Wednesday 22 November 2006

പൂച്ചയ്‌ക്കെന്താ കെട്ടിടമുണ്ടാക്കുന്നിടത്ത്‌ കാര്യം?

ഈ തണുപ്പുകാലം തുടങ്ങിയ അന്ന് തുടങ്ങിയതാ ഓഫീസിന്റെ തട്ടിന്‍മുകളില്‍ മാര്‍ജാരന്മാരുടെ ബഹളം! ബഹളംന്ന് പറയാന്‍ പറ്റൂല, കൊഞ്ചികുഴയലും കിന്നാരം പറച്ചിലും പിന്നെ മ്യാവൂ ഗീതങ്ങളും യുഗ്‌മ ഗാനങ്ങളും 'ടൈറ്റാനിക്‌' സിനിമയിലെ 'ടാപ്പ്‌' ഡാന്‍സ്‌ കളിക്കുന്ന ശബ്‌ദവും (നിര്‍മ്മാണ സ്ഥലത്തെ താത്‌കാലിക കാരവന്‍ ആയതിനാല്‍ ഉച്ചിയില്‍ പ്ലൈ കൊണ്ടുള്ള തട്ടിന്‍പുറമാണ്‌). ആകെ മൊത്തം ടോട്ടല്‍ പൂച്ചകളുടെ പൊടിപൂരം തന്നെ!

ഒരൊന്നൊന്നര മാസം മുന്‍പ്‌ രണ്ട്‌ 'മ്യാവു'കള്‍ പരിസരത്തൊക്കെ ചുറ്റിപറ്റി ഉലാത്തുന്നതും മുകളിലേക്ക്‌ നോക്കിനിക്കണതും കണ്ടതായിരുന്നു. ഇവരിവിടെ താവളമാക്കുമെന്ന് അന്ന് ലവലേശം വിചാരിച്ചതല്ല. ഇപ്പോള്‍ കണ്ടില്ലേ? രണ്ടല്ല, ഇവന്‍മാര്‌ ഇരട്ടിയിലിരട്ടിയായിരിക്കുന്നു!

സ്വൈരമായിട്ട്‌ ഇരുന്ന് ജോലിയും അതോടൊപ്പം ബ്ലോഗലും പിന്നെ ചില്ലറ ചാറ്റിംഗും നടത്താമെന്ന് ആഗ്രഹിച്ചെങ്കിലും സുഗമമായിട്ട്‌ നടത്താനീ മാര്‍ജാരന്മാര്‍ സമ്മതിക്കണ്ടേ? പൂച്ചയ്‌ക്ക്‌ അറീലല്ലോ ബൂലോഗമെന്താണെന്ന്! ചുമ്മാ സമീപത്തെ മുനിസിപ്പാലിറ്റിയുടെ കച്ചറ ഡ്രമ്മില്‍ കയറുക, കാണുന്നതൊക്കെ വലിച്ചുവാരി വെളിയിലിടുക, വല്ല എല്ലോ കോഴിക്കാലോ തപ്പിയെടുത്ത്‌ കറുമുറാ കടിച്ച്‌ അകത്താക്കുക, പിന്നെ തട്ടിന്‍പുറത്തേറി പ്രണയം തിമിര്‍ത്താടുക, മോങ്ങുക, പിന്നെ അതൊക്കെ തന്നെ മുഖ്യ ജ്വാലി... കാലാവസ്ഥയോ ആഹഹാ തികച്ചും അനുയോജ്യം.. ആനന്ദലബ്‌ധിക്കിനിയെന്ത്‌ വേണം? ഇനിയാരോ മുന്നത്തെ പോസ്‌റ്റിന്‌ കമന്റിയ പോലെ (സിമി ആണെന്ന് തോന്നുന്നു) സംശയിക്കേണ്ട "കഴുത കാമം കരഞ്ഞ്‌ തീര്‍ക്കുന്നുവെന്നൊക്കെ!" ആ ചൊല്ല് മാറ്റാന്‍ നേരമായി. കഴുത വെട്ടി പൂച്ച എന്നാക്കണം. ഇല്ലേല്‍ ഇവിടെ വരൂ സോദര-സോദരീമാരേ.. നേരില്‍ കാണുമ്പോള്‍ തിരിഞ്ഞോളും സംഭവം. ലജ്ജിക്കാന്‍ പൂച്ചകള്‍ക്ക്‌ അറിവില്ലാലോ. മിണ്ടാപ്രാണിയല്ലേ?

സഹികെട്ടിട്ടൊടുവില്‍ ഞാന്‍ എന്റെ ബോസ്സിനോട്‌ പരാതി പറഞ്ഞു. ബോസ്സും അസഹനീയമായിട്ട്‌ കാണപ്പെട്ടു. ഔദ്യോഗികമായി ഉടനെയൊരു എഴുത്ത്‌ മുഖ്യ കരാര്‍ കമ്പനിയിലോട്ട്‌ വിടാന്‍ ഉത്തരവിട്ടു. വെറുതെയിരുന്ന എനിക്കിട്ട്‌ തന്നെ പണി തന്നു. പൂച്ചകളേ ആനന്ദിക്കൂ, ഇന്നുകൂടി. നാളെ നിങ്ങള്‍ തുരത്തപ്പെടും.

