Saturday 23 October 2010

ആമിന്‍ താത്ത



ആമിന്‍ താത്ത -- എന്നേയും മൂന്ന്‍ പെങ്ങന്മാരേയും ജ്യേഷ്ഠനേയും അനുജനേയും കുഞ്ഞുനാള്‍ തൊട്ട്‌ വലുതാവും വരെ അവര്‍ പരിപാലിച്ചു. വര്‍ഷങ്ങളോളം ഞങ്ങളുടെ തറവാട്ടില്‍ അവര്‍ താമസിച്ചിരുന്നു. ഞങ്ങളുടെ ഉമ്മയ്ക്ക് അടുക്കളയില്‍ ഒരു സഹായിയും ആയിരുന്നു അവര്‍ .. വര്‍ഷങ്ങളോളം കല്ലട തറവാട്ടിലെ ഒരംഗം പോലെ കഴിഞ്ഞ്  അവിടെത്തെ എല്ലാ കാര്യങ്ങളും കണ്ടും കേട്ടും അവര്‍ ജീവിച്ചു.

പ്രതാപകാലങ്ങളില്‍ മരക്കച്ചവടക്കാരന്‍ ആയിരുന്ന വല്യാപ അന്ന് കൂപ്പില്‍ പണിഎടുത്തിരുന്ന ചെറുമികളില്‍ ചിലരെ സ്വന്തം തറവാട്ട് പേര് ചാര്‍ത്തിക്കൊടുത്തുവെന്നും അവരെ മതത്തില്‍ ചേര്‍ത്തുവെന്നും പറയപ്പെടുന്നു. അതിലൂടെ വന്ന പരമ്പരയിലെ ഒരു കണ്ണിയാവാം ഇവരും എന്ന് കരുതപ്പെടുന്നു. ആമിന്‍ താത്തയുടെ ഉപ്പ ഉമ്മ മറ്റ് കുടുംബക്കാര്‍ എന്നിവരെ കുറിച്ച് അത്ര അറിവില്ല. ഇന്നും അത് അത്ര വെളിപ്പെട്ടിട്ടുമില്ല.

എന്റെ കുഞ്ഞുനാളില്‍ ഉമ്മ ഉറങ്ങുന്ന സമയത്ത് ആമിന്‍ താത്ത നിലാവുള്ള രാത്രികളില്‍ അമ്പിളിയമ്മാമനെ കാണിച്ചുതന്ന് വെളിച്ചെണ്ണ ഒഴിച്ച് ഉപ്പിട്ട് ഉരുളയാക്കി വായില്‍ വെച്ച് തന്നിരുന്ന ചോറിന്‍റെ സ്വാദ്‌ ഇന്ന് ഈ അര്‍ദ്ധരാത്രിയില്‍ കണ്ണീരുപ്പ് കലര്‍ന്ന ഓര്‍മ്മകള്‍ ആയി.

എന്നും രാത്രി ഉറങ്ങണമെങ്കില്‍ എനിക്ക് അരികില്‍ ആമിന്‍ താത്ത വേണം.തലമുടിയിലൂടെ അവര്‍ വിരലോടിച്ച് ഈരും പേനും പരതും. അത് 'ശ് ശ് ശ് ' എന്ന ഒച്ചയോടെ പൊട്ടിക്കും. പിന്നെ അറിയാവുന്ന പഴങ്കഥകള്‍ പറഞ്ഞുതരും. അത് കേട്ട് പാതിയടഞ്ഞ കണ്ണുകളില്‍ അവരെ നോക്കി ആ ശോഷിച്ച കൈകള്‍ കൊണ്ടുള്ള തലോടല്‍ ആസ്വദിച്ച് കഥ തീരും മുന്നേ ഞാന്‍ ഉറക്കത്തില്‍ സുന്ദരസ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ടാവും...

കല്ലട തറവാട്ട് വീട്  വിറ്റ്‌, നാട് വിട്ട്, കോഴിക്കോട്ട് താമസം മാറിയതിനു ശേഷം ആമിന്‍ താത്തയെ കുറിച്ച് കൂടുതല്‍ ഒന്നും അറിയാന്‍ സാധിച്ചിരുന്നില്ല. ഇടയ്ക്ക് നിലമ്പൂര്‍ പോകുമ്പോള്‍ അവരുടെ കാര്യങ്ങള്‍ അവരുടെ അകന്ന ബന്ധുക്കള്‍ വഴി അറിഞ്ഞിരുന്നു. പെട്ടെന്ന് എത്തിപ്പെടാന്‍ പറ്റാത്ത ഒരു പ്രദേശത്തായിരുന്നു കുറേകാലമായിട്ട് അവര്‍ താമസിച്ച് പോന്നത്. ലക്ഷംവീട് കോളനിയില്‍ ഉള്ള ഒരു കൊച്ചുകൂരയില്‍ ഏകയായി കഴിഞ്ഞുകൂടിവരികയായിരുന്നു ആരോരും ഇല്ലാത്ത അവര്‍ .. 


