Saturday 14 June 2008

പോക്കരും ഐദ്രോസും കുഞ്ഞിപ്പാത്തുവും...

ഗള്‍ഫിലെ പണികളഞ്ഞ് നാട്ടിലെ പണിതീരാത്ത വീട്ടില്‍ ഉള്ള സൌകര്യത്തില് ഭാര്യയുടേയും മൂന്ന് പിള്ളേരുടേയും കൂടെ ഇനിയുള്ള കാലം കഴിഞ്ഞുകൂടാന്‍ എത്തിയ പോക്കര്‍ക്ക് മനസ്സമാധാനം ഇല്ലാതാവാനുണ്ടായ ഹേതു എന്താണെന്നോ? അതല്ലേ പറയാന്‍ പോണത്.

അങ്ങനെ പറഞ്ഞപോലെ പോക്കര്‍ കരിപ്പൂരില്‍ വല്യപെട്ടികളുമായി പറന്നിറങ്ങി. അവിടേന്നും ഒരു ടാക്സിയില്‍ ഗ്രാമത്തിലെത്തി. കല്ലുപാകിയ പഞ്ചായത്തുറോട്ടിലൂടെ ഉലഞ്ഞാടി പെട്ടിയിളക്കികൊണ്ട് ഹോണടിച്ച് ടാക്സി പോക്കരെ പുരയുടെ പടിക്കലെത്തിച്ചു. തീരെ നിനച്ചിരിക്കാതെ എഴുന്നള്ളിയെത്തിയ കെട്ട്യോനെകണ്ട് കെട്ട്യോള് കുഞ്ഞിപ്പാത്തു അന്തം പോയി കുന്തം പോലെനിന്നു. പിള്ളേര് ഉച്ചക്കഞ്ഞി മോന്താന്‍ പള്ളിക്കൂടത്തീന്നും പുരയിലോടിയെത്തിയതും പിതാവിനെകണ്ട് വയറ് നിറഞ്ഞ് ചുറ്റും വലംവെച്ചു. തുറക്കാ‍ത്ത വല്യപെട്ടികളില്‍ തൊട്ടും തലോടിയും അവര്‍ ഊറ്റത്തില്‍ തുള്ളിച്ചാടി.

‘എന്തേയ് ഇങ്ങള് ഒന്നറീക്കാതെ വന്ന്?’ - കുഞ്ഞിപ്പാത്തു ചോദിച്ചു.

പോക്കര്‍ക്കത് തീരെ പിടിച്ചില്ല. കണ്ണുരുട്ടിനോക്കീട്ട് തോര്‍ത്തെടുത്ത് കുടഞ്ഞിട്ട് കുളിമുറീല്‍ കേറി കതകടച്ചു. പിന്നെ അവിടേന്നു പൊട്ടലും ചീറ്റലും കേട്ടപ്പോള്‍ കുഞ്ഞിപ്പാത്തു അടുക്കളേയില്‍ക്ക് വലിഞ്ഞ് കട്ടന്‍ ചായ ഉണ്ടാക്കാന്‍ തുടങ്ങി. പോക്കര്‍ വെളിയിലെത്തി.

‘എത്രണ്ട് ഇക്കാ ലീവ്?’

‘ഞാന്‍ പറ്റെ പോന്ന്. ഇഞ്ഞി ലീവില്ല. ഇവിടെയൊക്കെ തന്നെ ഉണ്ടാവും. എന്തേലും ബിസ്സിനസ്സ് നോക്കണം.’

ചായപ്പാത്രത്തിലെ തിളച്ചുമറിയുന്ന വെള്ളം നോക്കി കുഞ്ഞിപ്പാത്തുവിന്റെ മനസ്സും തിളച്ചുതികട്ടിവന്നു. പടച്ചോനേ ഇനിയിപ്പം പണിപകുതിയായ പുരയുടെ സ്ഥിതി! അവര്‍ ബേജാറായി.

വല്യപെട്ടി തുറന്ന് അതീന്നും കുട്ടികള്‍ക്ക് കളിപ്പാട്ടവും ഉടുപ്പുകളും എടുത്തുകൊടുത്ത് കുഞ്ഞിപ്പാത്തുവിന് പര്‍ദയുടെ വിവിധതരം സെറ്റുകളും കൊടുത്ത് പോക്കര്‍ മൂരിനിവര്‍ത്തി നിന്നു.

