Tuesday, 24 February 2009

ശുനകന്‍ കള്ളനോട് പറഞ്ഞ കഥ.

"ഈ തണുത്ത കാറ്റുവീശുന്ന നിലാവുള്ള അന്തിനേരത്ത് വിഷാദമൂകനായി കിടക്കുന്ന ഈ വിഷാദരോഗിയായ വൃദ്ധനാം നായ അല്പനേരം എന്റെ അവസ്ഥ നിന്നോടൊന്ന് പറഞ്ഞോട്ടേ?"

അടുത്തെങ്ങും വീടുകളില്ലാത്ത വിജനമായ പ്രദേശത്തുള്ള ഓടിട്ട പഴയൊരു വീട്ടില്‍ വല്ലതും തടയുമോ എന്നറിയാന്‍ പമ്മി പമ്മി വന്ന കള്ളനോട് ആ വീട്ടുപറമ്പിലെ ഒരു മൂലയിലെ പൊളിഞ്ഞുതുടങ്ങിയ കൂട്ടില്‍ ക്ഷീണിച്ചവശനായ നായ യാചിച്ചപ്പോള്‍ കള്ളനും സഹതാപം തോന്നിയതില്‍ അതിശയോക്തിയില്ല.

"ശരി കേള്‍ക്കട്ടെ.. പക്ഷെ വേഗം കഥ അവസാനിപ്പിച്ചോളണം. എനിക്ക് നേരം വെളുക്കുന്നേനും മുന്നെ പണിതീര്‍ത്ത് മുങ്ങാനുള്ളതാ."

കള്ളന്‍ കൈയ്യിലെ ചാക്ക് നിലത്തുവിരിച്ച് ഒരു ബീഡിക്ക് തീകൊളുത്തി ആ ശുനകന്റെ കഥ കേള്‍ക്കുവാന്‍ സമീപത്ത് ചമ്രം പടിഞ്ഞിരുന്നു.

'നല്ലവനായ കള്ളനൊരു സംഗതി അറിയോ? എന്റെ നല്ലകാലത്ത് ആയിരുന്നേല്‍ നീ ഇങ്ങനെ എന്റെ അരികെ എന്നല്ല ഈ പറമ്പിന്റെ ഏഴയലത്തുപോലും വരാന്‍ ഞാന്‍ സമ്മതിക്കില്ലായിരുന്നു.'

കള്ളന്‍ സധൈര്യം നായയുടെ ചുളിവുവീണ തലയില്‍ തടവിക്കൊണ്ട് ചിരിച്ച് പുകവിട്ടു.

'അന്നൊക്കെ എനിക്ക് ഘനഗംഭീരമായ ഒച്ചയുണ്ടായിരുന്നു. തെണ്ടിപ്പട്ടികളൊക്കെ വാലും മടക്കി ഓടിമറയുന്നത് എത്ര കണ്ടിരുന്നു. ആഹ്.. ഞാന്‍ കഥ പറയാം.'

'ആ സ്വരം എന്റെ തൊണ്ടയില്‍ നിലച്ചുപോയിട്ട് അധികനാളൊന്നും ആയില്ല. എല്ലാം എന്നെ പൊന്നുംകട്ടി പോലെ പരിപാലിച്ചിരുന്ന യജമാനന്റെ അതിരുകവിഞ്ഞ മരുന്നുചികില്‍സ കാരണം..'

അന്നേരം മാനത്ത് പാല്‍നിലാവ് തൂകിയ ചന്ദ്രിക മേഘപാളികളില്‍ ഊളിയിട്ട് ഒളിച്ചുകളി നടത്തുന്നുണ്ട്. കാറ്റ് കുളിരുതൂകി വന്നും പോയുമിരുന്നു.

"വേഗം പറയ് എന്റെ നായേ. കേള്‍ക്കട്ടേ.."