രണ്ടുകൊല്ലം മുന്‍പ്‌ ഞങ്ങള്‍ നാട്ടില്‍ ഒരു ഹ്രസ്വസന്ദര്‍ശനം നടത്തിയപ്പോള്‍ അവരെ പോയി കണ്ടിരുന്നു. ആ കൂരയില്‍ ഒരു ഉച്ച തിരിഞ്ഞ വേളയില്‍ ഉമ്മയും ഞാനും അനുജനും അനിയത്തിയും കയറി ചെല്ലുമ്പോള്‍ തുറന്നിട്ട വാതിലില്‍ കൂടി അടുക്കളയുടെ വാതില്‍ക്കപ്പുറം തിരിഞ്ഞിരുന്ന് മീന്‍ വൃത്തിയാക്കി ഇരിക്കുന്ന ആമിന്‍ താത്തയെ വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ കണ്ടു. 

ഉമ്മയുടെ വിളി കേട്ട് തിരിച്ചറിഞ്ഞ അവര്‍ പ്രായാധിക്യം മറന്ന് എഴുന്നേറ്റ്‌ ഓടിയെത്തി അപ്രതീക്ഷിതമായി ഞങ്ങളെ കണ്ട് സന്തോഷത്തോടെ നോക്കി കണ്ണുകള്‍ നിറഞ്ഞു നിന്നു. എത്ര നിര്‍ബന്ധിച്ചിട്ടും അവര്‍ കൂടെ പോന്നില്ല. ആ കൊച്ചുകൂരയില്‍ തന്നെ കഴിഞ്ഞ് മരിക്കാന്‍ ആയിരുന്നു അവരുടെ ആഗ്രഹം.. ഒന്നോ രണ്ടോ വട്ടം മാത്രം അവര്‍ കോഴിക്കോട്ട് വന്നു, മടങ്ങി.

അസുഖം ബാധിച്ച അവസാനനാളുകളില്‍ അവര്‍ തനിക്ക്‌ ദാനം കിട്ടിയ കൊച്ചുപുരയും നാല് സെന്റ്‌ ഭൂമിയും പള്ളിക്കമ്മറ്റിക്ക്  കൊടുത്തു. വൃക്കരോഗിയായ ആമിന്‍ താത്ത മൂത്രം പോകാന്‍ ഇട്ടിരുന്ന പൈപ്പ്‌  പിടിച്ച് വളരെ പ്രയാസപ്പെട്ട് വേദന സഹിച്ച് അടുത്തുള്ള കടയില്‍ പോയി കഴിക്കാനുള്ള ചോറിനും കറിക്കുമുള്ളത്  വാങ്ങി വരുമായിരുന്നു എന്ന് അയല്‍പക്കക്കാര്‍ മുഖാന്തിരം അറിഞ്ഞപ്പോള്‍ .. പടച്ചവനേ.. എന്ന് അറിയാതെ ഞാന്‍ വിളിച്ചു.. അയല്‍ക്കാര്‍ അവരുടെ സഹായത്തിനു ഉണ്ടായി. 

തീരെ പുരയ്ക്ക് വെളിയില്‍ കാണാഞ്ഞ് ചെന്നുനോക്കിയ അയല്‍ക്കാര്‍ കണ്ടത്‌ നിശ്ചലയായി പായയില്‍ കിടക്കുന്ന ആമിന്‍ താത്തയെ. സുഖനിദ്രയില്‍ കിടക്കുംപോലെ..

ഇന്നലെ, (വെള്ളിയാഴ്ച, ഒക്ടോ-22, 2010) ആമിന്‍ താത്ത പരലോകം പൂകി..  അള്ളാഹു ആമിന്‍ താത്തയ്ക്ക് സ്വര്‍ഗ്ഗപൂങ്കാവനത്തില്‍ ഒരു ഇടം നല്കുമാറാകട്ടെ... ആമീന്‍ ...

16 comments:

  1. നിലാവുള്ള രാത്രികളില്‍ അമ്പിളിയമ്മാമനെ കാണിച്ചുതന്ന് വെളിച്ചെണ്ണ ഒഴിച്ച് ഉപ്പിട്ട് ഉരുളയാക്കി വായില്‍ വെച്ച് തന്നിരുന്ന ചോറിന്‍റെ സ്വാദ്‌ ...

