Monday 8 December 2008

'ഇവിടെ നല്ല മീനുകള്‍ വില്‍‌ക്കപ്പെടും' പൊല്ലാപ്പായി.

അവുളക്കുട്ടി മീന്‍‌കച്ചോടം തൊടങ്ങിയത് അടുത്ത ദിവസം പൂട്ടിക്കെട്ടാന്‍ കാരണം? അതന്വേഷിച്ചപ്പോ അറിയാന്‍ പറ്റ്യേത് വല്ലാത്ത സത്യങ്ങളാണ്‌.
പണിയില്ലാതെ തേരാപാരാ വായ് നോക്കി കലുങ്കിലിരിക്കാന്‍ കൂട്ടുണ്ടായിരുന്ന ആത്മസുഹൃത്തുക്കളുടെ അനവസരോചിതമായ അഭിപ്രായങ്ങള്‍ മീന്‍ വാരിക്കോരി ഇടുന്നപോലെ മനസ്സിലിട്ടതായിരുന്നു അവുളക്കുട്ടീടെ മീന്‍ പീട്യ പൂട്ടിയിടാന്‍ ഹേതു.

നെലമ്പൂരങ്ങാടീലെ ഒരു കോണില്‍ ഓലമടക്ക് മേഞ്ഞ് കൊട്ടകളില്‍ നല്ല പെടക്ക്‌ണ ലങ്കിമറിയുന്ന മത്തീം അയലേം പുത്യാപ്ലകോരേം കുന്നൂട്ടിവെച്ച് ഒരു വെളുപ്പാന്‍ കാലത്ത് സ്വയം ഉല്‍ഘാടിച്ച് പ്രൊപ്രൈറ്റര്‍ അവുളക്കുട്ടി കച്ചോടം തൊടങ്ങിയത് മീന്‍ കച്ചോടത്തില്‍ സീനിയോരിറ്റി കൈയ്യടക്കിവെച്ച മാര്‍ക്കറ്റിലെ വമ്പന്‍ സ്രാവുകള്‍ ഒരു പരലിനെ എന്നപോലെ അവിഞ്ഞ നോട്ടത്തോടെയാണ്‌ വരവേറ്റത്. മുന്‍ഭാഗത്ത് ഒരു പലകക്കഷ്‌ണത്തില്‍ കരിക്കട്ട വെള്ളം കൂട്ടി കട്ടീല്‌ മേലോട്ട് മീന്‍‌വാലുപോലെ എഴുതിവെച്ചത് വായിച്ച് അവരില്‍ ചിലര്‍ റോഡില്‍ക്ക് നീട്ടിത്തുപ്പി.

'ഇവിടെ നല്ല മീനുകള്‍ വില്‍ക്കപ്പെടും'

ആദ്യദിവസം അത്രയൊന്നും കസ്റ്റമേഴ്സിനെ മൂപ്പര്‍ക്ക് കിട്ടീല. അപ്പറത്തെ വമ്പന്‍ സ്രാവുകള്‍ അവരെ ആകര്‍ഷിച്ച് വില്‍‌പന പൊടിപൊടിക്കുന്ന ഗുട്ടന്‍സ് സാകൂതം വീക്ഷിച്ച് അവുളക്കുട്ടി മുന്നിലെ കൊട്ടകളിലെ മത്തി, അയല, പുത്യാപ്ലകോരകളുടെ വട്ടക്കണ്ണുകളില്‍ നോക്കി വട്ടമിട്ട് പറക്കുന്ന ഈച്ചകളെ ഒരു മുഴുത്ത അയല എടുത്ത് വീശിയാട്ടി. മറ്റേവശം മ്യാവൂ പാടി കറങ്ങിനിന്ന ഒരു പൂച്ച കുടുംബത്തെ ഇടത്തെകാല്‍ കൊണ്ട് തട്ടി മാറ്റി.