"ഒരു കര്‍ക്കിടകക്കാലം. എന്റെ കുര നിറുത്താന്‍ കഴിയാതെ വന്നു. കുര എന്നുവെച്ചാല്‍ ഒരു ഒന്നൊന്നര കുരയാ. തൊണ്ടയില്‍ കിച്ച് കിച്ച് വന്നതെന്നാ യജമാന്‍ പറഞ്ഞത്. മൂപ്പര്‌ ഗള്‍ഫീന്ന് വന്ന ആരോ കൊണ്ടുകൊടുത്ത വലിയ വിക്സ് ഡബ്ബകളൊക്കെ എന്റെ തൊണ്ടയില്‍ തേച്ചുപിടിപ്പിച്ചു. അതൊക്കെ കാലിയായപ്പോള്‍ വിക്സ് മിഠായി ഒരു കുപ്പി മൊത്തം കൊടുന്ന് ഇടിച്ച് ഡോഗ് ബിസ്കറ്റും കൂട്ടിക്കുഴച്ച് എന്നെ നിര്‍ബന്ധിച്ച് തീറ്റിച്ചു."

കുറ്റിയായ ബീഡി കെടുത്തി കള്ളന്‍ നായയുടെ മുതുകെല്ലാം തടവിക്കൊടുത്ത് ഒന്നും ഉരിയാടാതെ കേട്ട് ഇരുന്നു.

"പിന്നീട് എന്റെ ഘോരശബ്‌ദം എന്നെ വിട്ടുപോയി പകരം മാര്‍ജാര സ്വരം തൊണ്ടയില്‍ കുടിയിരുന്നു. കുരയ്ക്കാന്‍ വേണ്ടി ശ്രമിക്കുന്നേരം വരുന്നത് മ്യാവൂ എന്ന പീക്കിരിസ്വരം. ഒരു നായയായ എനിക്ക് പിന്നെ എന്നെ ഭയപ്പെട്ടിരുന്ന സകലമാന പൂച്ചകളുടേയും കളിയാക്കല്‍ മൂലം നിവര്‍ന്ന് ഇരിക്കാനായില്ല."

"ശ്ശൊ എന്തൊരു വിധി!" കള്ളന്‍ നെടുവീര്‍പ്പിട്ടു.

"ദേശത്തെ പൂച്ചകളായ പൂച്ചകളൊക്കെ സമ്മേളിച്ച് പറമ്പിലെ പലയിടത്തും നിന്ന് മ്യാവൂ പാടി എന്നെ ചൊടിപ്പിച്ചത് കണ്ട് യജമാനും സഹിച്ചില്ല. അദ്ധേഹം അവറ്റകളെ തുരത്തിയോടിച്ചു."

"എന്നിട്ട്?"

"എന്നിട്ട് എന്റെ ഘോരയൊച്ച കിട്ടാന്‍ വേണ്ടി ഒരു വൈദ്യര്‍ കൊടുത്ത നായിക്കുരണ പരിപ്പും നായിക്കരിമ്പു പിഴിഞ്ഞതും ചേര്‍ത്ത കഷായം എന്നെ കുടിപ്പിച്ചതിന്‌ കണക്കില്ല. ഹൊ! അതിന്റെ ചവര്‍പ്പും കയിപ്പും ആലോചിച്ചിട്ട് ഇപ്പഴും ഓക്കാനം വരുന്നു."

അപ്പോള്‍ വീട്ടിനകത്തുനിന്ന് ഒരു ഞെരക്കം കേട്ട് കള്ളന്‍ ഒന്നു പേടിച്ച് എഴുന്നേറ്റപ്പോള്‍ വയസ്സന്‍ ശുനകന്‍ കള്ളനെ തൊട്ട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു.

"അതു കാര്യാക്കണ്ട. മരണം കാത്ത് കിടക്കുന്ന എന്റെ യജമാന്‍ കിടക്കയില്‍ ഉറക്കം വരാഞ്ഞ് ഞെരങ്ങിയതാ കേട്ടത്. എഴുന്നേല്‍ക്കാനോ ഒന്ന് കൈപൊക്കാനോ ശേഷിയില്ലാതെ കിടപ്പാ യജമാന്‍. കൂടെ പ്രായമായ യജമാശ്രീയും.."

കള്ളന്‍ ഒന്നൂടെ ധൈര്യം സംഭരിച്ച് ഒരു ബീഡിക്ക് തീ പിടിപ്പിച്ച് ഉഷാറോടെ നായയുടെ തലയില്‍ തോണ്ടി കഥ തുടരാന്‍ ശബ്‌ദം കൂട്ടി പറഞ്ഞു:

"ബാക്കി പറയ്. ധൃതിയൊന്നൂല്ല. ഇനി പണി അടുത്ത രാത്രിയാക്കാം."

