിന്റെ ചൂടും.. ഇന്നലെയെന്ന പോലെ ഓര്‍മയിലേക്കോടിയെത്തുന്നു.. കാലത്തിന്റെ കുത്തൊഴുക്കില്‍ എല്ലാം മാറി മറിഞ്ഞു. അവള്‍ എന്നെക്കാള്‍ നല്ല ഒരു ജീവിത പങ്കാളിയെ കണ്ടെത്തി... പഴയ ജീവിതത്തെയും കൂട്ടുകാരനെയും മറന്നു.. എന്നാലവന്‍.... ഓര്‍മകളുടെ പിണച്ചിലില്‍ നിന്നും രക്ഷ നേടാനാവാതെ, നഷ്ടപ്പെട്ടത് ഉള്‍ക്കൊള്ളാനാവാതെ....

  രണ്ടു മാസങ്ങള്‍ക്കു മുമ്പേ, സുഹൃത്തിന്റെ ചേട്ടന്റെ കല്യാണത്തിനു ക്ഷണിക്കാന്‍ അല്പം ദൂരെയുള്ള ഗ്രാമത്തില്‍ ഞങ്ങളെത്തി. അവളുടെ നാട്... ഓര്‍മകള്‍ ഒരു പാടു വര്‍ഷം പിറകോട്ടോടി.. സുഹൃത്തിന്റെ ബന്ധു വീട് അന്വേഷിച്ചു നടക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഒരു പഴയ കൂട്ടുകാരനെ കണ്ടു.. എന്റെയും അവളുടെയും സുഹൃത്ത്. മുഖവുരയൊന്നുമില്ലാതെ അവന്‍ പറഞ്ഞു. ‘നീയറിഞ്ഞോ, ദിവ്യ.. അവള്‍ പോയി.. പൂര്‍ണ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ബാത്‌റൂമില്‍ തലയിടിച്ചു വീണു മരിക്കുകയായിരുന്നു..’

  ഏറനാടന്‍, പോസ്റ്റ് ഹൃദയത്തെ സ്പര്‍ശിച്ചു എന്നു പറയേണ്ടതില്ലല്ലോ..

  ഈ മാര്‍ച്ച് 26ന് അവളുടെ പിറന്നാള്‍..

  ReplyDelete
 13. sathyamayum eranadaaaa. karanju poyi... manassonnu kidungi poyi !! aniyathiyanenkilum kollendayirunnu aaa pavathe...
  eranadante nadu kandappol ente 30000 riyal pattichu poya nilambur karan (tholukaran pokkar makan- azeezine) orma vannu onnu koodi shock ayi !!
  Eranadan ariyumo entho !!
  By oru pavam
  vaniyambalathu karan - Saudi- Dammam

  ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com