എഴുത്ത്‌ ഞാന്‍ ടൈപ്പിയുണ്ടാക്കി. സേഫ്‌റ്റി ഓഫീസറുടെ അനാസ്ഥയില്‍ പണിസ്ഥലം ചിലര്‍ കൈയ്യേറിയതാണ്‌ വിഷയം. ആര്‍ക്കും സുരക്ഷിതമില്ലാത്ത അന്തരീക്ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും തലയിലേക്ക്‌ മച്ചില്‍ വിലസുന്ന മാര്‍ജാരസംഘം മൊത്തമായോ ചില്ലറയായോ വന്ന് പതിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ഇവയെ കുടിയൊഴിപ്പിക്കണമെന്നും ഞാന്‍ ഒരുത്തമ സെക്രട്ടറിയെന്ന നിലയ്‌ക്ക്‌ കത്തിലെഴുതി ചേര്‍ത്തു.

പക്ഷെ കത്ത്‌ പോയില്ല. അതിന്‌ മുന്‍പെ പണിക്കാരില്‍ ചിലരെത്തി പൂച്ചകളെ (പുകച്ചില്ലെങ്കിലും) പുറത്ത്‌ ചാടിച്ചു. ശരിക്കും പാവങ്ങള്‍! മനുഷ്യരുടെ സൗകര്യത്തിനിവരൊക്കെ എന്തുമാത്രം ത്യാഗം ചെയ്യുന്നു, അല്ലേ?

ഈ തണുത്ത നവംബറിന്റെ ഒടുവില്‍ ഇവര്‍ എങ്ങോട്ട്‌ പോകും. അവരും എങ്ങോട്ടെന്നറിയാതെ നെട്ടോട്ടമോടുന്നു. കൂട്ടത്തില്‍ പിഞ്ചുപൈതങ്ങളുമുണ്ട്‌. ലോകമേ തറവാട്‌!

തൊട്ടപ്പുറത്തെ പണിതുകൊണ്ടിരിക്കുന്ന വേറെയാരുടേയോ കെട്ടിട സ്ഥലം കണ്ടില്ലേ പൂച്ചകളേ? ആരോടും 'പൂച്ചാതെ' ചെന്ന് കുടിയേറുക. ബാക്കി കാര്യം 'കല്ലിവല്ലി'!

9 comments:

  1. "പൂച്ചയ്‌ക്കെന്താ കെട്ടിടമുണ്ടാക്കുന്നിടത്ത്‌ കാര്യം?"

    ReplyDelete
  2. പാവം പൂച്ചകള്‍

    ReplyDelete
  3. പാവം ഭൂമിയുടെ അവകാശികള്‍..

    -പാര്‍വതി.

    ReplyDelete
  4. എന്റെ പാറുവേ........
    ഫൂമിയുടെ അവകാസികള്‌ തന്നെ.ലേകിന്‍...നമ്മടെ തട്ടുമ്പുറത്തുകയറി കച്ചറയുണ്ടാക്കിയാല്‍ വെറുതെ വിടാനോ?
    ഇനിയിപ്പൊ സാക്ഷാല്‍ സിംബം തന്നെയയാലും റെഡിയാക്കണം
    NB:- കുRuക്കന്മാരെ ഇതില്‍ നിന്നും ഒഴിവാക്കിയിരിക്കുന്ന കാര്യം അറിയാമല്ലോ............?

    ReplyDelete
  5. ഈശ്വരന്‍മാരേ.................
    പൂച്ചകള്‍ ഇരുന്നതിനു മുകളില്‍ വേറെ ഒരാള്‍ ഇരിപ്പുണ്ടണ്ടണ്ടെന്ന്‌ ഓര്‍ത്തില്ലേ?
    എറനാടനോടു ദൈവം ചോദിച്ചോളും

    ReplyDelete
  6. രണ്ടീസം ബൂലോഗത്തീന്ന് ഞമ്മളൊന്ന് ലീവെടുത്ത്‌ സുഖായിട്ട്‌ കിടന്നുറങ്ങി. ഇന്നാ ഇവിടെ പൊങ്ങിയത്‌.
    അഗ്രജന്‍,പാര്‍വതി,കുRuക്കന്‍,പതാലി:- ഇങ്ങളെ അഭിപ്രായങ്ങള്‍ കണ്ട്‌ പെരുത്തിഷ്‌ടായി. മനസ്സിനൊരു കുളിര്‍മ.

    ReplyDelete
  7. ആരും ആരോടും ഒന്നും ‘പൂച്ചേണ്ട’
    ബാക്കിയെല്ലാം ‘കല്ലിവല്ലി’.

    രസിച്ചു :)

    -സുല്‍

    ReplyDelete
  8. താനിരിയ്ക്കേണ്ട ഇടത്തില്‍ താനിരുന്നില്ലെങില്‍ അവിടെ പൂച്ചകള്‍ കയറി ഇരിയ്ക്കുമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ!!

    ReplyDelete
  9. nannai
    tamasayum chiriyum
    jeevithathil anivaryamaya oru gadakam tanne....

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com