Sunday, 8 March 2009

ബ്ലോഗിണിയെ സന്ധിച്ച വേള!

ദുബായ് വിട്ടുവന്ന് ഇനിയെന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാതെ കഴിഞ്ഞുകൂടാന്‍ തുടങ്ങിയിട്ട് മാസം ഒന്ന് കഴിഞ്ഞ വേള. നാന, ചിത്രഭൂമി വാരികകള്‍ കരണ്ടുതിന്നുതീര്‍ത്ത് ഒരു ഉച്ചമയക്കത്തിന്റെ ആലസ്യത്തില്‍ മൊബൈല്‍ ഫോണ്‍ശബ്ദം കേട്ട് ഞാന്‍ ഈര്‍ഷ്യയോടെ 'ഹലോ' ചൊല്ലി.

'ഹലോ അറിയോ?' - ഒരു കിളിനാദം ആയിരുന്നു അത്.

ഇതേതാണാവോ എന്നറിയാതെ ഞാന്‍ ഉഴറിക്കിടന്നു. തലയിണ കെട്ടിപ്പുണര്‍ന്ന് മൊബൈല്‍ ചെവിയോടടുപ്പിച്ച് നാനയുടെ മുഖചിത്രത്തിലെ സുന്ദരിയാമൊരു നടിയുടെ അഴകുമേനി നോക്കി പലരേയും ഊഹിച്ചുപോയി. വല്ല പേരും പറഞ്ഞ് അവളാണോ എന്ന് ചോദിച്ച് പുലിവാല്‍ പിടിക്കേണ്ടാന്ന് കരുതി ചുമ്മാ ചിരിച്ചുകൊണ്ട് സുല്ലിട്ടു.

'ഒന്നോര്‍ത്തു നോക്ക്യേ ഏറാടാ' എന്നായി പിന്നെ ആ ചെല്ലക്കിളി.

'ഉം ഉം.. ഒരു ക്ലൂ?' എന്ന് ഞാനും.

'നാം ഓര്‍ക്കൂട്ടിലൂടെ പരിചയപ്പെട്ടതാ. പിന്നെ ഏറാടന്റെ കഥകള്‍ വായിച്ച് വിമര്‍ശിക്കാറുള്ള ഒരു ബ്ലോഗിണിയും.. മനസ്സിലായില്ലാ?'

'എന്റെ ബ്ലോഗിണീ ഇനി ക്ഷമയില്ല. പറയൂ ഭവതീടെ നാമം എന്താണ്‌?'

എന്റെ ക്ഷമ ശരിക്കും നശിച്ചു. ഉറക്കവും പോയിക്കിട്ടി. ആകെ ഉല്ലാസം പടര്‍ന്നുകയറി.

'അങ്ങനെ പേരൊന്നും ഇപ്പോ പറയാന്‍ പറ്റില്ല.'

??!

ഇനി ആരെങ്കിലും കളിപ്പീരുമായി ഇറങ്ങിയതാണോ എന്നെനിക്ക് തോന്നി. ശരിക്കും കലിപ്പും തോന്നിത്തുടങ്ങി.

'എന്റെ ഉച്ചമയക്കം കെടുത്താന്‍ തന്നെ തുനിഞ്ഞിറങ്ങിയ ബ്ലോഗിണീ, പേരു പറയാന്‍ മനസ്സില്ലാത്ത അനോണിനീ.. എന്നാ ഫോണ്‍ വെച്ചേച്ച് വല്ല പോസ്റ്റും ബ്ലോഗൂ.. ഞാന്‍ കിടന്നുറങ്ങിക്കോട്ടെ'

അതിനുത്തരമായി മധുരോദാത്തമായ കുറുകലോടെ ചിരി എന്റെ കാതില്‍ വന്നുപതിച്ചു.

'ഏറാടാ ഒരു കാര്യം ചെയ്യാവോ?'

ഓ അതാണോ. ദുബായീല്‌ പലരുടേയും പറ്റിക്കല്‍സ് കണ്ടിട്ടുണ്ട്. ഒരിക്കല്‍ എന്റെ മൊബൈലില്‍ ഒരു കിളിനാദം വന്നു. നല്ല ഇമ്പമാര്‍ന്ന കളമൊഴി. ആരോടെങ്കിലും പറയോ, പറയില്ലാലോ, എന്നാ പറയട്ടെ? എന്നൊക്കെ കൊഞ്ചിക്കുഴഞ്ഞ് ഒരു ചെല്ലക്കിളി നമ്മളെ വട്ടാക്കീട്ട് ഒടുക്കം ചോദിക്കുന്നത് എന്താന്നറിയോ? ഒരു അന്‍‌പത് പൈസ തര്വോ എന്ന്! അത് റിക്കാര്‍ഡ് ചെയ്ത മെസ്സേജ് ആയിരുന്നെന്ന് മനസ്സിലാക്കാന്‍ പലര്‍ക്കും ഒരു അബദ്ധമെങ്കിലും പിണയണം. ഞാനിപ്പഴും അതുപോലെ വല്ലതുമാവും എന്ന് കരുതി. പക്ഷെ..