അങ്ങനെ ഇരിക്കുമ്പോളതാ മണത്ത് കൊണ്ട് മറ്റൊരു കൂട്ടര്‍ പീട്യേടെ മുന്‍പില്‍..
കലുങ്കില്‍ പഞ്ചാരയടിച്ച് ഇരിക്കാറുള്ള കൂട്ടത്തിലെ ഒരു ചെങ്ങായ് അന്തം വിട്ട് അവുളക്കുട്ടീടെ തിരുമോന്തയില്‍ കണ്ണുകൊണ്ട് ചൂണ്ടകൊളുത്തി നില്‍ക്കുന്നു.

'എടാ ഹമുക്കേ! ഇജ്ജ് മീന്‍ കച്ചോടം തൊടങ്ങ്യേത് ഞമ്മളെ അറീച്ചിലല്ലോ?'

'അതൊരു സര്‍‌പ്രൈസായിക്കോട്ടെ ന്ന് ഞാനും ബിചാരിച്ച്. അനക്ക് തരാനിപ്പോ ഇബടെ ചായീം കടീം ഇല്ലാലോ. കൊറച്ച് മത്തി പൊയിഞ്ഞെടുക്കട്ടെ?'

'മത്തി അബിടെ ബെച്ചാളാ. അല്ല ഇജ്ജ് ഈ ബോഡിലെന്താ എയുതി ബെച്ചിക്ക്ണത്?'

ചെങ്ങായി കുറുനാടിക്കൊപ്പം അവുളക്കുട്ടീം പലകേല്‍ക്ക് നോക്കി. കുറുനാടി പൊന്തിയ പല്ലിളിച്ച് വല്ലാത്ത ചിരി, എന്നിട്ട് ഉറക്കെ അത് വായിച്ച്.

'ഇബടെ നല്ല മീനോള്‌ ബില്‍ക്കപ്പെടും'

'എന്തേയ്?'

'ഇജ്ജ് ഇബടെ അല്ലാതെ ബേറെ എബടേങ്കിലും മീന്‍ ബില്‍ക്ക്ണ്ടോ?'

'ഇല്ല'

'എന്നാല്‌ അതിലെ "ഇവിടെ" എന്നത് മാണ്ട. അത് മായ്ച്ച് കളയ്!'

അവുളക്കുട്ടി അബദ്ധം മനസ്സിലാക്കീട്ട് അത് മായ്ച്ചുകളഞ്ഞു.

'...... നല്ല മീനുകള്‍ വില്‍ക്കപ്പെടും'

കുറുനാടി പോയി. കൊറച്ചുകഴിഞ്ഞപ്പോ വേറെ ചെങ്ങായി ഖുര്‍ബാനികുഞ്ഞാലി അന്തം വിട്ട് വന്ന് ബോര്‍ഡ് വായിച്ച് തൂണും ചാരി ചിരിച്ച്.

'നല്ല മീനല്ലേ പഹയാ ഇജ്ജ് വില്‍ക്കണത്? മായ്ച്ച് കളയ്. ആള്വേള്‌ സംസയിക്കും.'

അവുള സംശയിച്ച് നിന്നിട്ട് ഒറ്റ ഡിലീറ്റല്‍.

'മീനുകള്‍ വില്‍ക്കപ്പെടും'

ഖുര്‍ബാനി തന്റെ പതിവുപാട്ട് 'കുര്‍ബാനി കുരുബാനി കുര്‍ബ്വാനീ..' പാടീട്ട് പാട്ടിനു പോയി.

കുറച്ചേരം കഴിഞ്ഞപ്പോ ദാ വരുന്നു കലുങ്കുഗ്യങ്ങിലെ കഞ്ചാവുറഷീദ് ചുണ്ടത്ത് എരീണ ബീഡി ഫിറ്റാക്കി ബോര്‍ഡിലെ വരികള്‍ വായിച്ച് തലയറത്ത് ആര്‍ത്താര്‍ത്ത് ചിരിപ്പടക്കം പൊട്ടിച്ചുനിന്നു. കൊട്ടേലെ മീനുകള്‍ക്ക് ഒരിറ്റ് ജീവനുണ്ടെങ്കില്‍ എപ്പ്ഴേ അവറ്റകള്‌ മുന്നിലെ ചാലിലെ അഴുക്കുവെള്ളത്തില്‍ക്ക് ചാടി മുങ്ങിയേനേം..!