മുറിയില്‍ പണിതുവെച്ച അലമാരകളും മേശയും പോക്കര് തൊട്ടും തുറന്നടച്ചും ബലം നോക്കി ഒന്നു നടന്നു. അയല്‍‌പക്കത്തുള്ള പുരക്കാര്‍ വിവരമറിഞ്ഞ് വന്നുതുടങ്ങി. അവരുടെയൊക്കെ ചോദ്യങ്ങളും കുശലങ്ങളും കൌശലത്തോടെ നേരിട്ട് പോക്കര്‍ വില്ലാദിവീരനായി നിന്നു. വേലിക്കപ്പുറത്തൂടെ പോകുന്ന പഴയ ചങ്ങാതിമാരും പോക്കരെ കണ്ട് കേറിവന്നു. ചായകുടിച്ച് വിശേഷങ്ങളറിഞ്ഞ് അവര്‍ വന്നും പോയുമിരുന്നു. പോകുമ്പോള്‍ അവരുടെ കൈയ്യിലൊക്കെ ഫോറീന്‍ അത്തര്‍‌കുപ്പി കൊടുക്കാന്‍ പോക്കര് മറന്നില്ല.

പോക്കരെ കണ്ടിട്ടും പുരയില്‍ കയറാതെ വഴിമാറിനടന്ന ഒരേയൊരു പോക്കിരി അന്നാട്ടിലുണ്ട്. അല്ലറചില്ലറ മോഷണങ്ങളും പോക്കറ്റടിയും ഒക്കെയായി പെറ്റിക്കേസ്സുകളും മുതല്‍ക്കൂട്ടായി വിലസുന്ന ചട്ടമ്പിഐദ്രോസ് വാര്‍ത്ത കേട്ട് ആഹ്ലാദിച്ചു. തന്റെ സഹപാഠിയായിരുന്ന പോക്കര്‍ എത്തിയ വാര്‍ത്ത കേട്ട് ഐദ്രോസ് സീക്രട്ടായൊരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി.

പോക്കര്‍ വന്ന ആ രാത്രി ഓപ്പറേഷന്‍ പ്ലാനിട്ട് ഐദ്രോസ് പരിസരത്തെ കുറ്റിക്കാട്ടില്‍ കള്ളിത്തുണി മടക്കിക്കുത്തി ഒരു ചാക്കുമായി പമ്മിയിരുന്നു. ദൂരെയല്ലാതെ കുറേ പട്ടികളുടെ മോങ്ങല്‍ കേട്ടപ്പോള്‍ ഐദ്രോസ് വിറക്കാതിരുന്നില്ല. ആ ഇരുപ്പില്‍ ഒന്ന് യൂറിനടിച്ചു. അപ്പോള്‍ ഒന്നുവലിക്കാന്‍ മോഹമുദിച്ചു. കാജാബീഡിക്ക് തീ കൊളുത്തിയിട്ട് പോക്കരുടെ പുരയിലേക്ക് കണ്ണും നട്ടിരുന്നു.

അവിടെ പിള്ളേരുടെ മുറിയില്‍ ലൈറ്റണഞ്ഞിട്ടും മറ്റേ മുറിയില്‍ ലൈറ്റ് ഓഫായിട്ടില്ല. പോക്കര്‍ കുറേക്കാലത്തിനുശേഷം വന്നതല്ലേ. കുറേ വിശേഷങ്ങള്‍ പറയാനുണ്ടാവും. ഷോ നടക്കട്ടെ.. ഐദ്രോസ് രണ്ടാമത്തെ ബീഡിക്കും തീ കൊടുത്ത് കാലില്‍ കയറാന്‍ തുടങ്ങിയ ചോണനുറുമ്പിന്‍‌പടയെ ചവിട്ടിയരച്ച് അല്പം മാറിയിരുന്നു.