'ഞാനിന്ന് വൈകിട്ട് അഞ്ചുമണിക്ക് ബീച്ച് റോഡിലെ കോഫിബീന്‍സിനു മുന്നില്‍ വരാം. ഏറാടന്‍ വരണം. അവിടെവെച്ച് സസ്പെന്‍സ് പൊളിക്കാം. എന്താ?'

'ശെരി. വന്നേക്കാം. പക്ഷെ, ഊരും പേരും അറിയാത്ത അനോണി ബ്ലോഗിണിയെ ഞാന്‍ എങ്ങനെ തിരിച്ചറിയും?'

വീണ്ടും മനം മയക്കുന്ന ചിരി മൊബൈലില്‍ കേള്‍ക്കായി.

'എന്റെ മണ്ടന്‍ ഏറാടാ, നേരില്‍ കണ്ടിട്ടില്ലേലും ഏറാടനെ എനിക്ക് കണ്ടാലറിയാലോ. അവിടെ വരൂ. ഞാന്‍ പിടിച്ചോളാം. ട്രീറ്റ് എന്റെ വക ആയിക്കോട്ടെ. ഓക്കേ?'

'ഓക്കെങ്കിലോക്കെ.'

ഫോണ്‍ കട്ടായി. ഞാന്‍ വാച്ചില്‍ നോക്കി. മൂന്നര മണി. ഇനി ഉറക്കം കിട്ടൂല. ഞാന്‍ മലര്‍ന്ന് കിടന്ന് അട്ടത്ത് നോക്കി ആലോചിച്ചു. അതാരാവും ആ ബ്ലോഗിണി? ഇഞ്ചിപ്പെണ്ണ്? ഹേയ് അല്ല. ഇഞ്ചി അമ്മാതിരി ട്രീറ്റ് ഒന്നും തരാന്‍ ആയിട്ടില്ല. കാന്താരിക്കുട്ടി? നോ. കൊച്ചുത്രേസ്യ? ഛായ്, നെവര്‍. കാണണം എന്നുണ്ടേലും ആ കത്തി സഹിക്കാന്‍ ഇനിയൊരു ജന്മം കൂടി വേണ്ടിവരുമെന്ന് അറിയാവുന്നതിനാല്‍ ഇത് കൊച്ചുത്രേസ്യ അല്ലാ. പ്രിയാ ഉണ്ണികൃഷ്ണന്‍? അവര്‍ അമേരിക്കായിലല്ലേ? കോഴിക്കോട്ട് കേന്ദ്രീകരിച്ച് ഏതാണിമ്മാതിരി അനോണി??

ഞാന്‍ എഴുന്നേറ്റ് കുളിക്കാന്‍ കയറി. കുളിയും കഴിഞ്ഞ് വസ്ത്രം മാറി ദുബായീന്ന് കൊണ്ടുവന്ന സ്പ്രേ പൂശി ഉടനെ നഗരത്തിലേക്ക് പുറപ്പെട്ടു. പതിനഞ്ചുമിനിറ്റ് ബസ്സില്‍ തൂങ്ങിക്കിടന്നാടി സിറ്റി എത്താറായപ്പോള്‍ മഴ ചാറാന്‍ തുടങ്ങി. ബസ്സില്‍ പലരും മഴയെ ശപിക്കുന്നത് കേട്ടു. എനിക്ക് ആഹ്ലാദമാണ്‌ തോന്നിയത്. ഇതുവരെ കാണാത്ത ഒരു പെണ്‍ സുഹൃത്തിനെ കാണാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ മഴ വരുന്നത് സിനിമയിലും കഥകളിലും മാത്രമല്ല ജീവിതത്തിലും അതിരസകരമാണ്‌ എന്നുതോന്നി.

പാളയം ചിന്താവളപ്പില്‍ ബസ്സില്‍ നിന്നും ഞാന്‍ തോരാമഴയിലേക്ക് ചാടിയിറങ്ങി. കുട ചൂടി അലസം പോകുന്നവരെ കണ്ടപ്പോള്‍ അസൂയ തോന്നാതിരുന്നില്ല. മൊബൈല്‍ എടുത്തു നോക്കുമ്പോള്‍ നാല്‌ മിസ്സ്ഡ് കാള്‍സ്. എല്ലാം ആ ബ്ലോഗിണീടെ നമ്പര്‍സ്. ടൈം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു! ഞാന്‍ മഴ നനഞ്ഞുകൊണ്ട് ഒരു ഓട്ടോയില്‍ ഓടിക്കയറി. ബ്ലോഗിണിയെ വിളിച്ച് പറഞ്ഞു. അവള്‍ അവിടെയല്ല അത്രേ. എന്നോട് അവള്‍ നില്‍ക്കുന്ന ഇടം പറഞ്ഞുതന്നു. ഓട്ടോ അങ്ങോട്ട് പാഞ്ഞു.