'എടാ മഗുണകൊണാപ്പാ അവുളോട്ടീ.. ഇജ്ജ് ഇബടെ മീനുകള്‍ അല്ലേ വില്‍ക്ക്വണത്? അല്ലാതെ കോയീനേം ആടിനേം പോത്തിനേം അല്ലല്ലോ കുതിരേ??'

'അതു സെരിയാണല്ലോ. ഇഞ്ഞിപ്പം ദെത്താ ചെയ്യാ?'

കഞ്ചാറഷീദ് ബോര്‍ഡില്‍ക്ക് രണ്ട് ചാട്ടം വെച്ച് "മീനുകള്‍" മായ്ച്ചു. പുകവിട്ട് മറഞ്ഞു.

'വില്‍ക്കപ്പെടും' എന്ന ബോര്‍ഡിനുകീഴെ അവുളക്കുട്ടി ഒരു കസ്റ്റമറെങ്കിലും വരണേന്ന് കേണ്‌ ഇരിക്കുമ്പം അതാ അടുത്ത അവതാരം പ്രത്യക്ഷനായി.

ആഗു എന്ന ചെങ്ങായി ഏന്തിവലിഞ്ഞെത്തി ബോര്‍ഡിലെ 'വില്‍ക്കപ്പെടും' വായിച്ച് വാപൊളിച്ച് അവുളകുട്ടിയെ ആക്കിയൊരുനോട്ടം.

'ദെത്താ ഹമുക്കേ ഇജ്ജ് ഈ എയുതീക്ക്ണത്?'

'എന്തേയ് ആഗൂ?'

'ഇജ്ജ് ഇബടെ ബെറുതെ മീന്‍ കൊടുക്കുണുണ്ടോ?'

'ഇല്ലാ..'

'പിന്നെജ്ജ് ന്താ എയുതീക്ക്ണത്? വില്‍ക്കപ്പെടും ന്നോ?'

'എന്തെങ്കിലും ബോര്‍ഡ് മാണ്ടേ?'

'എട മണ്ടാ, ഇത് മാണ്ടാ. വില്‍ക്കാനല്ലാതെ ആരെങ്കിലും കച്ചോടം ചെയ്യോ. അയിന്റെ ആ എയുതീന്റെ ആവസ്യം ഇല്ല.'

ആഗു കൊട്ടേലെ മുഴുത്തൊരു അയല കൈയ്യിലെടുത്ത് അതുവെച്ച് പലകേലെ "വില്‍ക്കപ്പെടും" അമര്‍ത്തിമായിച്ചു കളഞ്ഞു. അപ്പുറത്തെ അടുക്കിവെച്ച തേക്കിന്‍ ഇലകളിലൊന്ന് എടുത്ത് പൊതിഞ്ഞ ആ അയലയുമായി ആഗു ബാഹര്‍ ഗയാ..

ശൂന്യമായ ബോര്‍ഡില്‍ നോക്കി നെടുവീര്‍പ്പിട്ട അവുളക്കുട്ടി ഇരുന്നിടത്തുനിന്ന് പൊങ്ങി മൂരിനിവര്‍ത്തി ഒന്നുമില്ലാത്ത ബോര്‍ഡ് പറിച്ചെടുത്ത് മീനുകളില്‍ വെള്ളമൂറി നോക്കിനിന്നിരുന്ന പൂച്ചഫാമിലിയെ നോക്കി ഒരേറുകൊടുത്ത് നെടുവീര്‍പ്പിട്ടു.

ചെങ്ങാതി നന്നായാല്‍ കണ്ണാടി അല്ല ബോര്‍ഡേ വേണ്ട എന്നാരോ എവിട്യോ പണ്ട് പറഞ്ഞത് എന്നായിരുന്നു? നോ ക്ലു..!