മണിക്കൂറുകള്‍ ഏറേപോയിട്ടും പോക്കരുടെ മുറിയിലെ ലൈറ്റണയുന്നില്ല. നേരിയ ചാറ്റല്‍ മഴയും തുടങ്ങി. ഐദ്രോസ് ചാക്ക് തലയിലിട്ട് ഇരുന്നു. ഇവര്‍ക്കിത് എത്രാമത്തെ ഫസ്റ്റ് നൈറ്റാ!! ഐദ്രോസിനു ക്ഷമകെട്ടു. അവന്‍ പതിയെപതിയെ ചുറ്റും നോക്കി പുരയുടെ പിന്നാമ്പുറത്തെത്തി അടുക്കളഭാഗത്ത് ചായിപ്പിലൊളിച്ചു. തൊട്ടപ്പുറത്തെ ലൈറ്റുള്ള പോക്കരിന്റെ മുറിയിലെ ഷോയുടെ ശബ്‌ദരേഖ ലൈവായിട്ട് ഐദ്രോസിന്റെ കാതുകളില്‍ പതിക്കുന്നു. ‘തേനേ പാലേ മാനേ കിളിയേ..’ വിളികള്‍ കേട്ട് ഐദ്രോസ് ചിരിപൊത്തിയിട്ട് ചാറ്റല്‍ മഴ നനഞ്ഞ ദേഹത്തെ കുളിരിനെ ഇളക്കിക്കളയാന്‍ ശ്രമിച്ചു.

ഷോയുടെ സമയം തീര്‍ന്നെന്ന് തോന്നുന്നു. ലൈറ്റ് മാറി സീറോബള്‍ബ് വെളിച്ചമായിരിക്കുന്നു. ശബ്‌ദരേഖയും ദി എന്‍ഡ്! പരിസരത്ത് ചിവീടുകള്‍ മാത്രം ശബ്‌ദിച്ചുകൊണ്ടിരിക്കുന്നു. അല്‍‌പം കഴിഞ്ഞ് കാള അമറുന്നപോലെ ഒച്ച പൊങ്ങി. അത് പോക്കരിന്റെ കൂര്‍ക്കംവലി. കുഞ്ഞിപ്പാത്തൂന്റെ കാര്യം കട്ടപ്പൊക എന്നാലോചിച്ച് ഐദ്രോസ് തന്റെ ഓപ്പറേഷന്‍ തുടങ്ങി.

ഒരുവിധം ശ്രമിച്ച് പുരപ്പുറത്ത് കേറി ഓടിളക്കി ഒരീച്ചപോലും അറിയാതെ അകത്തെത്തിയ ഐദ്രോസ് പമ്മിപമ്മി ചുറ്റും തപ്പിനോക്കി എവിടെ ഏത് പൊസിഷനില്‍ നില്‍ക്കുന്നെന്ന് മനസ്സിലാക്കി. വിറയാര്‍ന്ന വിരലുകള്‍ തപ്പിചെന്നത് കാലിയായ പുതിയ അലമാരകളിലും അതിലൊന്നും തടയാഞ്ഞ് അപ്പുറത്തെ മേശയിലും..

‘ഒരു മറ്റതുമില്ലേ ഈ ഗള്‍‌ഫുകാരന്റെ ഇതിലൊന്നും!!‘ - ചട്ടമ്പി ഐദ്രോസിനു കലിപ്പായിട്ട് പിറുപിറുത്തു. പെന്‍ ടോര്‍ച്ച് ചാക്കുകൊണ്ട് മൂടി തെളിച്ചുകൊണ്ട് അവിടേന്നും അടുത്ത മുറിയിലേക്ക് നീങ്ങി. മുറിയില്‍ പോക്കരിന്റെ സന്തതികള്‍ നല്ല ഉറക്കത്തിലാണ്. മാറിക്കിടന്ന പുതപ്പെടുത്ത് അവരെപുതച്ച ഐദ്രോസ് അവരെ ബുദ്ധിമുട്ടിക്കാതെ മാറിനടന്നു. തന്റെ വയറിനകത്ത് കപ്പലോട്ടം. ചെറിയ വിറയല്‍ ഐദ്രോസിന്റെ വയറിനെ ഇളക്കിമറിച്ചു. ഇപ്പോതന്നെ കാര്യം സാധിക്കാതെ നിവൃത്തിയില്ലാന്ന് ഐദ്രോസിന് തോന്നി. ഇല്ലെങ്കില്‍ ഓപ്പറേഷന്‍ പൊളിയും. താനകത്താകും. ചാക്കുമൂടിയ പെന്‍ ടോര്‍ച്ചിന്‍ വെളിച്ചത്തില്‍ അയാള്‍ കക്കൂസ് തപ്പി നീങ്ങി. പോക്കരിന്റെ കാളക്കൂര്‍ക്കം. ആ മൂക്കിലും വായയിലും പഞ്ഞിനിറയ്ക്കാന്‍ പൂതിതോന്നിയിട്ടും ഐദ്രോസ് വയര്‍ പൊത്തിപ്പിടിച്ച് നീങ്ങി.