    ReplyDelete
  2. ആമീന്‍ താത്തയെ പറ്റി എഴുതിയത് മനസ്സില്‍ കൊണ്ടു, വര്‍ഷങ്ങളായിട്ടൂള്ള ബന്ധം അതും കുഞ്ഞുനാളില്‍ തൊട്ടുള്ളത് .. ഇങ്ങനെ അവസാനിക്കുമ്പോഴും അവരുടെ ഓര്മ്മ അമ്പിളിയമ്മാവനെ പ്പോലെ സ്വാദുള്ള ചോറുരുളപോലെ എന്നും കൂടെയുണ്ടാവും
    ആമീന്‍ താത്തായുടെ ആത്മാവിനു നിത്യശാന്തി നേരുന്നു ...

    ReplyDelete
  3. Athmashanthi nerunnu.. Prarthanakalode...!!!

    ReplyDelete
  4. ഇങ്ങിനെ ഒരു കഥാപാത്രം എന്റെ ജീവിതത്തിലും ഉണ്ട്. ഇത് വായിച്ചപ്പോള്‍ അവരെ കുറിച്ചെഴുതാന്‍ ഒരു മോഹം.
    നന്ദി ഏറനാടാ.
    ഈ കുറിപ്പ് ഇഷ്ടപ്പെട്ടു.

    ReplyDelete
  5. മിക്കവർക്കുമുണ്ടാകും ആമിനാത്തയെ പോലുള്ള അമ്പിളിമാമന്റെ കഥപറഞ്ഞ് തരുന്ന പോറ്റമ്മപോലെയുള്ള ചില നല്ല മനുഷ്യരുടെ ചരിതങ്ങൾ,പക്ഷേ ഇവരെ സാധാരണ എല്ലാവരും മറന്നുപോക്കുകയാണ് പതിവ് കേട്ടൊ സലീഹ്.
    ഈ സമർപ്പണം എന്തായാലും നന്നായി...

    ReplyDelete
  6. എനിക്കും ഉണ്ട് ഇങ്ങിനെ ഒരു താത്തയെ പറ്റിയുള്ള ഓർമ്മ. മറിയകുട്ടി താത്ത. ചെറുവാടി പറഞ്ഞപോലെ ഒന്നു എഴുതി നോക്കാം
    ആമീന്‍ താത്തായുടെ ആത്മാവിനു നിത്യശാന്തി നേരുന്നു ...

    ReplyDelete
  7. ആമീന്‍
    കണ്ണീരില്‍ പങ്കു ചേരുന്നു

    ReplyDelete
  8. ഇത്തരം ഒട്ടേറെ ആമിൻ‌താത്തമാർ സഹോദരാ...സർവ്വശക്തൻ അവരുടെ പരലോക ജീവിതം സുഖകരമാക്കി കൊടുക്കുമാറാകട്ടെ.ആമീൻ.

    ReplyDelete
  9. നിങ്ങളുടെ ഒക്കെ പ്രാര്‍ത്ഥനകള്‍ കിട്ടുന്നു എന്നറിഞ്ഞതില്‍ എനിക്ക് ആശാസമായി. അവരുടെ ആത്മാവിന് സമാധാനം സ്വസ്തി..

    ReplyDelete
  10. hellow, it was a touching narration. May her soul rest in peace!
    visit my blog sometime ,it is vasanthi-blog.blogspot.com.
    talk to you later in orkut. take care.

    ReplyDelete
  11. മനസ്സിൽ തട്ടി ഈ കുറിപ്പ്....കഥകളിലൂടെയും പഴഞ്ചൊല്ലുകളിലൂടെയും എന്റെ ബാല്യത്തെ സമ്പുഷ്ടമാക്കിയിരുന്ന കൊച്ചമ്മമ്മയെ ഓർത്തുപോയി... :(

    ReplyDelete
  12. ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ 'ബ്ലോഗന'-യില്‍ ഈ പോസ്റ്റ്‌ പ്രസിദ്ധീകരിക്കപ്പെട്ടു. മാതൃഭൂമി അംഗങ്ങള്‍ക്ക്‌ എന്‍റെ നന്ദി.

    ReplyDelete
  13. മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിച്ചപ്പോഴാണ് എനിക്ക് ഈ ലിങ്ക് കിട്ടിയത്.. നന്നായിട്ടുണ്ട്..ജീവിത യഥാര്ത്യങ്ങളുടെ ലളിതമായ അവതരണം ...may Good God bless you.. Kamarudheen

    ReplyDelete
  14. ഹൃദയത്തെ സ്പര്‍ശിച്ച ഒരു വായനയായി ആമിനത്താത്ത

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com