(അവലംബം: പഴേ ഒരു വിറ്റ് പുത്യേ രീതീലാക്കിയത്)

17 comments:

  1. ബലിപെരുന്നാളല്ലേ ഇതാ ഒരു കഥ പെരുന്നാള്‍ സമ്മാനമായിട്ട് പോസ്റ്റുന്നു.'ഇവിടെ നല്ല മീനുകള്‍ വില്‍‌ക്കപ്പെടും'

    ReplyDelete
  2. ഏറു ഇത് എവര്‍ ഗ്രീന്‍ വിറ്റാണല്ലോ.
    ഇതാണല്ലേ ആടിനെ പട്ടിയാക്കണ എടപാട്!!
    കസറീല്ലോ..


    ഈദ് മുബാറക്ക്...

    ReplyDelete
  3. ഇതില്‍ അവസാനം ഒരു ചങ്ങായി കൂടി വരും..എന്നിട്ട് പറയും..

    “എന്തണ്ടാ ഹമുക്കേ..ഒരു കച്ചോടാവുമ്പോ ഒരു ബോര്‍ഡ് ഒക്കെ ബേണ്ടേ..”ഇവിടെ നല്ല മീനുകള്‍ വില്‍ക്കപ്പെടും” എന്നൊരു ബോര്‍ഡ് ബലുതായിട്ടങ്ങനെ എയുതി ബെച്ചാ അനക്ക് ബല്ല കൊയപ്പോം ഇണ്ടാ?”

    ഏത്? തിരിഞ്ഞാ?....

    ReplyDelete
  4. എന്നിട് ബാക്കി വന്ന മീന്‍ എവിടെ പോയി ???

    ReplyDelete
  5. നല്ല നെയ്മത്തി പൊരിച്ചു തിന്നപൊലൊന്ടു... അടിപൊളി മോനേ ഏറനാടന്‍ കോയാ.....

    ReplyDelete
  6. പഴയ തീം മീന്‍ കൊട്ടയിലാക്കിയതാണെങ്കിലും അവതരണം നന്നായി

    പൊതു ജനം പലവിധം എന്നല്ലേ

    പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  7. ഏറനാടന്‍ ചേട്ടാ
    വായിക്കാന്‍ റൊമ്പം സുഖം

    ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍

    ReplyDelete
  8. eniku ishtamayi ningalude story...in
    nazeer from nilambur

    ReplyDelete
  9. enikishtaaay ninte gadha.....inganeryundo perutha mansanmaar

    nazeer nilambur

    ReplyDelete
  10. കാപ്പിലാന്‍ നന്ദീസ്

    പാമരന്‍ നന്ദിനന്ദി

    മാണിക്യം തന്നെ ഇതതെന്നെ നന്ദി..

    ശ്രീ താങ്ക്യു

    മൂര്‍ത്തീ അത് ബെസ്റ്റ് ക്ലൈമാക്സ്. നന്ദി.

    കൃഷ് :)

    ഉഗാണ്ട രണ്ടാമന്‍ :)

    നവരുചിയന്‍, എന്നിട്ടോ ബാക്കി മീന്‍ ചെങ്ങായീസ് പൊരിച്ചുതിന്നു. നന്ദി

    പകല്‍ കിനാവന്‍ താങ്ക്യൂ നന്ദി..

    ബഷീര്‍ വെള്ളറക്കാട് വളരെ നന്ദി

    ദീപക് രാജ് ഹ ഹ നന്ദി.

    ജേപീ വളരെ നന്ദി

    നസീര്‍ നിലമ്പൂര്‍ ഇനിയും വാ, നന്ദി.

    ReplyDelete
  11. ithu tharakkedilla eranaadaaaankaakaaa

    :)

    ReplyDelete
  12. Ningal Thamizh Cinemayile Parthipan - Vadivelu Combination scene copy - cheythathalle - Original cinem fan

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com