പെട്ടെന്നൊരു ഐഡിയ! ഐദ്രോസ് കൈയ്യിലെ ചാക്ക് നിലത്ത് വിരിച്ചു. വേറെ വഴിയില്ല. പോക്കരിന്റെ കൂര്‍ക്കം‌വലിയുടെ ധൈര്യത്തില്‍ ഐദ്രോസ് വയറൊഴിക്കുന്ന സംഗതി അപസ്വരങ്ങളോടെ ഓക്കെയാക്കി. ചാക്ക് പൊതിഞ്ഞുകെട്ടി പുതിയ അലമാരകളിലൊന്നില്‍ നിക്ഷേപിച്ചു. അലമാരയില്‍ ഇനി ഒന്നുമില്ലെന്ന് പോക്കരിന് സങ്കടം വേണ്ട. ഐദ്രോസ് ആ വീട്ടില്‍ ഒന്നും തടയാനില്ലെന്ന് മനസ്സിലാക്കി വെളിയില്‍ പോകാന്‍ തുടങ്ങിയതും...

പോക്കര്‍ കണ്ണുതുറന്നു. പുരയ്ക്കകത്ത് ഈ നേരത്താരാണ്? അയാള്‍ ഞെട്ടി. തൊട്ടപ്പുറത്ത് നോക്കി. കുഞ്ഞിപ്പാത്തു അവിടെയുണ്ട്. അപ്പോള്‍ അത് അവന്‍ തന്നെ! തസ്‌കരവീരന്‍!!

പോക്കര്‍ കള്ളനെ പേടിപ്പിക്കാന്‍ തീരുമാനിച്ചു. പെട്ടെന്ന് നാക്കിലെത്തിയ ഡയലോഗ് കാച്ചി.

‘ഹൂയീസ് ദാറ്റ്?
വേറീസ് മൈ ഗണ്‍?
ഐ വില്‍ ഷൂട്ട് യൂ ബാസ്‌റ്റാര്‍ഡ്!!’

കുഞ്ഞിപ്പാത്തു ഞെട്ടിയെഴുന്നേറ്റു. അപ്പുറത്തെ പിള്ളേരും ഉണര്‍ന്നു. ചട്ടമ്പി ഐദ്രോസ് കോലായില്‍ എത്തിയിരുന്നു. അവന്‍ തിരിഞ്ഞുനിന്ന് തിരിച്ചൊരു ഡയലോഗ് കാച്ചി:

'ഒന്നു പോഡാ ചെങ്ങായ്.
അന്റെടുത്ത് തോക്ക് പോയിട്ട് ഒരു ഉണ്ട വാങ്ങാന്‍ പോലും പൈസല്ലാന്ന്
ഞമ്മളൊന്നിച്ച് പഠിക്കുന്ന അന്നുതൊട്ട് എനിക്കറിയുന്നതല്ലേ പഹയാ..’

പോക്കര്‍ ശരിക്കും ഞെട്ടി.
കുഞ്ഞിപ്പാത്തു പറഞ്ഞു: ‘ഇത് ഓനാണ്. ചട്ടമ്പി ഐദ്രോസ്! അല്ലാതെ ആരാ ഇങ്ങളൊപ്പം പഠിച്ചവര്‍ ഇന്നേരത്ത് വരാന്!!’

‘എഡീ.. അപ്പോ ഐദ്രോസ് ഇവിടെ അല്ലാത്തപ്പോ വരാറുണ്ടല്ലേ!’

പിന്നെ കുഞ്ഞിപ്പാത്തുവും പോക്കരും കൂടി അടുത്ത ഫൈറ്റ് ഷോ ആരംഭിച്ചതും പിള്ളേര്‍ കരച്ചില്‍ മേളം തുടങ്ങിയതും ഐദ്രോസ് അവിടേന്ന് ഓടിപ്പോയതും ഒരുമിച്ചായിരുന്നു.

പിറ്റേന്ന് രാവിലെ പോക്കര്‍ തന്റെ പുതിയ അലമാര തുറന്നാല്‍ കാണുന്ന ചാക്കിലെ ‘കണി‘ ഓര്‍ത്ത് ഊറിച്ചിരിച്ചുകൊണ്ട് ഐദ്രോസ് കുറ്റിക്കാടും കഴിഞ്ഞ് ഓടി..