'അങ്ങനെ വൈദ്യന്‍ കല്‍‌പിച്ച നായിക്കുരണ-ക്കരിമ്പ് കഷായം മോന്തിയിട്ട് പിന്നെ എന്റെ തൊണ്ടയില്‍ നിര്‍ഗളിച്ചത് അരോചകമായ ഒരു ഒരു..."

"ഒരു?" കള്ളന്‍ ചോദിക്കുന്നേനും മുന്‍പ് നായ തുടര്‍ന്നു.

"ഒരു മാതിരി മൂരിയും കാളയും അമറിയാല്‍ വരുന്ന ഒരു ശബ്‌ദം എന്റെ തൊണ്ട പുറപ്പെടുവിച്ചു."

"ശ്ശൊ."

"ഈ അമ്പേ.. ഒച്ചകേട്ട് പ്രദേശത്തെ കാള, പോത്ത്, മൂരി, പശു സംഘമായിട്ട് പറമ്പതിരില്‍ നിന്ന് കളിയാക്കി. ഞാന്‍ മനം നൊന്ത് മിണ്ടാട്ടമില്ലാതെ ആയി. പിന്നെ വിഷാദരോഗിയായി കിടപ്പിലായി."

കള്ളന്‍ തന്റെ ചാക്ക് എടുത്ത് വിഷാദവാന്‍ ആയ നായയെ പുതപ്പിച്ചു. ആ ചെറുചൂടില്‍ നായ നിലംതൊട്ട് കിടന്നുകൊണ്ട് തുടര്‍ന്നു.

"പിന്നെ ഞാന്‍ തൊണ്ട അനക്കി ഒന്ന് മിണ്ടിയത് ഇതാ ഇന്നാണ്‌. നിന്നെ കണ്ടപ്പോള്‍ മരിക്കുന്നേനും മുന്‍പ് എല്ലാം ഒരാളെങ്കിലും കേള്‍ക്കട്ടെ എന്നാഗ്രഹിച്ചു."

"കള്ളനായ ഞാന്‍ എന്താ പറയ്വാ? ഒക്കെ ശെരിയാവും എന്നോ ഒക്കെ അവസാനിക്കട്ടെ എന്നോ? അറിയില്ല എന്റെ ശുനകാ അറിയില്ല."

"എന്റെ വിഷാദം മാറ്റാന്‍ ഞാന്‍ യജമാന്‍ കുടിച്ചു കളയുന്ന മദ്യക്കുപ്പിയില്‍ ശേഷിച്ചത് നക്കിത്തുടച്ച് അകത്താക്കി ശീലമാക്കി. പതിയെ കള്ളുകുടിയനുമായി. യജമാന്‍ എന്നെ ഓര്‍ത്തോര്‍ത്ത് കിടപ്പിലും ആയി."

കള്ളന്‍ നിശ്വസിച്ച് സഹതപിച്ച് നായയുടെ ചാരത്ത് നീണ്ടുനിവര്‍ന്ന് കിടന്നുകൊണ്ട് അറിയിച്ചു:

"വല്ലാത്ത വിധിയായി നിന്റേം യജമന്റേം. ഈയ്യിടെ ഒരു സ്ലം ഡോഗ് ലോകമൊട്ടാകെ അറിയപ്പെടുന്ന മില്യണയര്‍ ആയതും ഇവിടെ ഒരു ഡോഗ് ആരോരുമറിയാത്ത പാപ്പര്‍ ആയതും ദൈവവിധി!"

അന്നേരം ദൂരെയെവിടേയോ ഒരു കാലന്‍‌കോഴിയുടെ കൂവല്‍ കേട്ടുതുടങ്ങി.

12 comments:

 1. "ഈ തണുത്ത കാറ്റുവീശുന്ന നിലാവുള്ള അന്തിനേരത്ത് വിഷാദമൂകനായി കിടക്കുന്ന ഈ വിഷാദരോഗിയായ വൃദ്ധനാം നായ അല്പനേരം എന്റെ അവസ്ഥ നിന്നോടൊന്ന് പറഞ്ഞോട്ടേ?"