'അല്ലാ ബ്ലോഗിണീ. അവിടെ നില്‍ക്കുന്നോരുടെ കൂട്ടത്തില്‍ ഞാനെങ്ങനെ നിന്നെ കണ്ടുപിടിക്കും?'

'വെളുത്ത ചിരിദാറണിഞ്ഞ് നീലക്കുട പിടിച്ച് ഞാനിവിടെ നില്‍പ്പുണ്ട്. മഴ കാരണം ഇവിടെ നില്‍ക്കുന്നതാ. വേഗം വരില്ലേ?'

ഓട്ടോ മിഠായ് തെരുവിലൂടെ വെള്ളം തെറുപ്പിച്ച് മഴയത്ത് ആടിയുലഞ്ഞോടി. എന്റെ മനം തുള്ളിത്തുളുമ്പി. ഇതുവരെ കാണാത്ത ഓര്‍ക്കൂട്ടിലെ ബ്ലോഗിണിയെ സന്ധിക്കുവാന്‍ പോകുന്നേരം മഴയുടെ നൃത്തം നിറുത്താതെ തുടരട്ടെ എന്നാശിച്ചു.

(ശേഷം ഭാഗം ഉടനെ../)

11 comments:

 1. ലോക വനിതാദിനം പ്രമാണിച്ച് ഒരു പോസ്റ്റ്.

  "ഇനി ഉറക്കം കിട്ടൂല. ഞാന്‍ മലര്‍ന്ന് കിടന്ന് അട്ടത്ത് നോക്കി ആലോചിച്ചു. അതാരാവും ആ ബ്ലോഗിണി? ഇഞ്ചിപ്പെണ്ണ്? ഹേയ് അല്ല. ഇഞ്ചി അമ്മാതിരി ട്രീറ്റ് ഒന്നും തരാന്‍ ആയിട്ടില്ല. കാന്താരിക്കുട്ടി? നോ. കൊച്ചുത്രേസ്യ? ഛായ്, നെവര്‍. കാണണം എന്നുണ്ടേലും ആ കത്തി സഹിക്കാന്‍ ഇനിയൊരു ജന്മം കൂടി വേണ്ടിവരുമെന്ന് അറിയാവുന്നതിനാല്‍ ഇത് കൊച്ചുത്രേസ്യ അല്ലാ. പ്രിയാ ഉണ്ണികൃഷ്ണന്‍? അവര്‍ അമേരിക്കായിലല്ലേ? കോഴിക്കോട്ട് കേന്ദ്രീകരിച്ച് ഏതാണിമ്മാതിരി അനോണി??"

  ReplyDelete
 2. “ശെഷം ഭാഗം ഉടനെ.“

  ഇതൊരു കൊലച്ചതി ആയിപ്പോയല്ലൊ ഏറനാടാ

  ReplyDelete
 3. എനിക്കാളെ മനസ്സിലായി ;)

  ReplyDelete
 4. അഗ്രജാ ആളെ പിടികിട്ടിയെങ്കില്‍ ഇപ്പോ പറയല്ലേട്ടോ. ലാസ്റ്റ് പാര്‍ട്ട് കൂടി ഇട്ടോട്ടെ. എന്നിട്ട് സീക്രട്ട് പൊട്ടിക്കാം. :)

  കിച്ചൂ വിഷമിക്കാതിരി. ഉടനിടാം.

  ReplyDelete
 5. ...”കൊച്ചുത്രേസ്യ? ഛായ്, നെവര്‍. കാണണം എന്നുണ്ടേലും ആ കത്തി സഹിക്കാന്‍ ഇനിയൊരു ജന്മം കൂടി വേണ്ടിവരുമെന്ന് അറിയാവുന്നതിനാല്‍ ഇത് കൊച്ചുത്രേസ്യ അല്ലാ.

  -ഏറൂ,
  കടുപ്പായിപ്പോയി ട്ടാ!

  ReplyDelete
 6. എപ്പിഡോസ് ചതി. അല്ലെങ്കിലും സീരിയല്‍ നടനല്ലേ, ഇതു കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

  ReplyDelete
 7. അപ്പം ഈ ചുറ്റിക്കളി ഇന്നും ഇന്നലെം ഒന്നും തുടങ്ങിയതല്ല അല്ലേ?

  ReplyDelete
 8. കോഴിക്കോടൊരു ബ്ലോഗ്ഗിണി !!!
  സസ്പെന്‍സായല്ലോ..

  ReplyDelete
 9. അതാരാ ഈ നമ്മളറിയാത്ത ബ്ലോഗിണി? അടുത്ത ഭാഗം ഒന്നു വേഗമായ്ക്കോട്ടെ.

  ReplyDelete
 10. മാഷെ അടുത്ത ഭാഗം വേഗമകട്ടെ

  ReplyDelete
 11. സംഭവബഹുലമായ അടുത്ത എപ്പിസോഡ് അണ്ടര്‍ പ്രൊഡക്ഷന്‍, ഉടന്‍ വരും.. കാത്തിരിപ്പിന്‍!

  ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com