13 comments:

  1. പുതിയ കഥ:"പോക്കരും ഐദ്രോസും കുഞ്ഞിപ്പാത്തുവും..."ഗള്‍ഫിലെ പണികളഞ്ഞ് നാട്ടിലെ പണിതീരാത്ത വീട്ടില്‍ ഉള്ള സൌകര്യത്തില് ഭാര്യയുടേയും മൂന്ന് പിള്ളേരുടേയും കൂടെ ഇനിയുള്ള കാലം കഴിഞ്ഞുകൂടാന്‍ എത്തിയ പോക്കര്‍ക്ക് മനസ്സമാധാനം ഇല്ലാതാവാനുണ്ടായ ഹേതു എന്താണെന്നോ? അതല്ലേ പറയാന്‍ പോണത്.

    ReplyDelete
  2. ഹമ്പട കള്ള ഐദ്രോസേ.. ഹിമാറേ..

    ഉഗ്ഗുഗ്രന്‍..!

    ReplyDelete
  3. ഈ കഥയില്‍ നിന്നും നമുക്ക് (കള്ളന്മാറ്ക്ക്) എന്ത് മനസ്സിലാക്കാം> മേലില്‍ കളവ് നടത്താന്‍ പോകുന്നതിന്ന് മുമ്പെ തന്നെ നമുക്ക് പോകാനുള്ള 1ഉം 2ഉം മൂ‍ൂ‍ൂ‍ൂ‍ൂന്നും പോക്കണം.
    എന്നാല്‍ കുഞ്ഞിപ്പാത്തുമാറ്ക്ക് സുഖം, പോക്കര്‍മാറ്ക്ക് സുസുഖം , ഹൈദ്രോസുമാറ്ക്ക് അതിലേറെ സുഖം.

    വായിക്കാറുണ്ട് ഇടക്ക്. അഭിപ്പ്രായം ആദ്യമായിട്ടാണ്‍. കുറച്ച് നേരത്തേക്ക് എല്ലാം മറക്കാം. നന്ദി.

    ReplyDelete
  4. ആഹാ...അടിപൊളി... :)

    ReplyDelete
  5. നന്നായിട്ടുണ്ട്..നല്ല രചനാശൈലി.

    ReplyDelete
  6. gollam gollaam
    ini kunnjippaatthunte kashtakalarambham :)

    -sul

    ReplyDelete
  7. ഏറനാടോ,
    പഠിച്ച കള്ളനെ എങ്ങനെ ഇത്ര തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞു. ആ ചോനനെറുമ്പു് ചൊറിഞ്ഞതൊക്കെ. :)

    ReplyDelete
  8. നല്ല രചന ഗള്‍ഫില്‍ കുറെ കാലം നിന്നിട്ട്
    നാട്ടില്‍ വന്ന പോക്കറെ കൊള്ളാം

    ReplyDelete
  9. ന്താ പ്പൊ പറയ്ക്!
    ഓരോരൊ ശങ്ക
    വരുത്തുന്ന വിനാ!!

    ReplyDelete
  10. ഈ കള്ളന്‍ മാരുടെ ഒരു കാര്യമേ !!!!!!!!!!!!!!!!!!

    നല്ല നര്‍മ്മം , നന്നായി ആസ്വതിച്ചു

    ആശംസകള്‍

    ReplyDelete
  11. പാമരന്‍ നന്ദി.

    ഓഏബീ (?) ആദ്യാഭിപ്രായം സന്തോഷത്തോടെ സ്വീകരിക്കുന്നു. നന്ദി.

    ഷാരൂ നന്ദി.

    മിന്നാമിനുങ്ങുകള്‍ സജീ നന്ദി.

    ജെയിംസ് ബ്രൈറ്റ് നന്ദി.

    സുല്‍ നന്ദി. പാ‍ത്തുമ്മാന്റെ കഷ്‌ടകാലം തന്നെ.

    വേണു അതൊക്കെ ഒരു ട്രിക്കല്ലേ. :) നന്ദിട്ടോ..

    കുറ്റ്യാടിക്കാരന്‍ നന്ദി.

    അനൂപ് കോതനല്ലൂര്‍ നന്ദി.

    മാണിക്യം ചേച്ചീ‍ അതെ അല്ലേ. നന്ദി.

    രസികന്‍ രസിച്ചതില്‍ നന്ദി.

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com