  ReplyDelete
 2. രണ്ടാളുംകൂടി കഥേം പറഞ്ഞ് ഇതെങ്ങട്ടാ പോണേന്ന് വിചാരിച്ചു. അവസാന വരികള്‍ ഭീകരമായിപ്പോയി ട്ടാ :)

  ReplyDelete
 3. ഹായ് ഏറനാടന്‍,

  ഈ ആശയം സോ നൈസ്....

  ഒരു പരിഭവം പറയാനുണ്ട്, വലിയൊരു ആശയത്തെ ഒരു ചെറുകഥയായി ചുരുക്കിയതില്‍....

  ReplyDelete
 4. ഡോഗ് ആയാലും വിധി വേണം!

  ReplyDelete
 5. ഹെന്റമ്മോ അവസാനം കിടു...

  ReplyDelete
 6. ഏത് ഡോഗിനും ഒരു ഡേ ഉണ്ട്...

  ReplyDelete
 7. hha ha..
  nice concept... and story

  ReplyDelete
 8. ഒരു ചിന്ന സംഭവം, അല്ലെങ്കില്‍ ഒരു വരി, അതൊക്കെ മതി ഏറനാടന് ഒരു കഥ സൃഷ്ടിക്കാനെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നു. അബുദാബി മത്സരവും അത് തെളിയിച്ചതാണല്ലോ ?

  ഒരു സംശയം ?

  യജമാശ്രീ എന്ന ഒരു പ്രയോഗം ശരിക്കും ഉണ്ടോ ?

  ReplyDelete
 9. സത്യം പറയാല്ലോ..
  എനിക്കിത്‌ വായിചിട്ട്‌ കാര്യമായിട്ടൊന്നും തോന്നീല്ല...
  എന്റെ ആസ്വാദനശൈലിയുടെ കുഴപ്പമാകാം....

  സോറീ!

  ReplyDelete
 10. പ്രിയ ഉണ്ണികൃഷ്ണന്‍,സന്തോഷം. വളരെ നന്ദി..

  ശിവ സന്തോഷമുണ്ട്. കല്യാണത്തിരക്കിനിടയിലും ഇത് വായിച്ചല്ലോ. നന്ദി..

  ഏഴുത്തുകാരി വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി.

  പകല്‍‌കിനാവന്‍ ഞെട്ടിയല്ലേ? :) നന്ദ്രി..

  ചാണക്യന്‍ അതെയതെ ആ ഡേ കാത്ത് കിടക്കുന്ന ഡോഗാ ഇതിലെ ഡോഗ്. നന്ദി.

  ആര്യന്‍ താങ്ക്യൂ കം എഗൈന്‍..! :)

  നിരക്ഷരന്‍ നീരൂ നീ എവിടെപ്പോയി കിടക്കുവാ? അബുദാബീന്നും പോയിട്ട് കാലം ഏറെയായല്ലോ. വേഗം വന്നില്ലെങ്കില്‍...? ഇടിച്ചു ഷേയ്പ്പ് മാറ്റിക്കളയുംട്ടാ!!

  യജമാശ്രീ എന്ന വാക്കില്ലായെങ്കില്‍ ഇതാ എന്റെ വഹ മലയാളഫാഷയ്ക്ക് ഒരു പുത്യേ വാക്ക് ആയിക്കോട്ടേന്ന്!! നന്ദിഡാ നന്ദി. വേഗം വാ?

  സഞ്ചാരീ എന്താ മനസ്സിലാവാഞ്ഞേ? സാരമില്ല മനസ്സിലാക്കാന്‍ പറ്റുന്ന കഥകള്‍ ഞാന്‍ ഇനി തന്നോളാംട്ടോ.. :) ബാലരമേം പൂമ്പാറ്റേം ഒക്കെ ഒന്നുപൊടിതട്ടി എടുത്തോട്ടെ.. വെയിറ്റ്.. :)

  ReplyDelete
 11. പ്രിയയ്യുടെ കമന്റ് ഇഷ്ടപെട്ടു.ചെറിയ സംഭവങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ഏറനാടനുള്ള കഴിവ് പ്രശംസനീയം തന്നെ

  ReplyDelete
 12. കൊള്ളാട്ടോ ഡോഗ്പുരാണം.

  ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com